Sorry, you need to enable JavaScript to visit this website.

സുരേഷ് ഗോപിയുടെ ഉള്ളില്‍ അപരമത വിദ്വേഷവും ജാതി വിദ്വേഷവും- കമല്‍

കൊല്ലം-  നടന്‍ സുരേഷ് ഗോപിയുടെ ഉള്ളില്‍ അപരമത വിദ്വേഷവും അപരജാതി വിദ്വേഷവും നിറഞ്ഞുകഴിഞ്ഞതായി സംവിധായകന്‍ കമല്‍. ഇതാണ് സംഘപരിവാര്‍ മനുഷ്യരിലുണ്ടാക്കുന്ന പ്രശ്‌നം. ലജ്ജിക്കേണ്ട കലാകാരനായി സഹപ്രവര്‍ത്തകനായ സുരേഷ് ഗോപി മാറിയതില്‍ തനിക്ക് ലജ്ജയുണ്ടെന്ന് കമല്‍ പറഞ്ഞു. കൊല്ലത്ത് എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമല്‍.
ഇന്ത്യയുടെ പേര് ഭാരതമാക്കണമെന്ന് നിര്‍ദേശിച്ച് അശ്ലീല മനുഷ്യനായി സുരേഷ് ഗോപി മാറിയെന്നും കമല്‍ വിമര്‍ശിച്ചു.
അടുത്ത ജന്മത്തില്‍ തനിക്ക് ബ്രാഹ്മണനായി ജനിക്കണമെന്നാണ് കൊല്ലംകാരനായ സുരേഷ് ഗോപി പറഞ്ഞത്. തന്റെ നാടിനെയും മാതാപിതാക്കളെയുമാണ് ഇതിലൂടെ സുരേഷ് ഗോപി തള്ളിപറഞ്ഞത്. അദ്ദേഹത്തെ നയിക്കുന്ന സവര്‍ണബോധമാണ് അതിന് കാരണമെന്നും കമല്‍ വിമര്‍ശിച്ചു.
ഇതൊക്കെയാണ് പുതിയ കാലഘട്ടത്തെ നയിക്കുന്നത്. ഇതല്ല നമ്മുടെ ഇന്ത്യയെന്ന് പുതിയ തലമുറ മനസിലാക്കണം. ഗാന്ധിയും നെഹ്‌റുവും അംബേദ്കറുമൊക്കെ നമുക്ക് സംഭാവന ചെയ്ത ഇന്ത്യയുണ്ട്. അത് കാത്തുസൂക്ഷിക്കേണ്ട വലിയ ഉത്തരവാദിത്വം നമുക്കുണ്ട് -കമല്‍ പറഞ്ഞു.

 

Latest News