Sorry, you need to enable JavaScript to visit this website.

യുദ്ധം ഉടൻ അവസാനിപ്പിക്കണം; അറബ് വിദേശമന്ത്രിമാർ ലോക പര്യടനത്തിന് തുടക്കമായി

ജിദ്ദ - ഗാസ വെടിനിർത്തലിന് ശ്രമിച്ചും പശ്ചിമേഷ്യൻ സംഘർഷത്തിന് ശാശ്വത പരിഹാരം കാണാനും നയതന്ത്രശ്രമങ്ങൾ ഊർജിതമാക്കി സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെ നേതൃത്വത്തിൽ അറബ്, ഇസ്‌ലാമിക് രാജ്യങ്ങളിൽ നിന്നുള്ള വിദേശ മന്ത്രിമാരുടെ ലോക പര്യടനത്തിന് തുടക്കമായി. ഈ മാസം 11 ന് റിയാദിൽ ചേർന്ന സംയുക്ത അറബ്, ഒ.ഐ.സി ഉച്ചകോടി തീരുമാന പ്രകാരമാണ് വിദേശ മന്ത്രിമാർ ലോക രാജ്യങ്ങളിൽ പര്യടനം നടത്തുന്നത്. ഗാസയിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കാനും ഫലസ്തീൽ ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കാനുള്ള രാഷ്ട്രീയ പ്രക്രിയക്ക് സമാരംഭം കുറിക്കാനും ലക്ഷ്യമിട്ടാണ് അറബ് ലീഗിലെയും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനിലെയും മുഴുവൻ അംഗരാജ്യങ്ങളുടെയും പ്രതിനിധികളായി വിദേശ മന്ത്രിമാർ യു.എൻ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വമുള്ള രാജ്യങ്ങൾ അടക്കം സന്ദർശിക്കുന്നത്. സംഘം ഇന്നലെ രാവിലെ ചൈനയിലെ ബെയ്ജിംഗിലെത്തി ചൈനീസ് വിദേശ മന്ത്രി വാംഗ് യി യുമായി കൂടിക്കാഴ്ചയും വിശദമായ ചർച്ചയും നടത്തി.  
മാനവരാശിക്കെതിരായ ഇസ്രായിലിന്റെ കുറ്റകൃത്യങ്ങൾ തടയാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാനും ഉപരോധത്തിൽ കഴിയുന്ന ഗാസയിൽ മാനുഷിക ദുരന്തം ഒഴിവാക്കാൻ അടിയന്തിര ദുരിതാശ്വാസ ഇടനാഴികൾ തുറക്കാനും പര്യടനത്തിലൂടെ ലക്ഷ്യമിടുന്നു. മസ്ജിദുൽ അഖ്‌സ അടക്കം ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഇസ്‌ലാമിക്, ക്രിസ്തീയ വിശുദ്ധ കേന്ദ്രങ്ങൾക്കും ഫലസ്തീനികൾക്കുമെതിരെ നടത്തുന്ന നഗ്നമായ നിയമ ലംഘനങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ഇസ്രായിലിനോട് കണക്കു ചോദിക്കാൻ അന്താരാഷ്ട്ര, മാനുഷിക നിയമങ്ങൾക്കനുസൃതമായി എല്ലാ നടപടികളും സ്വീകരിക്കലാണ് പര്യടനത്തിന്റെ ലക്ഷ്യമെന്ന് സൗദി വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 
യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ നടപ്പാക്കണമെന്നും ചൈനീസ് വിദേശ മന്ത്രി വാംഗ് യി യുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ഗാസയിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടത് നാം കണ്ടു. ഇസ്രായിലിന്റെ ഗുരുതരമായ നിയമലംഘനങ്ങൾ അടക്കം ഗുരുതരമായ സംഭവവികാസങ്ങൾ ഇപ്പോഴും അഭിമുഖീകരിക്കുന്നു. അവ കൈകാര്യം ചെയ്യാനും നേരിടാനും ഫലപ്രദമായ അന്താരാഷ്ട്ര നടപടികൾ ആവശ്യമാണ്. വെടിനിർത്തൽ നടപ്പാക്കാൻ ഇനിയും കൂടുതൽ ശ്രമങ്ങൾ ആവശ്യമാണ്. ഗാസ പ്രതിസന്ധി അവസാനിപ്പിക്കാൻ ചൈനയുമായും സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്ന ഉത്തരവാദിത്തമുള്ള എല്ലാ രാജ്യങ്ങളുമായും സഹകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നതായും സൗദി വിദേശ മന്ത്രി പറഞ്ഞു.
 

Latest News