മലപ്പുറം - പിണറായി സർക്കാറിന്റെ നവകേരള സദസ്സിലേക്ക് സ്‌കൂൾ കുട്ടികളെ എത്തിക്കണമെന്ന നിർദേശത്തിൽ വിശദീകരണവുമായി തിരൂരങ്ങാടി ഡി.ഇ.ഒ. കുട്ടികളെ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടില്ലെന്നാണ് ഡി.ഇ.ഒ പറയുന്നത്. പഠനത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്. സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ കീഴിൽ കുട്ടികളെ കൊണ്ടുപോകാം. അതിന് സ്‌കൂൾ ബസ് ഉപയോഗിക്കാമെന്നും ഡി.ഇ.ഒ വിക്രമൻ വിശദീകരിച്ചു.
തിരൂരങ്ങാടി ഡി.ഇ.ഒ നേരത്തെ വിളിച്ചുചേർത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാനാധ്യാപകർക്ക് നിർദേശം നൽകിയത്. ഓരോ സ്‌കൂളിൽ നിന്നും കുറഞ്ഞത് 200 കുട്ടികളെങ്കിലും വേണമെന്നാണ് നിർദ്ദേശിച്ചത്.
തീർത്തും ഇടതു സർക്കാറിന്റെ രാഷ്ട്രീയ ക്യാമ്പയിന്റെ ഭാഗമായുള്ള നവകേരള സദസിലേക്ക് സ്‌കൂളുകളെയും സ്‌കൂൾ സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തുന്നതിനെതിരെ വ്യാപക വിമർശമാണ് ഉയരുന്നത്. സ്‌കൂൾ ബസ്സുകളായാലും സ്‌കൂൾ കുട്ടികളായാലും ഇതിന് പ്രചാരണം നൽകുന്ന സ്‌കൂൾ പ്രചാരണ പരിപാടികളുമെല്ലാം വളരെ തെറ്റായ സമീപനമാണെന്നും പാർട്ടിയുടെയും മുന്നണികളുടെയും പരിപാടികൾ ഇപ്രകാരം ഓരോരോ പാർട്ടികൾ അധികാരം മാറുന്നതിനനുസരിച്ച് സ്‌കൂളുകളിലേക്ക് കടത്തിവിട്ടാൽ ഭാവിയിൽ വൻ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന ഇടത് വിദ്യാഭ്യാസ പ്രവർത്തകർക്കു പോലും അഭിപ്രായമുണ്ട്. നവകേരള സദസ്സ് വിജയിപ്പിക്കേണ്ടത് പാർട്ടിക്കാരുടെയും മുന്നണി പ്രവർത്തകരുടെയും തലയിൽ വെച്ചുകെട്ടുന്നതിനപ്പുറം അന്ധമായ കക്ഷിരാഷ്ട്രീയത്തിൽ താൽപര്യമില്ലാത്തവരിലേക്ക് അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യവിരുദ്ധവും തെറ്റായ കീഴ്‌വഴക്കവുമുണ്ടാക്കുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.