കൊച്ചി- സ്വകാര്യ റിസോട്ടുകളും ആഡംബര ഹോട്ടലുകളഉം കേന്ദ്രീകരിച്ച് രഹസ്യമായി നടത്തുന്ന റേവ് പാര്‍ട്ടികളില്‍ മയക്കുമരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തിലെ മുഖ്യ ഇടനിലക്കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ എക്‌സൈസ് പിടിയില്‍.
കാക്കനാട് പടമുഗള്‍ ഓലിക്കുഴി സ്വദേശി ഓലിക്കുഴി വീട്ടില്‍ സലാഹുദ്ദീന്‍ ഒ. എം (മഫ്‌റു- 35), പാലക്കാട് തൃത്താല കപ്പൂര്‍ സ്വദേശി പൊറ്റേക്കാട്ട് വീട്ടില്‍ അമീര്‍ അബ്ദുല്‍ ഖാദര്‍ (27), കോട്ടയം വൈക്കം വെള്ളൂര്‍ പൈപ്പ്ലൈന്‍ സ്വദേശി ചതുപ്പേല്‍ വീട്ടില്‍ അര്‍ഫാസ് ഷെരീഫ് (27) എന്നിവരാണ് എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ടീം, എറണാകുളം ഐബി, എറണാകുളം റേഞ്ച് പാര്‍ട്ടി, അങ്കമാലി റേഞ്ച് പാര്‍ട്ടി എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് അത്യന്തം വിനാശകാരിയായ യെല്ലോ മെത്ത് വിഭാഗത്തില്‍പ്പെടുന്ന 7.5 ഗ്രാം എം. ഡി. എം. എ കണ്ടെടുത്തു.
മയക്കുമരുന്ന് ഇടപാട് നടത്തി ലഭിച്ച ഒരു ലക്ഷത്തി അയ്യായിരം രൂപയും മൂന്ന് സ്മാര്‍ട്ട് ഫോണുകളും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. ഉപഭോക്താക്കള്‍ക്കിടയില്‍ 'ഡിസ്‌കോ ബിസ്‌കറ്റ്' എന്ന കോഡിലാണ് ഇവര്‍ മയക്കുമരുന്ന് കൈമാറിയിരുന്നത്.
രാത്രിയില്‍ മാത്രം മയക്കുമരുന്നുമായി പുറത്തിറങ്ങുന്ന ഇവര്‍ ഉപഭോക്താക്കളുടെ തന്നെ വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ചാണ് ഓരോ സ്ഥലത്തേക്കും മയക്കുമരുന്ന് കൈമാറാന്‍ പോയിരുന്നത്.
റേവ് പാര്‍ട്ടികളില്‍ മയക്കുമരുന്ന് എത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ചിരുന്നത് അടിപിടി ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മഫ്‌റു എന്നറിയപ്പെടുന്ന സലാഹുദ്ദീനാണ്. റേവ് പാര്‍ട്ടികളിലെ രാസലഹരിയുടെ വിതരണം പൂര്‍ണ്ണമായും ഏറ്റെടുത്തിരുന്നത് ഈ മൂവര്‍ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള സംഘമായിരുന്നു. ഇവര്‍ വഴിയാണ് പ്രധാനമായും ബാംഗ്ലൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് നിശാ പാര്‍ട്ടികളില്‍ രാസലഹരി എത്തിയിരുന്നത് എന്ന എക്‌സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തെ തന്നെ ലഭിച്ചിരുന്നു. നേരത്തെ പിടിയിലായവരില്‍ നിന്നും സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആര്‍ക്കും അറിയില്ലായിരുന്നു.
ഓണ്‍ലൈന്‍ റൂം എടുത്ത് പകല്‍ മുറിയില്‍ കഴിഞ്ഞ ശേഷം രാത്രിയോടെ മയക്കുമരുന്ന് എത്തിച്ച് നല്‍കുന്നതായിരുന്നു വില്‍പ്പനയുടെ രീതി. ഓണ്‍ലൈന്‍ ആയി വ്യത്യസ്ത ആളുകളുടെ പേരില്‍ മുറി ബുക്ക് ചെയ്ത് ഒന്നോ രണ്ടോ ദിവസം മാത്രം താമസിച്ച ശേഷം അടുത്ത സ്ഥലത്തേയ്ക്ക് താമസം മാറും. ഇവരുടെ പ്രധാന ഇടനിലക്കാരനായ ഒരു യുവാവ് എക്‌സൈസ് സ്‌പെഷ്യന്‍ ആക്ഷന്‍ ടീമിന്റെ പിടിയിലായതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന ഒരു നിശാ പാര്‍ട്ടിക്ക് വേണ്ടി ഓര്‍ഡര്‍ ചെയ്ത മയക്കുമരുന്ന് എടുക്കാന്‍ സംഘം ബാംഗ്ലൂരിലേക്ക് പോയതായി മനസ്സിലാക്കിയ എക്‌സൈസ് സംഘം നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്ക് എറണാകുളം ടൗണ്‍ നോര്‍ത്തില്‍ ട്രെയില്‍ വന്നിറങ്ങിയ മൂവരേയും എക്‌സൈസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. എക്‌സൈസ് സംഘം പിന്‍തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ മൂവരും പ്ലാറ്റ്‌ഫോമില്‍ നിന്ന് റെയില്‍വേ ഫുഡ് ഓവര്‍ ബ്രിഡ്ജ് വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
ഐബി ഇന്‍സ്‌പെക്ടര്‍ എസ്. മനോജ് കുമാര്‍, എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് കുമാര്‍, അങ്കമാലി ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗ്ഗീസ്, ഐബി പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി. അജിത്ത്കുമാര്‍, ശ്യാം മോഹന്‍, വിപിന്‍ ബാബു, സിറ്റി മെട്രോ ഷാഡോയിലെ സി. ഇ. ഒ. എന്‍. ഡി. ടോമി, സി. ഇ. ഒ ഡി. ജെ. ബിജു, പി. പത്മഗിരീശന്‍, വിപിന്‍ ദാസ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.