കേരളത്തിൽ സമൃദ്ധമായ തോറിയം ശേഖരം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ഒരു ആണവ നിലയം സ്ഥാപിക്കാൻ അനുവദിക്കണമെന്നാണ് മന്ത്രി കൃഷ്ണൻ കുട്ടി കേന്ദ്ര മന്ത്രി ആർ.കെ.സിംഗിന് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ആണവ നിലയം അത്യാവശ്യമാണോ എന്ന വിഷയത്തിൽ പൊതു സമൂഹം ആദ്യം ചർച്ച ചെയ്യട്ടെ.
കേരളത്തിൽ വൈദ്യുതി ക്ഷാമം ഇപ്പോഴില്ലെന്നതാണ് സത്യം. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വരെ ഇതായിരുന്നില്ല അവസ്ഥ. അങ്ങനെയൊരു സാഹചര്യത്തിലാണ് ഡീസൽ ജനറേറ്ററുകൾ സ്ഥാപിച്ചത്. അന്നൊക്കെ മലപ്പുറം മുതൽ കാസർകോട് വരെ വടക്കൻ ജില്ലകളിൽ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായിരുന്നു പലപ്പോഴും. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വൈദ്യുതി മന്ത്രിയായ 90 കളുടെ അവസാനത്തിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ കാര്യമായ ശ്രമമുണ്ടായി. പവർ കട്ടും ലോഡ് ഷെഡിംഗുമെല്ലാം പഴങ്കഥയായി. എന്നിരുന്നാലും കേരളത്തിൽ ബസ് യാത്രാ നിരക്ക് വർധിപ്പിക്കുന്നത് പോലെയാണ് ഇടക്കിടെയുള്ള വൈദ്യുതി നിരക്ക് വർധന. ഇപ്പോഴത്തെ സർക്കാരിനാണെങ്കിൽ ഇക്കാര്യത്തിൽ പ്രത്യേക അനുകൂല സാഹചര്യവുമുണ്ട്. എന്തിന്റെ നിരക്ക് വർധിപ്പിച്ചാലും ആരും ചോദിക്കാനും പറയാനുമില്ല. കഴിഞ്ഞ ഏഴര വർഷമായി പ്രക്ഷോഭകാരികൾ വിശ്രമത്തിലാണ്. ഈ പ്രതിഭാസം രണ്ടര വർഷം കൂടി തുടരും.
ഈ വർഷം സംസ്ഥാനത്ത് മികച്ച മഴയാണ് ലഭിച്ചത്. ജൂണിലൊക്കെ മഴ ഒന്ന് അറച്ചു നിന്നു. പിന്നീട് നല്ലവണ്ണം മഴ ലഭിക്കുകയുണ്ടായി. നവംബർ മാസം തീരാറായപ്പോഴും പല ജില്ലകളിലും മഴ തകർത്തു പെയ്യുകയാണ്. ഓണക്കാലത്ത് മഴ ഏതാണ്ട് നിലച്ചു പോയ സാഹചര്യമുണ്ടായി. എല്ലാ നികുതികളും ഇഷ്ടം പോലെ കൂട്ടുന്ന സർക്കാർ മുൻപിൻ നോക്കാതെ കരന്റ് ചാർജ് കൂട്ടുമെന്നായിരുന്നു എല്ലാവരുടേയും ആശങ്ക. അപ്പോഴേക്കും വീണ്ടുമെത്തി യഥേഷ്ടം മഴ. അത് മലയാളികൾക്ക് അനുഗ്രഹമായി. പദ്ധതി പ്രദേശങ്ങളിൽ ആവശ്യത്തിന് വെള്ളം കിട്ടി. എന്നിട്ടും കേരളം കരന്റ് ചാർജ് കൂട്ടി. യൂനിറ്റിന് ഇരുപത് പൈസ നിരക്കിൽ വൈദ്യുതി ചാർജ് കൂട്ടിയത് ആർക്കും വിഷയമല്ലെന്നാണ് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി ഇതേക്കുറിച്ച് പറഞ്ഞത്.
ഇനി വർഷാവർഷം മാർച്ച് മാസത്തിൽ വൈദ്യുതി നിരക്ക് കൂട്ടുമെന്ന് അദ്ദേഹം പ്രജകളെ അറിയിക്കുകയും ചെയ്തു. ഇതേ മന്ത്രി പിന്നിട്ട വാരത്തിൽ ദൽഹിയിൽ ചെന്ന് കേന്ദ്ര ഊർജ മന്ത്രി ആർ.കെ. സിംഗിനെ സന്ദർശിച്ചിരുന്നു. സിപിഎം നേതൃത്വത്തിലുള്ള കേരള സർക്കാരിന്റെ നിർദേശം സമർപ്പിക്കാനായിരുന്നു കൂടിക്കാഴ്ച. വളരെ കുറഞ്ഞ പ്രാധാന്യത്തോടെ ചില പത്രങ്ങളിൽ ഇതേക്കുറിച്ച് വാർത്ത വന്നു. ഏതെങ്കിലും ഒരു ജില്ലയിൽ വില്ലേജ് ഓഫീസോ, റേഷൻ കടയോ അനുവദിക്കണമെന്ന് മന്ത്രി പുംഗവൻ ആവശ്യപ്പെട്ടുവെന്ന പ്രതീതി ജനിപ്പിക്കും വിധമാണ് വാർത്ത വന്നത്. സംസ്ഥാനത്തെ സമൃദ്ധമായ തോറിയം ശേഖരം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ഒരു ആണവ നിലയം സ്ഥാപിക്കാൻ അനുവദിക്കണമെന്നാണ് കേന്ദ്ര മന്ത്രി ആർ കെ സിംഗിന് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടത്.
കേരള തീരത്ത് രണ്ടു ലക്ഷം ടൺ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്ക്. ഇത് ഫലപ്രദമായി വിനിയോഗിച്ചാൽ സംസ്ഥാനത്തിന് വൻ സാമ്പത്തിക നേട്ടമുണ്ടാക്കാം. ഇത് കണക്കിലെടുത്താണ് മന്ത്രിയും സംഘവും ആവശ്യം ഉന്നയിച്ചത്. കൽപാക്കം ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന്റെ (ബാർക്) സഹകരണത്തോടെ തോറിയത്തിൽ അധിഷ്ഠിതമായ ആണവ നിലയം പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ ഉന്നതതല ഉദ്യോഗസ്ഥ സംഘം ഈ മാസം അവസാനം ബാർക് മേധാവിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റിപ്പോർട്ട് കൂടി ചേർത്ത് അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കാനും നീക്കമുണ്ട്.
കഴിഞ്ഞ മാസം കേന്ദ്രം വിളിച്ചുചേർത്ത സംസ്ഥാന വൈദ്യുതി വകുപ്പ് മേധാവികളുടെ യോഗത്തിലും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി തോറിയത്തിൽ അധിഷ്ഠിതമായ ആണവ നിലയം സ്ഥാപിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മന്ത്രി കൃഷ്ണൻ കുട്ടി കേന്ദ്ര വൈദ്യുതി മന്ത്രി ആർ.കെ.സിംഗുമായി ദൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യം ആവർത്തിക്കുകയാണ് ചെയ്തത്. ആണവ നിലയം സ്ഥാപിക്കാൻ അനുമതി നൽകണമെന്ന് കേരളം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്രം
പ്രതികരിച്ചില്ലെന്നത് ശ്രദ്ധേയമാണ്. കായംകുളത്തെ താപവൈദ്യുത നിലയത്തിൽ ഉൽപാദനം നിർത്തിയതിനാൽ അവിടെ ആണവ നിലയം സ്ഥാപിക്കാനാണ് വൈദ്യുതി ബോർഡിന്റെ ആലോചന. ജനസാന്ദ്രതയേറിയ സംസ്ഥാനമായതിനാൽ കേരളത്തിൽ ആണവ നിലയം സ്ഥാപിക്കുന്നതിനോട് കേന്ദ്രത്തിന് യോജിപ്പില്ലെന്നാണ് സൂചന. കേരളം ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമാണ്. പ്രത്യേകിച്ച് ആലപ്പുഴ ജില്ലയിലെ കായംകുളമൊക്കെ. ആണവ നിലയത്തിന്റെ അഞ്ചു കിലോ മീറ്റർ ജനവാസം തന്നെ പാടില്ലെന്നുണ്ട്. സംസ്ഥാന സർക്കാർ പദ്ധതിക്ക് അനുയോജ്യമെന്ന് കരുതുന്ന കായംകുളത്ത് 1150 ഏക്കർ ഭൂമി എൻടിപിസിയുടെ കൈവശമുണ്ട്.
385 മെഗാവാട്ട് ഉൽപാദന ശേഷിയുണ്ടായിരുന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയം 2021 ൽ അടച്ചുപൂട്ടി. ഇവിടെ 1180 ഏക്കർ ഭൂമിയുണ്ട്. ഇത് ഉപയോഗപ്പെടുത്തി തോറിയം ആണവ പ്ലാന്റുകൾ സ്ഥാപിക്കാനാണ് വൈദ്യുതി ബോർഡിന്റെ ആലോചന. 30 മുതൽ 50 മെഗാവാട്ട് വരെ വൈദ്യുതി ശേഷിയുള്ളതായിരിക്കും നിലയങ്ങൾ. രാജ്യത്തെ ഏറ്റവും വലിയ തോറിയം കരുതൽ ശേഖരമാണ് കേരളത്തിലുള്ളതെന്നും ആണവോർജം ഉൽപാദിപ്പിക്കുന്നതിന് സ്റ്റോക്ക് ഉപയോഗപ്പെടുത്തുന്നത് സംസ്ഥാനത്തിന്റെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി (വൈദ്യുതി) കെ ആർ ജ്യോതിലാൽ പറയുന്നു.
കേരളത്തിൽ കൂടുതൽ തോറിയം നിക്ഷേപമുള്ളത് ചവറ തീരത്തെ കരിമണലിലാണ്. പരമ്പരാഗത റിയാക്ടറുകളേക്കാൾ ചെറിയ മോഡുലാർ റിയാക്ടറുകൾക്കാണ് സംസ്ഥാനം മുൻഗണന നൽകുന്നതെന്ന് ജ്യോതിലാൽ വ്യക്തമാക്കി. ചെറുകിട മോഡുലാർ റിയാക്ടറുകൾക്ക് ഒരു യൂനിറ്റിന് 30-300 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുണ്ട്. പദ്ധതി ഉയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളികൾ ആശങ്കയുളവാക്കുന്നതാണ്.
രാജ്യത്തുടനീളമുള്ള നിരവധി ആണവ നിലയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ സി.പി.എം ഉണ്ടായിരുന്നുവെന്നതാണ് ചരിത്രം. ഇന്ത്യ-യുഎസ് ആണവ കരാറിന്റെ പേരിൽ 2008 ൽ യുപിഎ സർക്കാരിനുള്ള പിന്തുണ പാർട്ടി പിൻവലിച്ചിരുന്നു.
മഹാരാഷ്ട്രയിലെ ജെയ്താപൂർ ഉൾപ്പെടെയുള്ള ആണവ നിലയങ്ങൾക്കെതിരെ സമര മുഖത്ത് അണികളെ അണിനിരത്തുകയും അമേരിക്കയുടെ ആണവ താൽപര്യങ്ങൾക്കെതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ഒന്നാം യു പി എ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ഇതിന്റെ പേരിൽ സോമനാഥ് ചാറ്റർജിയെന്ന മുതിർന്ന നേതാവിനെ തള്ളിക്കളയുകയും ചെയ്ത പാർട്ടിയാണ് സി പി എം.
ഏകദേശം 11 വർഷം മുമ്പ് 2012 ലാണ് കൂടംകുളം സമരം മൂർധന്യത്തിലെത്തിയത്. തെക്കൻ തമിഴ്നാട്ടിലെ ജനം ഒന്നടങ്കം സമരത്തിന്റെ എരിതീയിലേക്ക് എടുത്തു ചാടിയിരിക്കുന്ന സ്ഥിതിവിശേഷമായിരുന്നു. ആണവ നിലയത്തിന് പരിസരത്ത് മാസങ്ങളായി സമരം ചെയ്യുന്ന ജനം ഭരണകൂടത്തിന്റെയും പോലീസിന്റെയും നടപടികളെ വെല്ലുവിളിച്ച് കടലിലിറങ്ങി വരെ സമരം നടത്തി. സമരക്കാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ പീഡിപ്പിച്ചത്. ജനങ്ങൾക്ക് വേണ്ടാത്ത വികസനവും പദ്ധതികളും എന്തിന് ഭരണകൂടം ജനങ്ങളുടെ മേൽ അടിച്ചേൽപിക്കുന്നുവെന്ന സാമാന്യ ചോദ്യത്തിന് ഭരണകൂടം ഉത്തരം പറയുന്നില്ലെന്ന് മാത്രമല്ല, വികസനം അനിവാര്യമാണെന്ന കടുംപിടിത്തത്തിൽ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ ഉറച്ചുനിൽക്കുകയുമാണ്. നീതിന്യായ സംവിധാനവും മുഖം തിരിച്ചു നിന്നതോടെ അക്ഷരാർത്ഥത്തിൽ കൂടങ്കുളം സമരക്കാർ നിരാലംബരും നിരാശ്രയരുമായി.
ഊർജ പ്രതിസന്ധിയുടെ പേരിൽ തമിഴ്നാട്ടിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നടങ്കം ആണവ നിലയത്തിന് വേണ്ടി നിലകൊള്ളുമ്പോൾ ആണവക്കരാറിന്റെ പേരിൽ ഒരു കേന്ദ്ര സർക്കാരിനുള്ള പിന്തുണ തന്നെ പിൻവലിച്ച സി പി എമ്മിനെയാണ് പ്രതീക്ഷയോടെ അക്കാലത്ത് എല്ലാവരും ഉറ്റുനോക്കിയത്. തമിഴ്നാട് ഭരിച്ചിരുന്ന ജയലളിതയെ പിണക്കാൻ സി പി എം ദേശീയ നേതൃത്വത്തിന് ധൈര്യം പോരാത്തതിനാൽ പ്രഖ്യാപിത ആശയങ്ങളിൽ നിന്നും ലക്ഷ്യങ്ങളിൽ നിന്നും അക്ഷരാർത്ഥത്തിൽ മുഖം പൂഴ്ത്തി നിൽക്കുകയാണ് ചെയ്തത്. കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ യാത്രാ നാടകം വേറെയും. കൂടംകുളത്ത് ആണവ നിലയം വേണമെന്ന നിലപാടെടുത്തതിന് പിന്നിലെ രാഷ്ട്രീയമെന്തെന്ന് അണികളെ പോലും ബോധ്യപ്പെടുത്താൻ കഴിയാത്ത സ്ഥിതിയിലെത്തുന്നതാണ് പിന്നീട് കണ്ടത്. കേരളത്തിൽ ആണവ നിലയം അത്യാവശ്യമാണോ എന്ന വിഷയത്തിൽ പൊതു സമൂഹത്തിൽ ചർച്ച ഉയർന്നു വരട്ടെ. എന്നിട്ടു പോരേ, യഥേഷ്ടം ലഭിക്കുന്ന തോറിയം ഉപയോഗപ്പെടുത്തി ആണവ നിലയം നിർമിക്കലൊക്കെ?