തൃശൂര്‍- അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ അക്രമികള്‍ സ്‌കൂളുകളില്‍ വെടിവെപ്പ് നടത്തുന്നത് ഇടക്കിടെ ഉണ്ടാകാറുണ്ടെങ്കിലും കേരളത്തില്‍ തോക്കുമായെത്തി സ്‌കൂളില്‍ കയറി അധ്യാപകരെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും വെടിവെക്കുകയും ചെയ്ത സംഭവം ഇതാദ്യം.
വെടിവെപ്പ് ഉണ്ടായെങ്കിലും ആര്‍ക്കും അപകടം ഒന്നും സംഭവിക്കാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എയര്‍ പിസ്റ്റളായതു കൊണ്ടാണ് അത്യാഹിതം ഒഴിവായത്.
ഇത്തരമൊരു കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വിദേശങ്ങളില്‍ മാത്രം കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ മാനസികാവസ്ഥയിലുള്ളവര്‍ ഇവിടെയും എത്തി എന്നത് ഭീഷണി സൃഷ്ടിക്കുന്ന കാര്യമാണെന്ന് പോലീസ് സൂചിപ്പിക്കുന്നു. കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരില്‍ വര്‍ധിക്കുന്ന ലഹരിയുടെ ഉപയോഗം അവരുടെ മാനസികനില തന്നെ തെറ്റിക്കുകയും ഇത്തരം അക്രമങ്ങളിലേക്ക് അവരെ എത്തിക്കുമെന്നും പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ലഹരിയില്‍ സുബോധം നഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ അപകടകരമായ അക്രമത്തിന്റെ പാതയിലേക്ക് തിരിയുന്നു എന്നാണ് വിവേകോദയം വെടിവെപ്പ് കാണിച്ചുതരുന്നത്.