തിരുവനന്തപുരം - പൂജപ്പുര ജയിലിൽ ഉദ്യോഗസ്ഥർ തടവുകാരന്റെ ശരീരത്തിൽ ചൂടുവെള്ളം ഒഴിച്ചതായി പരാതി. റിമാൻഡ് തടവുകാരനായ ലിയോൺ ജോൺ ആണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ പരാതി നൽകിയത്.
ഈ മാസം പത്തിനാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. പ്രഭാത ഭക്ഷണത്തിൽ മുടി കണ്ടത് ചോദ്യം ചെയ്തപ്പോൾ ചൂട് വെള്ളം ഒഴിക്കുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. സംഭവത്തിന് ശേഷം തനിക്ക് ചികിത്സ നൽകാൻ പോലും ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ലെന്നും പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയതെന്നും ലിയോൺ ആരോപിച്ചു.
എന്നാൽ, ചൂടുവെള്ളം ലിയോണിന്റെ കൈയിൽ നിന്നുതന്നെ ദേഹത്തേക്ക് തെറിച്ചതാണെന്നാണ് ജയിൽ സൂപ്രണ്ടിന്റെ വിശദീകരണം. ജയിൽ ഉദ്യോഗസ്ഥരൊന്നും സംഭവത്തിൽ പങ്കാളികളല്ലെന്നുമാണ് സൂപ്രണ്ടിന്റെ വാദം.
സംഭവത്തിൽ കേസെടുത്ത മനുഷ്യാവകാശ കമ്മിഷൻ 15 ദിവസത്തിനകം റിപോർട്ട് സമർപ്പിക്കാൻ ജയിൽ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അന്വേഷണം നടക്കവേയാണ് സെഷൻസ് കോടതിയിൽ ലിയോൺ പരാതി നൽകിയത്. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കേസിലെ അടക്കം പ്രതിയാണ് ലിയോണെന്നാണ് വിവരം.