തൃശൂര്‍-സ്‌കൂളില്‍ തോക്കുമായെത്തി ഭീഷണിപ്പെടുത്തുകയും വെടിവെക്കുകയും ചെയ്ത സംഭവത്തിലെ പ്രതിക്ക് കോടതിയുടെ ജാമ്യം. തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ നിറയൊഴിച്ച പൂര്‍വ വിദ്യാര്‍ഥി മുളയം തടത്തില്‍ വീട്ടില്‍ ജഗന് ആണ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന പോലിസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനും നിര്‍ദേശം നല്‍കി. നേരത്തേ, ജഗന്‍ മാനസികരോഗിയാണെന്ന് കാണിച്ച് പോലിസ് മജിസ്‌ട്രേറ്റിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജഗന്‍ രണ്ടു വര്‍ഷമായി മാനസിക വെല്ലുവിളി നേരിടുകയാണെന്നു കുടുംബം പോലിസിനെ അറിയിക്കുകയും ഇതു തെളിയിക്കുന്ന ചികില്‍സാ രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി ജാമ്യം നല്‍കി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയത്.