ഒട്ടും അദ്ഭുതപ്പെടുത്താത്ത, എന്നാൽ തീർത്തും അനാവശ്യമായ ഒരു തീരുമാനം ഉത്തർ പ്രദേശ് സംസ്ഥാന സർക്കാരിൽനിന്ന് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നു. സംസ്ഥാനത്ത് ഹലാൽ സ്റ്റിക്കർ പതിച്ച് ഒരു ഉൽപന്നവും വിൽക്കരുതെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന്റെ തീരുമാനം. അതായത് ഹലാൽ സ്റ്റിക്കർ പതിച്ച് മാംസമോ, ഏതെങ്കിലും ഭക്ഷ്യ ഉൽപന്നങ്ങളോ വിറ്റാൽ അത് നിയമ വിരുദ്ധമാവും. നിയമം ലംഘിക്കുന്നവർക്ക് പിഴയും തടവുമടക്കമുള്ള ശിക്ഷ ലഭിക്കും. സ്ഥാപനങ്ങൾ പൂട്ടും. എന്തായാലും കടുത്ത ശിക്ഷാ നടപടി ഉറപ്പാണ്.
പൊതുജനാരോഗ്യത്തെ കരുതിയാണത്രേ സർക്കാർ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. അപ്പോഴും യു.പിയിൽനിന്ന് കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങളിൽ ഹലാൽ സ്റ്റിക്കർ പതിക്കുന്നതിന് തടസ്സമില്ലെന്നൊരു വിരോധാഭാസവും ഉത്തരവിലുണ്ട്.ഉത്തരവ് പുറവപ്പെടുവിച്ചത് യോഗി സർക്കാർ ആയതുകൊണ്ട് ആർക്കും വലിയ അദ്ഭുതമൊന്നും തോന്നിയില്ല. സമൂഹത്തിൽ കുഴപ്പങ്ങളുണ്ടാക്കാൻ ഇതും ഇതിനപ്പുറവും ചെയ്യുമെന്ന് ഇതിനകം തെളിയിച്ച് കഴിഞ്ഞിട്ടുള്ളയാളാണ് അദ്ദേഹം. ഇവിടെ പക്ഷേ ഈ ഉത്തരവിൽ പ്രതിഷേധിച്ച് ആരും തെരുവിലിറങ്ങിയിട്ടില്ല. കല്ലേറോ, പോലീസ് വെടിവെയ്‌പോ, ബുൾഡോസർ ഇരമ്പമോ ഒന്നും ഉണ്ടായില്ല. അത്രയും ആശ്വാസം.
ഉത്തരവിന് പറയുന്ന കാരണമാണ് വിചിത്രം. പൊതുജനാരോഗ്യത്തെ കരുതിയാണത്രേ. ഉത്തർ പ്രദേശിൽ അടുത്ത കാലത്ത് ഹലാൽ ഭക്ഷണം കഴിച്ച് ആർക്കെങ്കിലും ഭക്ഷ്യവിഷബാധയോ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടായതായി വിവരമില്ല. അപ്പോൾ പിന്നെ എന്തിനീ ഹലാൽ സ്റ്റിക്കർ വിരോധം എന്നൊന്നും ചോദിക്കരുത്. പൊതുജനാരോഗ്യത്തിന് ഹാനികരമായ ഹലാൽ ഭക്ഷ്യവസ്തുക്കൾ കയറ്റി അയക്കുന്നതെന്തിന് എന്നും ചോദിച്ചേക്കരുത്. നമ്മുടെ നാട്ടുകാരുടെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യവസ്തുക്കൾ വിദേശത്തുള്ളവർ കഴിച്ച് അവരുടെ ആരോഗ്യം കേടുവരുത്തിക്കോട്ടെ എന്നാണോ യോഗി സർക്കാർ ഉദ്ദേശിച്ചത്. അങ്ങനെയുള്ള ഭക്ഷ്യവസ്തുക്കൾ കയറ്റി അയക്കുന്നത് നമ്മുടെ രാജ്യത്തിന് തന്നെ പേരുദോഷമാവില്ലേയെന്നും അതു നമ്മുടെ വിദേശ വ്യാപാരത്തിന് തിരിച്ചടിയാവില്ലേയെന്നും ആരും യോഗിയോടും ബി.ജെ.പി നേതാക്കളോടും ചോദിക്കരുത്. അല്ലെങ്കിലും വിവേകവും യുക്തിയുമൊന്നുമല്ലല്ലോ അവരുടെ തീരുമാനങ്ങളുടെയെല്ലാം ആധാരം.
മുസ്‌ലിംകളെ പ്രകോപിപ്പിക്കുക, അവരെ ബുദ്ധിമുട്ടിക്കുക എന്ന ഏക ലക്ഷ്യമാണ് ഈ ഉത്തരവിന് പിന്നിലെന്ന് ആർക്കും മനസ്സിലാവും. കാരണം ഹലാൽ ഭക്ഷണ വസ്തുക്കൾ, പ്രത്യേകിച്ചും മാംസവും മറ്റും വേണമെന്ന് നിഷ്‌കർഷയുള്ളത് അവർക്കാണല്ലോ. അത്തരം ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്നതും മുസ്‌ലിംകൾ നടത്തുന്ന കടകളാണ്. അപൂർവം ചില സൂപ്പർ മാർക്കറ്റുകളിലും മുസ്‌ലിം കസ്റ്റമർമാരെ ഉദ്ദേശിച്ച് ഹലാൽ ഭക്ഷ്യവസ്തുക്കൾ വിൽക്കാറുണ്ട്. മേലിൽ മുസ്‌ലിംകൾക്ക് താൽപര്യമുള്ള തരം ഭക്ഷ്യവസ്തുക്കൾ നൽകുന്ന പരിപാടി എന്റെ സംസ്ഥാനത്ത് വേണ്ടെന്നാണ് യോഗിജിയുടെ പുതിയ തീരുമാനം. ഇനി ആരെങ്കിലും ഹലാൽ ഭക്ഷണം വിറ്റാൽ അവന്റെ കട പൂട്ടിക്കും. ഇതിന്റെ പേരിൽ എവനെങ്കിലും തെരുവിൽ ഇറങ്ങുന്നെങ്കിൽ കാണട്ടെ, അവനെ പിടിച്ച് അകത്തിടും, അവന്റെ വീട് ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തും, കുടുംബത്തെ വഴിയാധാരമാക്കും... ഇങ്ങനെയൊക്കെയുള്ള വെല്ലുവിളികളാണ് യോഗിജിയുടെ ഉത്തരവിന് പിന്നിൽ.
ഹലാൽ എന്ന അറബി പദത്തിന്റെ അർഥം അനുവദനീയമായത് എന്നേയുള്ളൂ. അതായത് ദൈവം മനുഷ്യന് ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നത്. ഭക്ഷണം മാത്രമല്ല, മനുഷ്യൻ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നതും ഇടപഴകുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ദൈവഹിതം നോക്കേണ്ടത് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വിശ്വാസപരമായ ബാധ്യതയാണ്. ഉദാഹരണത്തിന് നമ്മുടെ സുഹൃത്തിന്റെയോ സഹോദരന്റെയോ വസ്ത്രം നമ്മൾ എടുത്ത് ധരിക്കുന്നത് അയാളുടെ സമ്മതത്തോടെയാണെങ്കിൽ ഹലാൽ, അല്ലെങ്കിൽ ഹറാം (വിലക്കപ്പെട്ടത്).
ഇനി ഭക്ഷണത്തിന്റെ കാര്യത്തിലാണെങ്കിൽ എവിടെയും സുലഭമായി ലഭിക്കുന്ന വെജിറ്റേറിയൻ ഭക്ഷണങ്ങളെല്ലാം ഹലാൽ തന്നെയാണ്. അതാര് കൃഷി ചെയ്തതാണെങ്കിലും ആര് പാകം ചെയ്തതാണെങ്കിലും ഒരു കുഴപ്പവുമില്ല. വൃത്തിയുണ്ടായിരിക്കണമെന്ന് മാത്രം. അതുപോലെ പാലും പാലുൽപന്നങ്ങളും മുട്ടയും മത്സ്യവുമെല്ലാം വൃത്തിയുണ്ടെങ്കിൽ ആരിൽനിന്നും വാങ്ങി കഴിക്കാം. മാംസമാണെങ്കിൽ മുസ്‌ലിം വിശ്വാസ പ്രകാരം അറുത്ത് രക്തം വാർന്ന് കളഞ്ഞതായിരിക്കണം. അല്ലാത്തത് കഴിക്കരുത്. ഇനി പന്നിമാംസമാണെങ്കിൽ അറുത്തതാണെങ്കിലും കഴിക്കരുത്. മദ്യവും മദ്യമോ അതുപോലുള്ള വസ്തുക്കളോ ചേർന്ന ഭക്ഷണവുമെല്ലാം നിഷിദ്ധമാണ്.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാണ് ഇന്ത്യയിലായാലും ലോകത്തെ മറ്റ് രാജ്യങ്ങളിലായാലും മുസ്‌ലിംകളിൽ നല്ലൊരു ശതമാനവും നൂറ്റാണ്ടുകളായി തങ്ങളുടെ ഭക്ഷ്യവസ്തുക്കൾ തെരഞ്ഞെടുക്കുന്നത്. അത് ഏതെങ്കിലും തരത്തിൽ ഇതര സമുദായക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കാര്യവുമല്ല. ഇന്ത്യയിൽ ഇക്കാലമത്രയും അങ്ങനെ ഉണ്ടായ സംഭവങ്ങളുമില്ല. എന്നിട്ടും ഹലാലിന്റെ പേരിൽ ഇത്ര കാർക്കശ്യത്തോടെയുള്ള ഉത്തരവുമായി യോഗി സർക്കാർ വരുന്നത് ഏതായാലും പൊതുജനാരോഗ്യം സംരക്ഷിക്കാനല്ല, രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ഹിന്ദുക്കൾക്കും മറ്റ് മുസ്‌ലിം ഇതര സമുദായങ്ങൾക്കുമിടയിൽ അനാവശ്യമായൊരു ഹലാൽ പേടി സൃഷ്ടിക്കുക. അവർക്ക് മുസ്‌ലിംകളെ വെറുക്കാൻ മറ്റൊരു കാരണം കൂടി ഉണ്ടാക്കിയെടുക്കുക. ഹലാലിനെതിരെയും മുസ്‌ലിംകൾക്കെതിരെയും ശക്തമായ നടപടികളെടുക്കുന്നത് മോഡിയും യോഗിയുമാണ്, അതുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പിൽ അവർക്ക് തന്നെ വോട്ട് എന്നൊരു മാനസികാവസ്ഥ സൃഷ്ടിക്കുക. വിലക്കയറ്റവും തൊഴിലില്ലായ്മയും ജനാധിപത്യ ധ്വംസനവും അഴിമതിയും അദാനി പ്രീണനവുമൊന്നും അവർ ചിന്തിക്കുകയേ ചെയ്യരുത്.
ഭക്ഷണത്തിന്റെ കാര്യത്തിൽ നിഷ്‌കർഷയുള്ളത് മുസ്‌ലിംകൾക്ക് മാത്രമൊന്നുമല്ല. ഹിന്ദുക്കളിൽ നല്ലൊരു ശതമാനവും വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നവരാണ്. ജൈനമത വിശ്വാസികൾ ഉള്ളി പോലും കഴിക്കില്ലെന്ന് കേട്ടിട്ടുണ്ട്. ജൂതമതക്കാർക്ക് അവരുടെ മതപരമായ ആചാരങ്ങൾക്കനുസരിച്ച് കോഷർ വിഭവങ്ങൾ വിളമ്പുന്ന റെസ്റ്റോറന്റുകൾ അമേരിക്കയിലും യൂറോപ്പിലുമൊക്കെയുണ്ട്. വെജിറ്റേറിയൻ ഭക്ഷണം കഴിച്ചാൽ നോൺവെജ് ആൾക്കാർക്ക് ഒന്നും സംഭവിക്കില്ല എന്നപോലെ, ഹലാൽ ഭക്ഷണം കഴിക്കുന്നതുകൊണ്ടും ആർക്കും ഒന്നും സംഭവിക്കില്ല.
എന്നാലും ഹലാൽ ഭക്ഷണമെന്നാൽ തങ്ങൾക്ക് ദോഷം ചെയ്യുന്ന എന്തോ സാധനമാണെന്ന തെറ്റിദ്ധാരണ ബോധപൂർവം ഹിന്ദുക്കളിലും മറ്റ് സമുദായങ്ങളിലും പരത്താനുള്ള ശ്രമങ്ങൾ നേരത്തെ തന്നെ ആരംഭിച്ചതാണ്. കേരളത്തിൽ ഹലാൽ എന്നാൽ മുസ്‌ലിയാർ ഊതിയ ഭക്ഷണമാണെന്നും ആ തുപ്പൽ തെറിച്ച് അശുദ്ധമായതാണെന്നും കള്ളപ്രചാരണം നടത്തിയത് ബി.ജെ.പിയുടെ ഉത്തരവാദപ്പെട്ട നേതാക്കൾ തന്നെയാണ്. അതിന്റെയൊക്കെ ഒരു തുടർച്ചയാണ് ഇപ്പോൾ കാണുന്നത്. പൊതുതെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാൽ യു.പിയിൽ ആരംഭിച്ച ഈ ഹലാൽ വിലക്ക് വൈകാതെ ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കാൻ ഇടയുണ്ട്.
സ്റ്റിക്കർ ഒട്ടിച്ചാലും ഇല്ലെങ്കിലും ഹലാൽ ഭക്ഷണം ആവശ്യമുള്ളവർ അതുതന്നെ സംഘടിപ്പിച്ച് കഴിക്കും എന്നറിയാത്തവരല്ല ഈ ഉത്തരവിന് പിന്നിൽ. അവർക്ക് വേണ്ടത് ഇതിന്റെ പേരിൽ തെരുവിൽ പ്രതിഷേധവും അക്രമങ്ങളുമൊക്കെയാണ്. അങ്ങനെ സംഭവിച്ചാൽ മാത്രമേ ഹലാൽ എന്നത് എന്താണെന്നു പോലും അറിയാത്ത പാവപ്പെട്ട ഹിന്ദുക്കളെ കൂടി മുസ്‌ലിംകൾക്കെതിരെ തിരിക്കാൻ പറ്റൂ. അതുണ്ടായില്ല എന്നത് നല്ല കാര്യം തന്നെ. ഇത്തരം തല തിരിഞ്ഞ തീരുമാനങ്ങളെ നിയമപരമായാണ് നേരിടേണ്ടത്. നല്ല വക്കീലന്മാരെ വെച്ച് കോടതിയെ കാര്യങ്ങളെക്കുറിച്ചുള്ള ശരിയായ വസ്തുത ബോധ്യപ്പെടുത്തുക. കോടതി വിധിയിലൂടെ ഇത്തരം തീരുമാനങ്ങളെ തിരുത്തുക. ഹലാൽ വിഷയത്തിൽ മാത്രമല്ല. മുസ്‌ലിംകളെ പ്രകോപിപ്പിക്കാനും സമ്മർദത്തിലാക്കാനും സർക്കാരുകളിൽനിന്നും ഇനിയും ഉത്തരവുകൾ വരും. അപ്പോഴും സംയമനം തന്നെയാണ് വേണ്ടത്. ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളും ബി.ജെ.പി, ആർ.എസ്.എസ് അജണ്ടകൾക്കനുസരിച്ച് ചിന്തിക്കുന്നവരല്ല എന്നതാണ് രാജ്യത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷ.