തൃശൂര്‍- ഇന്നലെ രാവിലെ പത്തേകാലിന് കംപ്യൂട്ടറില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയാണ് വിവേകോദയം സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പത്മജ ടീച്ചര്‍ ഓടിവന്നത്. ഒരാള്‍ തോക്കുചൂണ്ടി വരുന്നുണ്ടെന്നാണ് ടീച്ചര്‍ പറഞ്ഞത്. പത്മജ ടീച്ചര്‍ ആ കുട്ടിയെ പഠിപ്പിക്കാത്തതിനാല്‍ അവര്‍ക്ക് ആ കുട്ടിയെ അറിയില്ല. ഞാന്‍ പുറത്തിറങ്ങി നോക്കിയപ്പോളാണ് ഈ പൂര്‍വവിദ്യാര്‍ഥിയാണെന്ന് മനസിലായത്. ഇയാള്‍ മുന്‍പും സ്‌കൂളില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുള്ളതാണ്. അധ്യാപകരെ ഒന്നടങ്കം അസഭ്യം പറഞ്ഞ് ഇറങ്ങിപ്പോയ ആളാണ്. രണ്ടാംവര്‍ഷ പരീക്ഷയും എഴുതിയിരുന്നില്ല. ഇപ്പോള്‍ ഒരു സുപ്രഭാതത്തില്‍ ആ കുട്ടി ഇരച്ചുകയറി വരികയും തൊപ്പി വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഞങ്ങള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് വകവെയ്ക്കാതെ ക്ലാസ്മുറികളില്‍ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും നാലുതവണ വെടിയുതിര്‍ക്കുകയുമായിരുന്നു- സ്‌കൂളിലെ അധ്യാപകന്‍ പറഞ്ഞു.
സ്റ്റാഫ്‌റൂമില്‍നിന്ന് പ്ലസ്ടു ക്ലാസുകളിലേക്കാണ് പോയത്. കാണിച്ചുതരാം, ഈ സ്‌കൂള്‍ കത്തിക്കും എന്നായിരുന്നു ഭീഷണി. രാമദാസ് എന്ന അധ്യാപകനെ ചോദിച്ചാണ് അയാള്‍ ക്ലാസുകളിലേക്ക് പോയത്. അദ്ദേഹം യുവജനോത്സവവുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലാണ്. ഒരുപക്ഷേ, അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് നേരേ വെടിപൊട്ടിച്ചേനെ. മുന്‍പ്രിന്‍സിപ്പല്‍ വേണുമാഷിനെയും അയാള്‍ അന്വേഷിച്ചിരുന്നു. ഇവരെ കാണാതായതോടെയാകണം അയാള്‍ ക്ലാസ്മുറികളില്‍ കയറിയത് സ്‌കൂളിലെ അക്രമ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച അധ്യാപകന്‍ പറഞ്ഞു.
ഇവിടെനിന്ന് പഠിച്ചുപോയ ഒരു കുട്ടിയാണ്. ഇപ്പോള്‍ 18 വയസ് കഴിഞ്ഞിട്ടുണ്ട്. കാരണം അവന് പ്രായപൂര്‍ത്തിയായതിന്റെ തെളിവുകള്‍ നമ്മുടെ അഡ്മിഷന്‍ രജിസ്റ്ററുകളിലെല്ലാം ഉണ്ട്. അവന്‍ ലഹരിക്ക് അടിമയായിരുന്നു എന്നാണ് മനസ്സിലാക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. സ്‌കൂളിന്റെ ഒന്നാം നിലയില്‍നിന്ന് അവന്‍ താഴേക്കു ചാടിയിരുന്നു. മാത്രമല്ല, തോക്കുമായി ഓരോ ക്ലാസ് റൂമിലും കയറി എന്തു ചെയ്യണമെന്ന് അറിയാതെ അലഞ്ഞു നടക്കുകയായിരുന്നു.
കയ്യില്‍ തോക്കുള്ളതുകൊണ്ട് ഞങ്ങള്‍ക്ക് അടുത്തേക്കു ചെല്ലാന്‍ ഭയമായിരുന്നു. ഞങ്ങള്‍ വേഗം തന്നെ പോലീസിനെ വിളിച്ചു. അവര്‍ വന്നതോടെയാണ് പേടി കുറച്ചൊന്നു മാറിയത്. അധ്യാപകരോടു സാധാരണ പെരുമാറുന്ന രീതിയിലായിരുന്നില്ല അവന്റെ പെരുമാറ്റം. ഒന്നാം നിലയില്‍നിന്ന് താഴേക്കു ചാടണമെങ്കില്‍ അത്രമാത്രം കരുത്തു വേണ്ടേ? ഓടുന്നതിനിടെ അവന്‍ പലതവണ വഴുതി വീഴുകയും ചെയ്തിരുന്നു.
ആദ്യം എല്ലാവരും ഭയപ്പെട്ടു പോയി എന്നതാണ് സത്യം. ഒരാള്‍ പെട്ടെന്നു കയറിവന്ന് തോക്കു ചൂണ്ടുമ്പോള്‍ അതു കളിത്തോക്കാണോ എയര്‍ഗണ്ണാണോ എന്ന് ആര്‍ക്കും അറിയില്ലല്ലോ. അതുകൊണ്ട് അടുത്തു ചെല്ലാന്‍ തന്നെ ഞങ്ങള്‍ക്ക് ഭയമായിരുന്നു. അവന്റെ കയ്യില്‍ തോക്കു കണ്ടപ്പോള്‍ത്തന്നെ ഞങ്ങള്‍ പോലീസിനെ വിളിച്ചിരുന്നു. അവര്‍ വരാനെടുത്ത ആ കുറച്ചു സമയംകൊണ്ടാണ് അവന്‍ സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പോലീസ് വരുമ്പോഴേയ്ക്കും അവന്‍ ഗേറ്റ് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒരുവിധം ചാടി അടുത്തുള്ള വീടിനു സമീപം ഒളിച്ചു നില്‍ക്കുമ്പോഴാണ് പോലീസ് പിടികൂടിയത് - പ്രിന്‍സിപ്പല്‍ പറഞ്ഞു.