Sorry, you need to enable JavaScript to visit this website.

കളമശ്ശേരി ഭീകരാക്രമണം: ഗൂഢശക്തികളെ പുറത്തു കൊണ്ടുവരണം -എസ്.ഡി.പി.ഐ

കൊച്ചി- ആറു പേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ഗൂഢശക്തികളെ പുറത്തുകൊണ്ടുവരണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയിൽ നടന്ന വലിയ ഭീകരാക്രമണങ്ങളിൽ ഒന്നാണിത്. ഫാസിസ്റ്റ് ചിന്താധാരയിൽ പ്രചോദിതരായി പ്രവർത്തിക്കുന്ന കാസ ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് സജീവമാണ്. സ്‌ഫോടനം നടന്നയുടൻ ഭീകരാക്രമണമാണിത് എന്ന പ്രതികരണവുമായി രംഗത്തുവന്ന ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ മാർട്ടിൻ പ്രതിയായി വന്നതോടെ പിന്നിലേക്കു പോയിരിക്കുന്നു. 
ഇത്ര ഭീകരമായ സ്‌ഫോടനം ഡൊമിനിക് മാർട്ടിൻ തനിയെ നടത്തിയതാണെന്നു വിശ്വസിക്കാൻ കഴിയില്ല. പോലീസ് അന്വേഷണം ഒരു വ്യക്തിയിലേക്കു മാത്രം ചുരുക്കിയിരിക്കുകയാണ്. ഫോറൻസിക് റിപ്പോർട്ട് വൈകുന്നതും മാർട്ടിന്റെ ഫോൺവിളികൾ പരിശോധിക്കാത്തതും ദുരൂഹമാണ്. ആറു നിരപരാധികൾ കൊല്ലപ്പെടുകയും അൻപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണം നിസ്സാരവൽക്കരിക്കുന്ന സമീപനം അപകടകരമാണ്. 
സായുധ പരിശീലനം നേടിയ ആയിരക്കണക്കിന് തീവ്രവലതുപക്ഷ ചിന്താഗതിക്കാർ സൃഷ്ടിക്കുന്ന കലാപ കലുഷിതമായ ഭീകര സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്. സാമൂഹിക മാധ്യമങ്ങളുൾപ്പെടെയുള്ള ചില മാധ്യമങ്ങൾ ആദ്യം ഭീകരകഥകൾ മെനഞ്ഞുണ്ടാക്കിയെങ്കിലും മാർട്ടിൻ കുറ്റമേറ്റെടുത്തതോടെ വാർത്തകൾ തമസ്‌കരിക്കപ്പെടുകയായിരുന്നു. യഹോവ സാക്ഷികളുടെ വികലമായ വിശ്വാസാചാരങ്ങളോടുള്ള പകയാണ് കളമശ്ശേരി ഭീകരാക്രമണത്തിന് പ്രചോദനമായതെന്ന മാർട്ടിന്റെ മൊഴി അവിശ്വസനീയമാണ്. 
ചില പ്രതീകങ്ങളെ ഉയർത്തിക്കാട്ടി സ്‌ഫോടനവും കലാപവും നടത്താൻ സജ്ജരായി ഒരു വിഭാഗം ഇവിടെയുണ്ട്. മക്ക മസ്ജിദ്, മലേഗാവ്, സംഝോദ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള സ്‌ഫോടനങ്ങളിൽ ആദ്യം മുസ്‌ലിം യുവാക്കളെ അറസ്റ്റു ചെയ്‌തെങ്കിലും പിന്നീട് സമഗ്രാന്വേഷണത്തിലൂടെ യഥാർഥ പ്രതികളായ സംഘപരിവാരം പിടിയിലാവുകയായിരുന്നു. കേരളത്തിൽ സമീപകാലത്ത് ആവർത്തിക്കുന്ന ട്രെയിൻ ആക്രമണം ദുരൂഹമാണ്. കുറ്റാരോപിതരുടെ പേരും വംശവും നോക്കി തീവ്രവാദ ആരോപണം നടത്തുന്ന നാട്ടിൽ വലിയ ഭീകരാക്രമണം നടന്നിട്ട് അതു സംബന്ധിച്ച് ഗൗരവമായ അന്വേഷണം നടക്കുന്നില്ല എന്നത് ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്തെ നടുക്കിയ ഭീകരാക്രമണത്തിലെ യഥാർഥ പ്രതികളെ കണ്ടെത്തുന്നതിന് സമഗ്രാന്വേഷണം നടത്തണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ എസ്ഡിപിഐ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ മുജീബും സംബന്ധിച്ചു.

Latest News