Sorry, you need to enable JavaScript to visit this website.

ലോകകപ്പിലെ കൗതുകക്കണക്കുകള്‍


ഒരു കളിയും 100 ഓവര്‍ പൂര്‍ത്തിയായില്ല. ഓസ്‌ട്രേലിയയും ന്യൂസിലാന്റും തമ്മിലുള്ള ലീഗ് മത്സരം 99.2 ഓവര്‍ വരെ നീണ്ടതാണ് ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരം. 
1996 നു ശേഷം ആദ്യമായാണ് ഹാട്രിക് ഇല്ലാത്ത ലോകകപ്പ്. 1975-1996 വരെയുള്ള ആറ് ലോകകപ്പുകളില്‍ ഒരു ഹാട്രിക്കേ ഉണ്ടായിരുന്നുള്ളൂ, 1987 ല്‍ ഇന്ത്യയുടെ ചേതന്‍ ശര്‍മക്ക്. 1999 മുതല്‍ 2019 വരെ പത്ത് ഹാട്രിക്കുകള്‍ പിറന്നു. 
പാക്കിസ്ഥാനെതിരായ കളിയുടെ 32ാം ഓവറില്‍ ഓസ്‌ട്രേലിയയുടെ ഡേവിഡ് വാണറും മിച്ചല്‍ മാര്‍ഷും തുടര്‍ച്ചയായ പന്തുകളില്‍ സെഞ്ചുറി നേടി. 
ഗ്ലെന്‍ മാക്‌സ്‌വെലും പാറ്റ് ക്മിന്‍സും അഫ്ഗാനിസ്ഥാനും നെതര്‍ലാന്റ്‌സിനുമെതിരെ രണ്ട് കൂട്ടുകെട്ടുകളിലായി 305 റണ്‍സ് നേടി. അതില്‍ കമിന്‍സിന്റെ സംഭാവന 20 റണ്‍സ് മാത്രം. അഫ്ഗാനിസ്ഥാനെതിരായ 201 റണ്‍സ് കൂട്ടുകെട്ടില്‍ പന്ത്രണ്ടും നെതര്‍ലാന്റ്‌സിനെതിരായ 91 റണ്‍സ് കൂട്ടുകെട്ടില്‍ എട്ടും. 
ടോസ് ആര്‍ക്ക് കിട്ടുന്നുവെന്നത് വിജയങ്ങളില്‍ നിര്‍ണായകമായില്ല. 19 കളികളിലേ ടോസ് നേടിയ ടീമുകള്‍ ജയിച്ചുള്ളൂ. 1979 ലെ ലോകകപ്പ് കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ ടോസ് ആനുകൂല്യം കണ്ട ടൂര്‍ണമെന്റാണ് ഇത്. 
അരങ്ങേറ്റക്കാരായ കളിക്കാര്‍ വലിയ നേട്ടമുണ്ടാക്കി. പ്രത്യേകിച്ചും ന്യൂസിലാന്റിന്റെ രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലും. ഇന്ത്യന്‍ നിരയില്‍ ശ്രേയസ് അയ്യര്‍ തിളങ്ങി. മൂവരും 500 റണ്‍സിലധികം നേടി. ഇതിന് മുമ്പുള്ള 12 ലോകകപ്പുകളില്‍ ഒരു അരങ്ങേറ്റ ബാറ്ററേ 500 റണ്‍സടിച്ചിട്ടുള്ളൂ, 2019 ല്‍ ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റൊ. പാക്കിസ്ഥാന്റെ ടോപ്‌സ്‌കോറര്‍ മുഹമ്മദ് രിസ്‌വാന്‍, അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്‌റാന്‍, ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാന്‍, ശ്രീലങ്കയുടെ സദീര സമരവിക്രമ എന്നിവരെല്ലാം ആദ്യമായാണ് ലോകകപ്പ് കളിച്ചത്.
വിക്കറ്റ്‌കൊയ്ത്തില്‍ മുന്‍നിരയിലുള്ള ദില്‍ഷന്‍ മധുശങ്ക (21 വിക്കറ്റ്), ജെറാള്‍ഡ് കീറ്റ്‌സി (20) എന്നിവരും ആദ്യ ലോകകപ്പില്‍ കരുത്തുകാട്ടി. ശ്രീലങ്ക നേടിയ വിക്കറ്റുകളില്‍ 42 ശതമാനവും സ്വന്തമാക്കിയത് മധുശങ്കയായിരുന്നു. കീറ്റ്‌സി ഒരു ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ ബൗളറായി.

Latest News