ഇന്ത്യ x ഓസ്‌ട്രേലിയ
വിശാഖപട്ടണം, നാളെ 4.30
വിശാഖപട്ടണം - ലോകകപ്പ് ഫൈനലിന് തൊട്ടുപിന്നാലെ വീണ്ടും ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടമോ? കേട്ടതു തെറ്റിയതല്ല. ഇരു ടീമുകളും തമ്മിലുള്ള അഞ്ചു മത്സര ട്വന്റി20 പരമ്പര നാളെ വിശാഖപട്ടണത്ത് ആരംഭിക്കുകയാണ്. രണ്ടാമത്തെ മത്സരം ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കും. ലോകകപ്പ് ഫൈനല്‍ കളിച്ച ഏഴു പേര്‍ ഓസീസ് ടീമിലും മൂന്നു പേര്‍ ഇന്ത്യന്‍ ടീമിലുമുണ്ട്. ഈ വര്‍ഷം ഇരു ടീമുകളും തമ്മിലുള്ള നാലാമത്തെ പരമ്പരയാണ് ഇത്. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ഇന്ത്യയും ഓസ്‌ട്രേലിയയും നാലു മത്സര ടെസ്റ്റ് പരമ്പര കളിച്ചു. പിന്നാലെ മൂന്നു മത്സര ഏകദിന പരമ്പരയില്‍ ഏറ്റുമുട്ടി. ജൂണില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍ കളിച്ചു. ലോകകപ്പിന് രണ്ടാഴ്ച മുമ്പ് മൂന്നു മത്സര ഏകദിന പരമ്പരയില്‍ ഏറ്റുമുട്ടി. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരവും അവസാന മത്സരവും ഓസീസിനെതിരെയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇരു ടീമുകളും മൂന്നു മത്സര ട്വന്റി20 പരമ്പര കളിച്ചു.
ലോകകപ്പ് ടീമില്‍ നിന്ന് സൂര്യകുമാര്‍ യാദവ്, ഇശാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരെ മാത്രമേ ഇന്ത്യ നിലനിര്‍ത്തിയിട്ടുള്ളൂ. സൂര്യയാണ് ടീമിനെ നയിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി ലോകകപ്പ് ടീമിലെത്തിയ പ്രസിദ്ധ് പൂര്‍ണമായും റിസര്‍വ് ബെഞ്ചിലായിരുന്നു. ശുഭ്മന്‍ ഗില്‍ വിട്ടുനിന്ന രണ്ടു മത്സരങ്ങളില്‍ ഇശാന്‍ കളിച്ചു. ഈ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ ശ്രേയസ് അയ്യര്‍ കളിക്കും.
കൗതുകമെന്നു പറയാം, ലോകകപ്പ് ചാമ്പ്യന്മാരായ ഓസീസ് ലോകകപ്പ് ടീമിലെ ഏതാണ്ട് പകുതി പേരെ ഈ പരമ്പരയില്‍ കളിപ്പിക്കുന്നുണ്ട്. ലോകകപ്പ് ടീമിനൊപ്പം റിസര്‍വായി യാത്ര ചെയ്ത തന്‍വീര്‍ സംഗയും കളിക്കുന്നു. പുതുതായി ചേര്‍ന്ന ഏഴു പേരിലൊരാളായ മാത്യു വെയ്ഡാണ് ക്യാപ്റ്റന്‍. ലോകകപ്പ് വിജയത്തിന്റെ ലഹരിയടങ്ങും മുമ്പെ നാലു പേര്‍ക്കെങ്കിലും ഇന്ന് കളത്തിലിറങ്ങേണ്ടി വരും. ഡേവിഡ് വാണറും ടീമിലുണ്ടായിരുന്നുവെങ്കിലും പിന്നീട് പിന്മാറി.
അടുത്ത ട്വന്റി20 ലോകകപ്പിന് ആറു മാസമേ ബാക്കിയുള്ളൂ. ലോകകപ്പിന് മുമ്പ് ഈ പരമ്പരയിലെ അഞ്ചെണ്ണമുള്‍പ്പെടെ 11 ട്വന്റി20 കളേ ഇരു ടീമുകളും കളിക്കൂ. സഞ്ജു സാംസണ്‍ സെലക്ടര്‍മാരുടെ ശ്രദ്ധയില്‍ ഇപ്പോഴില്ലെന്നാണ് സൂചന. ഇശാന്‍ കിഷന് വിക്കറ്റ്കീപ്പറുടെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണ് ഇത്. റിസര്‍വായി ജിതേഷ് ശര്‍മയാണ് ടീമില്‍. യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്‌വാദ്, ഇശാന്‍ എന്നിവരില്‍ ആരെ ഓപണര്‍മാരാക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
വിശാഖപട്ടണത്ത് ഇന്ന് മഴക്ക് സാധ്യതയുണ്ട്. മാര്‍ച്ചില്‍ ഇവിടെ നടന്ന ഏകദിനത്തില്‍ ഓസീസ് 10 വിക്കറ്റിന് ജയിച്ചു. 2019 ല്‍ ട്വന്റി20യിലും അവര്‍ ഇന്ത്യയെ തോല്‍പിച്ചു. വിശാഖപട്ടണത്ത് കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് ഓസീസ് തോറ്റത്.
2021 നു ശേഷം ഇന്ത്യയെ നയിക്കുന്ന ഒമ്പതാമത്തെ കളിക്കാരനാണ് സൂര്യ. ഈ വര്‍ഷം ഹാര്‍ദിക്, ജസ്പ്രീത് ബുംറ, ഋതുരാജ് എന്നിവരും ഇന്ത്യയെ നയിച്ചിട്ടുണ്ട്. വെയ്ഡ് ട്വ്ന്റി20 ടീമിനെ ഏഴു തവണ നയിച്ചിട്ടുണ്ട്. അതിലൊന്ന് 2020 ല്‍ ഇന്ത്യക്കെതിരെയായിരുന്നു. 2022 ലെ ലോകകപ്പ് ഫൈനലില്‍ ആരണ്‍ ഫിഞ്ചിന് പരിക്കേറ്റപ്പോള്‍ ടീമിനെ നയിച്ചതും വെയ്ഡാണ്.