Sorry, you need to enable JavaScript to visit this website.

കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രി ക്രിമിനല്‍, രാജിവെക്കണം, അല്ലെങ്കില്‍ പൊതുമാപ്പ് പറയണം -വി ഡി സതീശന്‍

തിരുവനന്തപുരം - പഴയങ്ങാടി സംഘര്‍ഷത്തിന് പിന്നാലെയുള്ള പ്രതികരണങ്ങളില്‍ മുഖ്യമന്ത്രി നടത്തിയത് കലാപാഹ്വാനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വധശ്രമം തുടരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും മുഖ്യമന്ത്രി ക്രിമിനലാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഉടനടി മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയന്‍ രാജിവെക്കണം. അധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ മടിയാണെങ്കില്‍ പൊതുമാപ്പ് പറയണമെന്നും ്‌വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഇന്നലെ ക്രിമിനല്‍ മനസുള്ള മുഖ്യമന്ത്രിയെന്നാണ് പറഞ്ഞത്, ഇന്ന് ക്രിമിനലാണെന്ന് തന്നെ പറയുന്നുവെന്നും നികൃഷ്ടനാണ് മുഖ്യമന്ത്രിയെന്നും സതീശന്‍ പറഞ്ഞു. ക്രൂര മനസാണ് മുഖ്യമന്ത്രിക്കെന്നും രാജഭരണമല്ല കേരളത്തിലെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച വിരോധത്തില്‍ മനഃപൂര്‍വമായി കൊല്ലണമെന്ന ഉദേശത്തോടെയുള്ള അക്രമമാണെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. ഇനി ഒരു നിമിഷം ആഭ്യന്തര വകുപ്പിന്റെ ചുമതലയോടെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ പിണറായി വിജയന് അര്‍ഹതയില്ല. വധശ്രമം തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ മന്ത്രിമാര്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്. മുഖ്യമന്ത്രിയുടെ ട്രോളും തമാശയും മന്ത്രിസഭയില്‍ മതി, ജനങ്ങളുടെ നേരെ വേണ്ടെന്നും സതീശന്‍ പറഞ്ഞു.
നവകേരള സദസ് സര്‍ക്കാര്‍ പരിപാടിയല്ലെന്നും ഇടതുമുന്നണിയുടെ പരിപാടിയെന്നും ഇടതുമുന്നണി കണ്‍വീനറുടെ സര്‍ക്കുലറോടെ കൂടുതല്‍ വ്യക്തമായിരിക്കുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു.

 

Latest News