കോഴിക്കോട് - നവകേരള സദസിലേക്ക് സ്‌കൂൾ വിദ്യാർത്ഥികളെ കൊണ്ടുപോകാൻ ശ്രമിച്ചാൽ തടയുമെന്ന് എം.എസ്.എഫ്. സി.പി.എമ്മുകാരുടെ പാർട്ടി പരിപാടി വിജയിപ്പിക്കാനല്ല വിദ്യാർത്ഥികൾ സ്‌കൂളിലും കോളജിലും പോകുന്നതെന്നും പരാജയപ്പെട്ട നവകേരള സദസ് വിദ്യാർത്ഥികളെ വച്ച് വിജയിപ്പിക്കാനാണ് ശ്രമമെങ്കിൽ നടക്കില്ലെന്നും എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് അറിയിച്ചു.
വിദ്യാർത്ഥികളെ നിർബന്ധിച്ച് നവകേരള സദസ്സിലേക്ക് കൊണ്ടുപോകുന്ന സ്‌കൂൾ അധികൃതരെ തടയാൻ മണ്ഡലം ഭാരവാഹികൾക്ക് എം.എസ്.എഫ് നിർദേശം നൽകിയിട്ടുണ്ട്. നവകേരള സദസിലേക്ക് സ്‌കൂൾ കുട്ടികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയ സാഹചര്യത്തിലാണ് പ്രതിഷേധമെന്നും നജാഫ് എഫ്.ബിയിൽ വ്യക്തമാക്കി.
ഒരു സ്‌കൂളിൽനിന്ന് 200 കുട്ടികളെയെങ്കിലും നവകേരള സദസിന് എത്തിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമെന്ന് തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ചുചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.