Sorry, you need to enable JavaScript to visit this website.

ഇസ്രായിലിന് എതിരെ അറബ് പാർലമെന്റ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലേക്ക്

ജിദ്ദ - ഫലസ്തീൻ ജനതക്കെതിരായ ഇസ്രായിലിന്റെ യുദ്ധക്കുറ്റങ്ങളെ കുറിച്ച് ഉടനടി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അറബ് പാർലമെന്റ് അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് പരാതി നൽകുമെന്ന് അറബ് പാർലമെന്റ് സ്പീക്കർ ആദിൽ അൽഅസൂമി പറഞ്ഞു. ഫലസ്തീൻ ജനതക്കെതിരായ ഇസ്രായിൽ കുറ്റകൃത്യങ്ങളെ നേരിടാനുള്ള അറബ് പാർലമെന്റിന്റെ അന്താരാഷ്ട്ര കർമപദ്ധതി അറബ് ലീഗിലെ ഫലസ്തീൻ പ്രതിനിധി അംബാസഡർ മുഹന്നദ് അൽഅക്‌ലോകിന്റെ സാന്നിധ്യത്തിൽ പ്രഖ്യാപിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആദിൽ അൽഅസൂമി. 
യുദ്ധം അവസാനിപ്പിക്കുന്നതിൽ യു.എൻ രക്ഷാ സമിതി പരാജയപ്പെട്ട പശ്ചാത്തലത്തിൽ യൂനിയൻ ഫോർ പീസ് എന്ന പേരിൽ യു.എൻ ജനറൽ അസംബ്ലി ചേരാൻ ആവശ്യപ്പെടുന്ന പ്രമേയം നടപ്പാക്കണമെന്ന് ജനറൽ അസംബ്ലിയോട് ആവശ്യപ്പെടൽ അറബ് പാർലമെന്റ് പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് സ്പീക്കർ വിശദീകരിച്ചു. ഈ നിർദേശം അറബ് രാജ്യങ്ങൾ അംഗീകരിക്കണം. ഇസ്രായിലിന്റെ നിയമ ലംഘനങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ പരാതി നൽകണമെന്ന് ഫലസ്തീനോട് ആവശ്യപ്പെടും. ഇസ്രായിലിന്റെ നിയമ ലംഘനങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് ജിബൂത്തിയും കോമറോസും അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നൽകിയ പരാതികളെ അറബ് പാർലമെന്റ് പിന്തുണക്കുന്നു. 
റിയാദിൽ ചേർന്ന അറബ്, ഇസ്‌ലാമിക് ഉച്ചകോടി തീരുമാനങ്ങളെ അറബ് പാർലമെന്റ് പ്രശംസിക്കുന്നു. യുദ്ധം നിർത്താനും അന്താരാഷ ട്ര നിയമസാധുതകളുടെ അടിസ്ഥാനത്തിൽ സമാധാന പ്രക്രിയ ആരംഭിക്കാനും ആവശ്യമായ സാഹചര്യം ഒരുക്കാൻ ലക്ഷ്യമിട്ട് അറബ്, ഇസ്‌ലാമിക് ഉച്ചകോടി തീരുമാന പ്രകാരം ഏതാനും രാജ്യങ്ങളുടെ വിദേശ മന്ത്രിമാർ ശക്തമായ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഫലസ്തീൻ ജനതക്കെതിരായ ഇസ്രായിലിന്റെ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിശദമായ കണക്കുകൾ ശേഖരിക്കാൻ പ്രത്യേക നിയമ കമ്മിറ്റി രൂപീകരിക്കാനുള്ള അറബ്, ഇസ്‌ലാമിക് ഉച്ചകോടി തീരുമാനം എത്രയും വേഗം നടപ്പാക്കുകയും ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര കക്ഷികൾക്കും സമർപ്പിക്കുന്നതിന് നിയമ മെമ്മോറാണ്ടം തയാറാക്കുകയും ഈ കമ്മിറ്റി മുഖേന ശക്തമായ ഒരു നിയമ ഫലയൽ തയാറാക്കി അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ സമർപ്പിക്കുകയും വേണം. 
ഗാസയിലെ ഇസ്രായിലി കുറ്റകൃത്യങ്ങൾ സംബന്ധിച്ച് അന്താരാഷ്ട്ര കോടതിയുടെ ഉപദേശക അഭിപ്രായത്തിന്റെ പാതയിൽ നീങ്ങാൻ യു.എൻ ജനറൽ അസംബ്ലിയെ പ്രേരിപ്പിക്കാൻ അറബ് പാർലമെന്റ് ശ്രമിക്കുന്നു. നിരായുധരായ ഫല്‌സ്തീനികൾക്കെതിരെ ഇസ്രായിൽ നടത്തുന്ന കൂട്ടക്കുരുതികളിൽ അന്വേഷണം നടത്തുന്നതിന് അന്താരാഷ്ട്ര കമ്മിറ്റി രൂപീകരിക്കണമെന്ന് യു.എന്നിനു കീഴിലെ മനുഷ്യാവകാശ കൗൺസിലിനോട് അറബ് പാർലമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. 
ഇസ്രായിലിന്റെ നിഷ്ഠൂരതകൾ ഫലസ്തീനികളെ മാത്രമല്ല, മുഴുവൻ അറബ് രാജ്യങ്ങളെയും ബാധിക്കും. ഫലസ്തീനികളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കാനുള്ള ഇസ്രായിലിന്റെ നയം ശക്തമായി ചെറുക്കണം. ഏതു അറബ് രാജ്യത്തേക്കും ഫലസ്തീനികളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കുന്നത് അറബ് പാർലമെന്റ് പൂർണമായും നിരാകരിക്കുന്നതായും സ്പീക്കർ പറഞ്ഞു.
ആശുപത്രികളും സ്‌കൂളുകളും ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുകയും അവ സൈനിക ആസ്ഥാനങ്ങളാക്കി മാറ്റുകയും ചെയ്യൽ പോലെ ഇസ്രായിൽ പുതിയ യുദ്ധ നിയമങ്ങൾ നിർമിക്കുകയാണെന്ന് ഫലസ്തീൻ പ്രതിനിധി അംബാസഡർ മുഹന്നദ് അൽഅക്‌ലോക് പറഞ്ഞു. കര, കടൽ, ആകാശം എന്നീ മാർഗങ്ങളിലൂടെ ഗാസയിലെ ഉപരോധം തകർക്കാനും ഫലസ്തീൻ ജനതക്ക് അടിയന്തിര ദുരിതാശ്വാസ സഹായം എത്തിക്കാനുമുള്ള അറബ്, ഇസ്‌ലാമിക് ഉച്ചകോടി തീരുമാനം നടപ്പാക്കണം. ഗാസയിൽ നിന്ന് 23 ലക്ഷം ഫലസ്തീനികളെ ഈജിപ്തിലേക്ക് കുടിയൊഴിപ്പിക്കാനാണ് ഇസ്രാലിന്റെ പദ്ധതി. ഇസ്രായിൽ ആക്രമണം അവസാനിപ്പിക്കാനും വംശഹത്യയും നിർബന്ധിച്ചുള്ള കുടിയൊഴിപ്പിക്കലും തടയാനും ആവശ്യമായ നടപടികൾ അറബ്, ഇസ്‌ലാമിക് രാജ്യങ്ങൾ സ്വീകരിക്കണമെന്നും അംബാസഡർ മുഹന്നദ് അൽഅക്‌ലോക് ആവശ്യപ്പെട്ടു. 

Latest News