ജിദ്ദ - ഈ വര്‍ഷം മൂന്നാം പാദത്തില്‍ 47,500 ഓളം സൗദികള്‍ക്ക് പുതുതായി തൊഴില്‍ ലഭിച്ചതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ 22.7 ലക്ഷം സ്വദേശി ജീവനക്കാരുണ്ട്. വിദേശ തൊഴിലാളികളുടെ എണ്ണം 78.8 ലക്ഷമായും ഉയര്‍ന്നു. രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ സ്വകാര്യ മേഖലാ ജീവനക്കാരുടെ എണ്ണം രണ്ടു ശതമാനം തോതില്‍ ഉയര്‍ന്നു. ഗോസി രജിസ്‌ട്രേഷനുള്ള ജീവനക്കാര്‍ ഒരു കോടിയിലേറെയായി ഉയര്‍ന്നു.
സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ളത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത 44.7 ലക്ഷം ജീവനക്കാരുണ്ട്. ലോക ബാങ്കിന്റെ വനിതാ, ബിസിനസ്, നിയമ സൂചിക അനുസരിച്ച് ലോകത്ത് ഏറ്റവും പുരോഗതി കൈവരിക്കുകയും പരിഷ്‌കരണങ്ങള്‍ നടപ്പാക്കുകയും ചെയ്ത രാജ്യങ്ങളില്‍ ഒന്നായി സൗദി അറേബ്യ മാറിയിട്ടുണ്ട്.
ലോക ബാങ്ക് സൂചികയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തും അറബ് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തുമാണ് സൗദി അറേബ്യ. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ബിസിനസ് മേഖലയില്‍ ഉന്നത, ഇടത്തരം പദവികള്‍ വഹിക്കുന്നവരില്‍ 41 ശതമാനം വനിതകളാണ്. തൊഴില്‍ ശേഷിയില്‍ വനിതാ പങ്കാളിത്തം 35.6 ശതമാനമായും ഉയര്‍ന്നു.