- അപകടത്തിൽപെട്ടത് ഉംറക്കു പുറപ്പെട്ട കുടുംബാംഗത്തെ യാത്രയാക്കി കരിപ്പൂരിൽനിന്ന് മടങ്ങിയവർ
(അടിവാരം) കോഴിക്കോട് - താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. ഉംറക്കു പോകുന്ന കുടുംബാംഗത്തെ യാത്രയാക്കി കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് മടങ്ങിയ മുട്ടിൽ പരിയാപുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പരിയാരം ഉപ്പൂത്തിയിൽ കെ.പി റഷീദ(38)യാണ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചത്. പരുക്കേറ്റ എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സന്നദ്ധ പ്രവർത്തകർ പറഞ്ഞു.
ഗുരുതരമായ പരുക്കേറ്റ റിയ(18), കാർ ഡ്രൈവർ ഷൈജൽ(23), ആസ്യ(42) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മുഹമ്മദ് ഷിഫിൻ സച്ചു(8), മുഹമ്മദ് ഷാൻ(14), അസ്‌ലം(22), ജിഷാദ്(20), മുഹമ്മദ് നിഷാദ് (19) എന്നിവരെ ഈങ്ങാപ്പുഴ മിസ്റ്റ് ഹിൽസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 9.30-ഓടെ വയനാട് ചുരം രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. കാറിന് മുകളിൽ പന മറിഞ്ഞുവീണതും കനത്ത മഴയും ഇരുട്ടും രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
കാറിന്റെ ഡോറുകൾ തുറക്കാനാവാത്തതിനാൽ മുക്കത്ത് നിന്നും കൽപ്പറ്റയിൽനിന്നുമുള്ള അഗ്‌നിശമന സേനയുടെ യൂണിറ്റുകളെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പോലീസും ചുരം സംരക്ഷണ സന്നദ്ധ പ്രവർത്തകരും ഉടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.