Sorry, you need to enable JavaScript to visit this website.

ആഘോഷിക്കാനാവാതെ  ഓസീസ് കളിക്കാര്‍

വിശാഖപട്ടണം - ലോകകപ്പ് വിജയം ആഘോഷിക്കാനാവാതെ വീണ്ടും ഓസ്‌ട്രേലിയ കളത്തിലിറങ്ങേണ്ടി വന്നതോടെ മത്സര ഷെഡ്യൂളുകളെക്കുറിച്ച് വന്‍ വിമര്‍ശനം. ഞായറാഴ്ച ലോകകപ്പ് സ്വന്തമാക്കി നാലാം ദിവസമാണ് ഇന്ത്യക്കെതിരെ അവര്‍ പരമ്പര തുടങ്ങുന്നത്. ടീമിന് ഓസ്‌ട്രേലിയയില്‍ സ്വീകരണം നല്‍കാന്‍ ഈ പരമ്പര കഴിയുന്നതു വരെ കാത്തിരിക്കണം. പരമ്പരയില്‍ കളിക്കാത്ത ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് ഉള്‍പ്പെടെ കളിക്കാര്‍ക്ക് തണുത്ത സ്വീകരണമാണ് ലഭിച്ചത്. ലോകകപ്പ് ട്രോഫി ഇന്ത്യയില്‍ വെച്ചാണ് അവര്‍ നാട്ടിലേക്ക് മടങ്ങിയത്. മുന്‍ വര്‍ഷങ്ങളില്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയന്‍ ടീമുകള്‍ക്ക് ആവേശോജ്വല സ്വീകരണങ്ങളൊരുക്കിയിരുന്നു. 
ലോകകപ്പ് കഴിഞ്ഞയുടനെ തങ്ങള്‍ പലവഴിക്ക് തിരിഞ്ഞുവെന്ന് വിക്കറ്റ്കീപ്പര്‍ അലക്‌സ് കാരി പറഞ്ഞു. കളിക്കാര്‍ക്ക് ആഘോഷിക്കാന്‍ മാത്രമല്ല, ലോകകപ്പ് കാലത്തെ കഠിനപ്രയത്‌നത്തിനു ശേഷം വിശ്രമിക്കാന്‍ കൂടി അവസരം നല്‍കേണ്ടതായിരുന്നുവെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കിള്‍ വോണ്‍ പറഞ്ഞു. ഇത് ആര്‍ത്തിയും അമിത ആസക്തിയുമല്ലാതെ മറ്റൊന്നുമല്ലെന്നും വോണ്‍ തുറന്നടിച്ചു. 

 

Latest News