Sorry, you need to enable JavaScript to visit this website.

തോക്ക് വാങ്ങിയത് 1800 രൂപയ്ക്ക്; പ്രതിയുടെ പോക്കറ്റിൽനിന്നും പെല്ലറ്റുകൾ കണ്ടെടുത്തതായി പോലീസ്

തൃശൂർ -  തൃശൂരിലെ വിവേകോദയം സ്‌കൂളിൽ എയർ ഗണ്ണുമായെത്തി വെടിവെച്ച പൂർവ വിദ്യാർത്ഥി മുളയം സ്വദേശി തടത്തിൽ വീട്ടിൽ ജഗൻ തോക്ക് വാങ്ങിയത് 1800 രൂപയ്ക്ക്. സെപ്തംബർ 28ന് ട്രിച്ചൂർ അരിയങ്ങാടിയിലെ ഗൺ ബസാറിൽനിന്നാണ് തോക്കു വാങ്ങിയതെന്ന് പ്രതി പോലീസിന് മൊഴി നൽകി.
 ഇന്ന് രാവിലെ 10.20-ഓടെ തൃശൂർ സ്വരാജ് റൗണ്ടിനോട് ചേർന്നുള്ള വിവേകോദയം സ്‌കൂളിൽ എയർഗണ്ണുമായെത്തിയ ജഗൻ, സ്റ്റാഫ് റൂമിലേക്കാണ് ആദ്യം വന്നതെന്ന് സ്‌കൂളിലെ ജീവനക്കാർ പറഞ്ഞു. തുടർന്ന് ബാഗിൽനിന്ന് തോക്കെടുത്ത് അധ്യാപകർക്കു നേരെ ചൂണ്ടി ഭീഷണിപ്പെടുത്തുകയും ക്ലാസ്മുറികളിൽ കയറി വെടിയുതിർക്കുകയുമായിരുന്നു. ചില അധ്യാപകരെ പേരെടുത്ത് ചോദിച്ചാണ് ക്ലാസ്മുറിയിൽ കയറിയത്. ഒരു വിദ്യാർത്ഥിയെയും അന്വേഷിച്ചു. ക്ലാസ് മുറികളിൽ കയറുന്നതിനിടെ എയർഗണ്ണെടുത്ത് മൂന്നു തവണ മുകളിലേക്കു വെടിവക്കുകയുമുണ്ടായി. രണ്ടുവർഷം മുമ്പ് തന്റെ കൈയിൽനിന്ന് വാങ്ങിയ തൊപ്പി തിരികെ തരണമെന്നും ആവശ്യപ്പെട്ടു. സ്‌കൂൾ കത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. 
 ജഗൻ ലഹരിക്ക് അടിമയാണെന്നാണ് വൈദ്യപരിശോധനയ്ക്കായി ജില്ല ആശുപത്രിയിൽ എത്തിച്ച പോലീസ് നൽകുന്ന വിവരം. പലപ്പോഴായി പിതാവിൽനിന്നു പണം വാങ്ങിയാണ് തോക്കിനായി പ്രതി പണം സ്വരൂപിച്ചതെന്നും  പോലീസ് പറഞ്ഞു. പ്രതിയുടെ പോക്കറ്റിൽനിന്നും പെല്ലറ്റുകൾ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
 രണ്ടുവർഷം മുമ്പാണ് ജഗൻ സ്‌കൂളിൽനിന്ന് പഠനം നിർത്തി പോയതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. നേരത്തെ മറ്റൊരു വിദ്യാലയത്തിൽ പഠിച്ച ജഗൻ, ഇക്കഴിഞ്ഞ മാർച്ചിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതേണ്ടതായിരുന്നു. അധ്യാപകരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നാണ് ജഗനെ വിവേകോദയം സ്‌കൂളിലേക്ക് മാറ്റിയിരുന്നതെന്നും പറയുന്നു. 

Latest News