മാനന്തവാടി - തരുവണ പാലിയാണയിൽ നിർമാണത്തിലുള്ള വീടിന് സമീപത്തെ ഷെഡിന് തീപിടിച്ച് വൃദ്ധൻ പൊള്ളലേറ്റ് മരിച്ചു. പാലയാണ മണികണ്ഠാലയം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന തേനാമിറ്റത്തിൽ വെള്ളൻ (80) ആണ് മരിച്ചത്. വെള്ളന്റെ ഭാര്യ തേയിയെ (70) ഗുരുതരമായ പരുക്കുകളോടെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇവരുടെ അരയ്ക്ക് താഴേക്കും കൈക്കും മറ്റും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. സമീപത്ത് ഫുട്ബാൾ കളിച്ച കുട്ടികളാണ് ആദ്യം തീ കണ്ടത്. തുടർന്ന് സമീപവാസികളും മറ്റും ഓടിയെത്തി വെള്ളമൊഴിച്ചു തീകെടുത്തിയെങ്കിലും വെള്ളൻ അപ്പോഴേക്കും മരിച്ചിരുന്നു. ഇരുവരും തനിച്ചായിരുന്നു ഇവിടെ താമസിച്ചത്. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു വെള്ളൻ. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. ശാസ്ത്രീയ പരിശോധനകൾ അടക്കമുള്ളവ ബുധനാഴ്ച നടത്തുമെന്ന് പോലീസ് പറഞ്ഞു. നാലു മക്കളുണ്ട്.