തിരുവനന്തപുരം- പഴയങ്ങാടിയിൽ കരിങ്കാടി പ്രതിഷേധം നടത്തിയവരെ മർദ്ദിച്ച ഡി.വൈ.എഫ്.ഐ നടപടിയെ പിന്തുണച്ച മുഖ്യമന്ത്രിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഡി.വൈ.എഫ്.ഐക്കാരുടെ രക്ഷാദൗത്യ പ്രവർത്തനം ഇതാണോയെന്നും തല അടിച്ചു പൊളിക്കുന്നത് ആണോ രക്ഷാപ്രവർത്തനമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ തോന്നിവാസത്തിനെതിരെ ഇനിയും തെരുവിൽ ഇറങ്ങും. പോലീസ് വധശ്രമത്തിനു കേസ് എടുത്തതിനെയാണ് മുഖ്യമന്ത്രി രക്ഷാപ്രവർത്തനം എന്ന് പറയുന്നത്. ഗോപാൽ സേനയെന്ന പോലെ വിജയൻ സേനയുമായി പിണറായി വിജയൻ തെരുവിൽ ഇറങ്ങിയാൽ നേരിടും. ഡി.വൈ.എഫ്.ഐയെ ഇനി വിജയൻ സേനയെന്ന് വിളിച്ചാൽ മതി. വിജയൻ സേനയെന്ന വാനര സേനയെ തുരത്തുമെന്നും അദ്ദേഹം പറഞ്ഞു. വാടിക്കൽ രാമകൃഷ്ണൻ കൊല്ലപ്പെട്ടത് രക്ഷാപ്രവർത്തനത്തിനിടയാണെന്ന് ഇപ്പോൾ ബോധ്യപ്പെട്ടുവെന്നും പിണറായി വിജയൻ രക്ഷാ പ്രവർത്തനെത്തിയത് കൊണ്ടാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തകരുടെ പരാതിയും ആശങ്കയും സംഘടന കേൾക്കും. ഏത് അന്വേഷണവുമായും സഹകരിക്കും. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രശ്നം സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും രാഷ്ട്രീയ നിറം ചാർത്തി നടപടികളുമായി മുന്നോട്ട് പോയാൽ അതിനെ പ്രതിരോധിക്കുമെന്നും രാഹുൽ പറഞ്ഞു.