കണ്ണൂര്‍-കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. യൂണിയന്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനായാണ് ഉദയനിധി സ്റ്റാലിന്‍ കണ്ണൂരിലെത്തുന്നത്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ് ഇക്കാര്യം അറിയിച്ചത്.
വിദ്യാര്‍ഥികളിലേക്ക് മാനവികതയുടെയും സമഭാവനയുടെയും ആശയങ്ങളിലെത്തിക്കുക എന്നതാണ് മേളയുടെ പ്രാഥമിക ലക്ഷ്യം. സര്‍വകലാശാലയുടെ മുഖ്യകേന്ദ്രമായ താവക്കര ക്യാമ്പസില്‍ നവംബര്‍ 27, 28, 29 തീയതികളിലാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. നൂറോളം സെഷനുകള്‍ മേളയിലുണ്ടാവും. കേരളത്തിലും പുറത്തുമുള്ള വിഖ്യാതരായ എഴുത്തുകാരും ചിന്തകരും ഗവേഷകരുമായ നൂറോളം പേര്‍ പരിപാടിയുടെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
അനുശ്രീയുടെ കുറിപ്പ്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സര്‍വകലാശാലയുടെ മുഖ്യകേന്ദ്രമായ താവക്കര കാമ്പസില്‍ വെച്ച് 2023 നവംബര്‍ 27, 28, 29 തീയതികളില്‍ ഒരു സാഹിത്യോത്സവം സംഘടിപ്പിക്കുകയാണ്. സര്‍വകലാശാലാ വിദ്യാര്‍ഥികളിലേക്ക് മാനവികതയുടെയും സമഭാവനയുടെയും ആശയങ്ങളിലെത്തിക്കുക എന്നതാണ് ഈ മേളയുടെ പ്രാഥമികലക്ഷ്യം.
കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മുഖ്യധാരാ സാഹിത്യോത്സവങ്ങളില്‍ നിന്നു ഭിന്നമായി അന്വേഷണകുതുകികള്‍ക്ക് ആലോചനാമേഖലകള്‍ തുറന്നു കിട്ടുന്ന നിലയിലാണ് മേള സംവിധാനം ചെയ്തിരിക്കുന്നത്. ഉത്തരകേരളത്തിന്റെ സമ്പന്നമായ ബഹുസ്വരസംസ്‌കൃതിയെ അടയാളപ്പെടുത്തുക, മലയാള സാഹിത്യ/കലാവിഷ്‌കാരങ്ങളുടെ ചരിത്രവര്‍ത്തമാനങ്ങളിലൂടെ കടന്നുപോവുക, വര്‍ത്തമാനകാല രാഷ്ട്രീയ പരിതോവസ്ഥകളെ സൂക്ഷ്മമായി പരിശോധിക്കുക തുടങ്ങിയ താത്പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള നൂറോളം സെഷനുകള്‍ മേളയിലുണ്ടാവും. കേരളത്തിലും പുറത്തുമുള്ള വിഖ്യാതരായ എഴുത്തുകാരും ചിന്തകരും ഗവേഷകരുമായ നൂറോളം അതിഥികള്‍ മേളയില്‍ സംസാരിക്കും. സാഹിത്യോത്സവം സച്ചിദാനന്ദന്‍ മാഷും സമാപന സമ്മേളനം ഉദയനിധി സ്റ്റാലിനും ഉദ്ഘാടനം ചെയ്യും