മലപ്പുറം - കേരള ബാങ്ക് ഡയരക്ടറായ മുസ്‌ലിം ലീഗ് നേതാവും എം.എൽ.എയുമായ പി അബ്ദുൽഹമീദ് പാർട്ടി പദവികൾ ഒഴിയണമെന്ന് ആവശ്യം. മലപ്പുറം ജില്ലാ ലീഗ്-യൂത്ത് ലീഗ് സംയുക്ത യോഗത്തിലാണ് ഇത്തരമൊരു ആവശ്യം ഉയർന്നത്. പാർട്ടി ജില്ലാ സെക്രട്ടറി കൂടിയായ പി അബ്ദുൽഹമീദിനെ കേരളാ ബാങ്ക് ഡയറക്ടറാക്കിയതിനെതിരെ പ്രമേയം പാസാക്കിയതായി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.
യോഗത്തിൽ ഹമീദ് മാസ്റ്റർ വൈകാരികമായാണ് സംസാരിച്ചതെന്ന് അംഗങ്ങൾ പറഞ്ഞു. നേതൃത്വത്തിന്റെ അറിവോടെ, പാർട്ടിക്കായി കേരള ബാങ്ക് ഡയറക്ടർ സ്ഥാനം ഏറ്റെടുത്ത തനിക്കെതിരെ വ്യക്തിപരമായ വേട്ടയാടൽ നടക്കുന്നതായും പി അബ്ദുൽഹമീദ് യോഗത്തിൽ അറിയിച്ചു.
പാണക്കാട് സാദിഖലി തങ്ങളുടെ അനുവാദത്തോടെയാണ് ഹമീദ് കേരള ബാങ്ക് ഡയറക്ടർ സ്ഥാനം ഏറ്റെടുത്തതെന്നു പാർട്ടി ദേശീയ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് ലീഗ്, കേരള ബാങ്ക് ഡയറക്ടർ സ്ഥാനം ഏറ്റെടുത്തതിൽ പ്രശ്‌നങ്ങളില്ലെന്നും കൂടുതൽ ചർച്ചകൾ നടത്തുമെന്നും പറഞ്ഞ് കുഞ്ഞാലിക്കുട്ടി രംഗം തണുപ്പിക്കുകയായിരുന്നു. കേരള ബാങ്ക് ഡയരക്ടറായതോടെ ജൂതാസ് എന്നാക്ഷേപിച്ച് ഹമീദിനെതിരെ മലപ്പുറം ജില്ലയിലെ പലേടത്തും പോസ്റ്ററുകൾ ഉയർന്നിരുന്നു. സമൂഹമാധ്യമങ്ങളിലും രൂക്ഷ വിമർശം ഉയർന്നിരുന്നു. വിഷയത്തിൽ അണികൾ മാത്രമല്ല, നേതാക്കളും ഭിന്നതട്ടിലാണെന്ന് വ്യക്തമാക്കുംവിധത്തിലായിരുന്നു മുതിർന്ന നേതാക്കളുടെ അടക്കം പ്രതികരണം.