കോഴിക്കോട്- മന്ത്രിസഭാ അഴിച്ചുപണിയിൽ മന്ത്രി കെ.ടി ജലീലിനെ തരംതാഴ്ത്തി എന്ന പ്രചാരണം ശരിയല്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി പറഞ്ഞു. മറിച്ച്, കൂടുതൽ പദവി നൽകി അദ്ദേഹത്തെ ഉയർത്തുകയാണ് ചെയ്തതെന്ന് കരീം പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിനെ രണ്ടായി വിഭജിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് കെ.ടി ജലീലിന് നൽകിയത്. കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളിലെല്ലാം ഉന്നത വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം എന്നിങ്ങനെ വിദ്യഭ്യാസ വകുപ്പിനെ രണ്ടായി നേരത്തെ തന്നെ വിഭജിച്ചിരുന്നു. കേരളത്തിൽ മാത്രമായിരുന്നു ഒരു വകുപ്പായി തുടർന്നത്. ഇ.പി ജയരാജൻ തിരിച്ചു വരുന്നത് മന്ത്രിസഭക്ക് കൂടുതൽ കരുത്തു നൽകും. മത ന്യൂനപക്ഷങ്ങൾക്കു വേണ്ടി പുതിയ പാർട്ടിയുടെ ആവശ്യം ഇപ്പോൾ ഇല്ല. ആർ.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും ഒരു രാഷ്ട്രീയ പിന്തുണയും തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വീകരിക്കില്ലെന്ന് പറഞ്ഞ കരീം അത്തരത്തിലുള്ള പ്രാദേശിക ധാരണക്കെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞു.