Sorry, you need to enable JavaScript to visit this website.

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവി നിര്യാതയായി

കൊല്ലം - സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവി നിര്യാതയായി. 96 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1927 ഏപ്രില്‍ 30നാണ് ജനനം. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ, വിവിധ സംസ്ഥാന ഗവര്‍ണര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചു.
പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്‌കൂളിലെ പഠനശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് തിരുവനന്തപുരം ലോ കോളേജില്‍നിന്ന് നിയമബിരുദവും കരസ്ഥമാക്കി. 
1950-ല്‍ അഭിഭാഷകയായി എന്റോള്‍ ചെയ്ത ഫാത്തിമ ബീവി 1958-ലാണ് മുന്‍സിഫ് ജഡ്ജിയായി നിയമിതയായത്. 1968-ല്‍ സബ് ജഡ്ജായും 1972-ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായും സ്ഥാനക്കയറ്റം ലഭിച്ചു. 1974-ല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയായി. 1983-ലാണ് ഹൈക്കോടതി ജഡ്ജിയായത്. 1989-ല്‍ രാജ്യത്തെ ആദ്യത്തെ വനിതാ ജസ്റ്റിസായി സുപ്രീം കോടതിയില്‍ നിയമിതയായി. മൂന്നുവര്‍ഷത്തിന് ശേഷം സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചു. 1997 മുതല്‍ 2001 വരെയുള്ള കാലയളവിലാണ് തമിഴ്നാട് ഗവര്‍ണറായി പ്രവര്‍ത്തിച്ചത്. 

 

Latest News