Sorry, you need to enable JavaScript to visit this website.

ഹജ് കമ്മിറ്റി ചെയർമാൻ: സി. മുഹമ്മദ് ഫൈസിക്ക് സാധ്യത

കൊണ്ടോട്ടി- ഒരു വനിത ഉൾപ്പെടെ പുതിയ സംസ്ഥാന ഹജ് കമ്മിറ്റി അംഗങ്ങളെ സർക്കാർ തെരഞ്ഞെടുത്തു. നിലവിലെ കമ്മിറ്റി അംഗങ്ങളിൽ ആർക്കും ഇടം കിട്ടാത്ത പുതിയ കമ്മിറ്റിയിൽ മുൻവർഷങ്ങളിൽ കമ്മിറ്റിയിലുണ്ടായിരുന്നവരുണ്ട്. പുതിയ കമ്മിറ്റിയുടെ ആദ്യയോഗം ഞായറാഴ്ച്ച രാവിലെ ഹജ് കാര്യവകുപ്പ് മന്ത്രി ഡോ.കെ.ടി ജലീലിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേരും. പുതിയ ചെയർമാനെ യോഗത്തിൽ തെരഞ്ഞെടുക്കും.
കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരും അദ്ദേഹത്തിന്റെ മരണശേഷം തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയുമായിരുന്നു ഇന്നലെ കാലാവധി കഴിഞ്ഞ കമ്മിറ്റിയുടെ ചെയർമാൻന്മാർ. 
കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർപേഴ്‌സൺ എൽ. സുലൈഖയാണ് സംസ്ഥാന ഹജ് കമ്മിറ്റിയിലെ ആദ്യ വനിത അംഗം. കേന്ദ്ര ഹജ് കമ്മിറ്റിയിൽ വനിതാ സാന്നിധ്യമുണ്ടായിട്ടുണ്ടെങ്കിലും സംസ്ഥാന ഹജ് കമ്മിറ്റിയിൽ ഇതാദ്യമായാണ് വനിത ഉൾപ്പെടുന്നത്. ഈ വർഷം മുതൽ ഹജിന് വളണ്ടിയർമാരായി വനിതകളും വേണമെന്ന് കേന്ദ്ര ഹജ് കമ്മിറ്റി നിർദ്ദേശിച്ചിരുന്നു.
പി.വി. അബ്ദുൽ വഹാബ് എം.പി, എം.എൽ.എമാരായ കാരാട്ട് റസാഖ് (കൊടുവളളി), മുഹമ്മദ് മുഹ്‌സിൻ (പട്ടാമ്പി), ഡോ. ബഹാവുദ്ദീൻ നദ്‌വി (ചെമ്മാട്), കൊണ്ടോട്ടി നഗരസഭ കൗൺസിലർ പി. അബ്ദുറഹിമാൻ (ഇണ്ണി), മുസ്‌ലിയാർ സജീർ (മലപ്പുറം), കടക്കൽ അബ്ദുൽ അസീസ് മൗലവി (കൊല്ലം), എം.എസ്. അനസ് (അരൂർ), സി. മുഹമ്മദ് ഫൈസി (കൊടുവള്ളി), മുഹമ്മദ് കാസിം കോയ (പൊന്നാനി), വി.ടി അബ്ദുല്ലക്കോയ തങ്ങൾ (കാടാമ്പുഴ), എച്ച്. മുസമ്മിൽ ഹാജി (ചങ്ങനാശ്ശേരി), പി.കെ. അഹമ്മദ് (കോഴിക്കോട്) എന്നിവരെയാണ് തെരഞ്ഞെടുത്തത്. പുറമെ മലപ്പുറം ജില്ലാ കലക്ടർ അമിത് മീണ ഐ.എ.എസ,് സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ എന്നിവർ സ്ഥിരം അംഗങ്ങളാണ്. 16 അംഗ കമ്മിറ്റിയുടെ കാലാവധി മൂന്ന് വർഷമാണ്. പുതിയ കമ്മിറ്റിയിൽനിന്നാണ് ചെയർമാനെ തെരഞ്ഞെടുക്കുക. സി. മുഹമ്മദ് ഫൈസിക്കാണ് സാധ്യത. 

Latest News