ജിദ്ദ - സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ വെള്ളിയാഴ്ച ജിദ്ദയില്‍ പ്രഖ്യാപിക്കും. ഇതിനായ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ കല്ലായി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി.എം.എ സമീര്‍ എന്നിവര്‍ സൗദിയിലെത്തി.
നാഷണല്‍ കമ്മിറ്റി കൗണ്‍സിലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന നടപടികള്‍ ഇന്നാ(ബുധനാഴ്ച)ണ് പൂര്‍ത്തിയായത്. റിയാദില്‍ ആദ്യം 20 അംഗങ്ങളെ തെരഞ്ഞെടുത്തെങ്കിലും ഇന്ന് മുന്നുപേരെ കൂടി ചേര്‍ത്ത് സമവായത്തിലെത്തുകയായിരുന്നു. അംഗങ്ങളെ 15 ദിവസം മുമ്പെങ്കിലും തെരഞ്ഞെടുത്ത് കൗണ്‍സില്‍ ചേര്‍ന്നാണ് ഭാരവാഹികളെ തീരുമാനിക്കേണ്ടതെന്നാണ് ചട്ടം. എന്നാല്‍ വിവിധ പ്രവിശ്യ കമ്മിറ്റികളിലെ അഭിപ്രായവ്യത്യാസം ഇതിന് വിഘാതമായി. അന്തിമ കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുത്ത ശേഷം എതിര്‍ശബ്ദങ്ങള്‍ കെട്ടടങ്ങിയിട്ടില്ലെങ്കിലും നേതൃത്വം ഇനി അതൊന്നും കാര്യമാക്കാതെ ഭാരവാഹി പ്രഖ്യാപനത്തിലേക്ക് പോകും.
നാഷണല്‍ കമ്മിറ്റി ഭാരവാഹികളെ കണ്ടെത്താന്‍ നേതാക്കള്‍ മാരത്തോണ്‍ ചര്‍ച്ചകളാണ് നടത്തിയത്. കുഞ്ഞിമോന്‍ കാക്കിയ പ്രസിഡന്റ്, ഖാദര്‍ ചെങ്കള ജനറല്‍ സെക്രട്ടറി, അഹമ്മദ് പാളയാട്ട് ട്രഷറര്‍, അഷ്‌റഫ് വേങ്ങാട്ട് ചെയര്‍മാന്‍ എന്ന ഒരു പാനലും കുഞ്ഞി മോന്‍ കാക്കിയ പ്രസിഡന്റ്, അഷ്‌റഫ് വേങ്ങാട്ട് ജനറല്‍ സെക്രട്ടറി, അഹമ്മദ് പാളയാട്ട് ട്രഷറര്‍, കെ.പി മുഹമ്മദ് കുട്ടി ചെയര്‍മാന്‍ എന്നിങ്ങനെ മറ്റൊരു പാനലുമാണ് നേതാക്കളുടെ മുന്നിലുള്ളതാണ് വിവരം. ഇതില്‍ ആദ്യത്തെ പാനലിനാണ് നേതാക്കള്‍ മുന്‍ഗണന നല്‍കുന്നതെങ്കിലും ഇതിനെതിരെ മധ്യ, കിഴക്കന്‍ പ്രവിശ്യകളില്‍ നിന്ന് എതിര്‍പ്പുകളുയരുന്നുണ്ട്. പഴയ നേതാക്കളെ പൂര്‍ണമായും ഒഴിവാക്കി പുതിയ ഭാരവാഹകളെ കൊണ്ടുവരണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും അത് പരിഗണിക്കാനിടയില്ല. നിലവിലെ നേതാക്കള്‍ക്ക് നേരിയ സ്ഥാന ചലനം മാത്രമേ നടക്കുകയുള്ളൂ.
പുതിയ മെമ്പര്‍ഷിപ്പടിസ്ഥാനത്തില്‍ 55000 അംഗങ്ങളാണുള്ളത്. 38 പ്രവിശ്യ കമ്മിറ്റികള്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്താണ് നാഷണല്‍ കമ്മിറ്റി പ്രഖ്യാപനത്തിലേക്ക് നീങ്ങുന്നത്. 500 അംഗങ്ങള്‍ക്ക് ഒരു കൗണ്‍സിലര്‍ എന്ന നിലയില്‍ ഏകദേശം 110 കൗണ്‍സിലര്‍മാര്‍ നാഷണല്‍ കമ്മിറ്റിയിലുണ്ടാകും. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയില്‍ 16000, റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയില്‍ 10100, ദമാമില്‍ 7500 എന്നിങ്ങനെ മെമ്പര്‍ഷിപ്പാണുള്ളത്.
അതേസമയം റിയാദില്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിവിധ ജില്ലാ കമ്മിറ്റികള്‍ അര്‍ഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കമ്മിറ്റിയില്‍ ഇനി മാറ്റം ആവശ്യമില്ലെന്നാണ് റിയാദ് നേതാക്കളുടെ നിലപാട്. നാഷണല്‍ കമ്മിറ്റി നിലവില്‍ വന്ന ശേഷം ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് ഒരു ജില്ലാ കമ്മിറ്റി നേതാവ് പറഞ്ഞു.