Sorry, you need to enable JavaScript to visit this website.

ബ്രസീല്‍ ഇല്ലാത്ത ലോകകപ്പോ?

റിയോഡിജനീറോ - 1950 ലോകകപ്പിലെ കലാശപ്പോരാട്ടത്തിലും കഴിഞ്ഞ കോപ അമേരിക്ക ഫൈനലിലും ബ്രസീലിന്റെ കണ്ണീര്‍ വീണ മാരക്കാനായിലെ ഐതിഹാസികമായ കളിക്കളത്തില്‍ മഞ്ഞപ്പട മറക്കാനാഗ്രഹിക്കുന്ന മറ്റൊരു രാത്രി.  ലോകകപ്പ് ഫുട്‌ബോളിന്റെ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബദ്ധവൈരികളായ അര്‍ജന്റീനയോട് അവര്‍ മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റു. തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ ബ്രസീല്‍ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്കു പോയി. അതിവേഗം തിരിച്ചുവന്നില്ലെങ്കില്‍ ആദ്യമായി അവര്‍ക്ക് ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ സ്ഥാനം നഷ്ടപ്പെട്ടേക്കും. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഹോം മത്സരത്തില്‍ ബ്രസീല്‍ ആദ്യമായാണ് തോല്‍ക്കുന്നത്. 
പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ബ്രസീല്‍. ആറ് ടീമുകള്‍ അടുത്ത ലോകകപ്പില്‍ ലാറ്റിനമേരിക്കയില്‍ നിന്ന് കളിക്കുമെന്നിരിക്കെ അവസാന സ്ഥാനത്താണ് അവര്‍. പ്രമുഖ കളിക്കാരുടെ പരിക്കും പരിശീലക സ്ഥാനത്തെ അനിശ്ചിതാവസ്ഥയുമൊക്കെ കാരണം ബ്രസീലിന് ഒന്നും ആസൂത്രണം ചെയ്യാനാവാത്ത അവസ്ഥയാണ്. കാര്‍ലൊ ആഞ്ചലോട്ടി ഈ സീസണിനൊടുവില്‍ കോച്ചായി വരുമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍. എന്നാല്‍ അതെക്കുറിച്ച് അദ്ദേഹം ഇതുവരെ പ്രതകരിച്ചിട്ടില്ല. 
അര്‍ജന്റീന ആറ് കളിയില്‍ 15 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ കളികളില്‍ ബ്രസീലിനെയും അര്‍ജന്റീനയെയും തോല്‍പിച്ച ഉറുഗ്വായ് മറുപടിയില്ലാത്ത മൂന്നു ഗോളിന് ബൊളീവിയയെ കീഴടക്കി രണ്ടാം സ്ഥാനം ഭദ്രമാക്കി. കൊളംബിയ 1-0 ന് പാരഗ്വായെ തോല്‍പിച്ചു. ഇക്വഡോര്‍ 1-0 ന് ചിലിയെയും പെറു അതേ മാര്‍ജിന് വെനിസ്വേലയെയും കീഴടക്കി. 

ഓടാമെന്‍ഡി ഹെഡര്‍
അറുപത്തിമൂന്നാം മിനിറ്റില്‍ ഡിഫന്റര്‍ നിക്കൊളാസ് ഓടാമെന്‍ഡി ചാടിയുയര്‍ന്ന് നേടിയ ഹെഡറിലാണ് അര്‍ജന്റീന ജയിച്ചത്. കഴിഞ്ഞ കളികളില്‍ ഉറുഗ്വായോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു. അര്‍ജന്റീനയും ലോകകപ്പ് നേടിയ ശേഷം ആദ്യമായി കഴിഞ്ഞ കളിയില്‍ ഉറുഗ്വായ്ക്കു മുന്നില്‍ കീഴടങ്ങിയിരുന്നു. 
ആദ്യ പകുതി സംഘര്‍ഷഭരിതമായിരുന്നു. 22 തവണ ഫൗളിന് റഫറി വിസിലൂതി. മൂന്നു തവണ മഞ്ഞക്കാര്‍ഡെടുത്തു. ബ്രസീലായിരുന്നു അല്‍പം നന്നായി കളിച്ചത്. ഇടവേളക്ക് തൊട്ടുമുമ്പ് ഗബ്രിയേല്‍ മാര്‍ടിനെല്ലിയുടെ ഷോട്ട് ഡിഫന്റര്‍ ക്രിസ്റ്റ്യന്‍ റോമിറൊ ഗോള്‍ലൈനില്‍ അടിച്ചകറ്റി. 
നെയ്മാര്‍, വനിസിയൂസ് ജൂനിയര്‍, ക്യാപ്റ്റന്‍ മാര്‍ക്വിഞ്ഞോസ്, കസിമീരൊ തുടങ്ങിയ കളിക്കാരുടെ അഭാവത്തിലും ബ്രസീല്‍ തന്നെയായിരുന്നു ഇടവേളക്കു ശേഷവും സമ്മര്‍ദ്ദം തുടര്‍ന്നത്. 47ാം മിനിറ്റില്‍ മാര്‍ടിനെല്ലി ഗോള്‍മുഖത്ത് കിട്ടിയ അവസരം പാഴാക്കി. അതിന് വലിയ വില നല്‍കേണ്ടി വന്നു. 63ാം മിനിറ്റില്‍ ജിയോവാനി ലോസെല്‍സോയുടെ കോര്‍ണര്‍ കിക്കാണ് ഓടാമെന്റി ചാടിയുയര്‍ന്ന് വലയിലേക്ക് ഹെഡ് ചെയ്തത്. ലക്ഷ്യത്തിലേക്കുള്ള അര്‍ജന്റീനയുടെ ഏക ഷോട്ടായിരുന്നു അത്. 
എഴുപത്തെട്ടാം മിനിറ്റില്‍ പകരക്കാരനായി വന്ന ജോലിന്റന്‍ മൂന്നു മിനിറ്റിനു ശേഷം റോഡ്രിഗൊ ദെ പോളിന്റെ മുഖത്തിടിച്ചതിന് ചുവപ്പ് കാര്‍ഡ് കണ്ടത് ബ്രസീലിന്റെ തിരിച്ചുവരവ് പ്രയാസകരമാക്കി. പന്ത് കൈവശം വെച്ച് അര്‍ജന്റീന കളി നിയന്ത്രിച്ചു. 


പോലീസ് ലാത്തി വീശി
ആവേശപ്പോരാട്ടത്തിന് മാരക്കാനാ തിങ്ങിനിറഞ്ഞിരുന്നു. 69,000 ടിക്കറ്റും നേരത്തെ വിറ്റഴിഞ്ഞിരുന്നു. നിരവധി ബ്രസീലുകാര്‍ മെസ്സിയുടെ ബാഴ്‌സലോണ, ഇന്റര്‍ മയാമി ജഴ്‌സി ധരിക്കുകയും മെസ്സിയെ അഭിവാദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ടീമുകളുടെ ദേശീയ ഗാനം മുഴങ്ങവെ മറ്റൊരു വിഭാഗം മെസ്സിയെ പരിഹസിക്കുകയും കൂവി വിളിക്കുകയും ചെയ്തു. ഇതോടെ അര്‍ജന്റീനാ ആരാധകരും ഇളകി. ഇരിപ്പിടങ്ങള്‍ വലിച്ചെടുത്ത് എറിഞ്ഞതിനാല്‍ ഒരു ഗോള്‍പോസ്റ്റിന് പിന്‍ഭാഗത്തായി ഇരുന്ന കാണികളില്‍ പലര്‍ക്കും പരിക്കേറ്റു. അവരെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തിവീശിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രണം വിട്ടു. ചോരയൊലിച്ച ഒരാളെ പുറത്തേക്കു കൊണ്ടുപോയി. ഗാലറി ശാന്തമായാലേ തിരിച്ചുവരൂ എന്ന് അര്‍ജന്റീന കളിക്കാര്‍ ഒഫിഷ്യലുകളെ അറിയിച്ചു. 
ബ്രസീല്‍ കളിക്കാര്‍ വാംഅപ് തുടര്‍ന്നെങ്കിലും അര്‍ജന്റീന കളിക്കാര്‍ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി. പോകുന്ന വഴിയില്‍ ഗാലറിയിലെ അര്‍ജന്റീന ആരാധകരോട് ശാന്തരാവാന്‍ അവര്‍ ആവശ്യപ്പെടുകയും പോലീസിനോട് ഇടപെടാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. 22 മിനിറ്റിനു ശേഷം തിരിച്ചെത്തിയ അര്‍ജന്റീന കളിക്കാര്‍ വീണ്ടും വാംഅപ് ചെയ്ത ശേഷമാണ് കളിയാരംഭിച്ചത്. അര്‍ജന്റീന ആരാധകര്‍ക്കു ചുറ്റും പോലീസ് വലയം തീര്‍ക്കുകയും ഗ്രൗണ്ടില്‍നിന്ന് അവര്‍ക്കു നേരെ നിരീക്ഷണം പാലിക്കാന്‍ കൂടുതല്‍ സേന എത്തുകയും ചെയ്തു. 
അര്‍ജന്റീന കളിക്കാര്‍ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയിരുന്നില്ലെങ്കില്‍ ബ്രസീല്‍ പോലീസ് ആരാധകരെ തല്ലിച്ചതക്കുകയും വന്‍ ദുരന്തം സംഭവിക്കുകയും ചെയ്‌തേനേയെന്ന് മെസ്സി പറഞ്ഞു. 

Latest News