മലപ്പുറം-മുസ്‌ലിം ലീഗ് മുന്നണി മാറുന്നതിന്റെ സൂചനയാണ് ലീഗ് നേതാവ് നവകേരള സദസില്‍ പങ്കെടുത്തതെന്ന എ.കെ. ബാലന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. എ.കെ. ബാലന് ശുദ്ധ ഭ്രാന്താണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യു.ഡി.എഫില്‍ നിന്ന് ചാടാന്‍ ഒരു ബാങ്കിന്റെ കിളിവാതില്‍ ലീഗിന് ആവശ്യമില്ല. ലീഗ് സ്വതന്ത്ര പാര്‍ട്ടിയാണെന്നും മുന്നണി മാറണമെങ്കില്‍ അക്കാര്യം ആലോചിച്ച് തീരുമാനിക്കാന്‍ സാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുന്നണി ബന്ധം എന്നത് ഹൃദയബന്ധമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അതിശക്തമായ പ്രകടനവും നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച തിരിച്ചുവരവും യു.ഡി.എഫ് കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലീഗിന് യു.ഡി.എഫുമായുള്ള ബന്ധം തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല. യു.ഡി.എഫിന്റെ അടിത്തറ പാകിയവരും മുന്നണിക്ക് വേണ്ടി കഷ്ടപ്പെട്ടവരുമാണ്. ലീഗ് രാജ്യത്ത് ഇന്‍ഡ്യ മുന്നണിക്കും കേരളത്തില്‍ യു.ഡി.എഫിനും വെന്നിക്കൊടി പാറിക്കാന്‍ പണിയെടുക്കാന്‍ പോകുന്നവരാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ലീഗിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണ്. യു.ഡി.എഫ് വിടുമെന്ന് ലീഗ് ഒരു കാലത്തും പറഞ്ഞിട്ടില്ല. ബി.ജെ.പിയെ എതിര്‍ക്കുന്ന വിഷയത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. എല്‍.ഡി.എഫ് ഭരണത്തെ എതിര്‍ക്കുന്ന കാര്യത്തിലും ലീഗും കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്ത മാക്കി.
നവകേരള സദസില്‍ പങ്കെടുക്കുന്ന എല്ലാവരെയും മാധ്യമങ്ങള്‍ ലീഗുകാരാക്കരുത്. നവകേരള സദസില്‍ പങ്കെടുത്ത എന്‍.എ. അബൂബക്കര്‍ മഹല്ല് കമ്മിറ്റി അംഗമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.