(ചടയമംഗലം) കൊല്ലം - ഗൾഫിൽനിന്നെത്തിയ ഭർത്താവ് തൂങ്ങി മരിച്ചതിന് പിന്നാലെ രണ്ടു വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ ആയൂർ കുഴിയം സ്വദേശിയായ യുവാവാണ് ജീവനൊടുക്കിയത്. സംഭവത്തിൽ നിയമ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
ഭാര്യ തിരുവല്ല സ്വദേശിയായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നാണ് പറയുന്നത്. ഈ വിവരം അറിഞ്ഞെത്തിയ ഭർത്താവ് ഭാര്യയുമായി വഴക്കിട്ടിരുന്നു. തുടർന്ന് ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ നടന്നെങ്കിലും കാമുകനൊപ്പം പോകാനായിരുന്നു ഭാര്യയുടെ ആഗ്രഹം. ഇതിന്റെ മനോവിഷമത്തിലാണ് ഭർത്താവ് കടുംകൈ ചെയ്തതെന്നാണ് പറയുന്നത്.
കഴിഞ്ഞദിവസം വൈകീട്ടാണ് യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മരണവിവരം പുറത്തറിഞ്ഞ ഉടനെ ഭാര്യ കാമുകനൊപ്പം സ്ഥലം വിടുകയായിരുന്നു. യുവാവ് ജീവനൊടുക്കാൻ കാരണക്കാരായവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കുടുംബവും നാട്ടുകാരും ആവശ്യപ്പെട്ടു.