പനാജി- ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിങ്കളാഴ്ച തുടക്കമാകും. സത്യജിത് റായ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഹോളിവുഡ് നടനും നിര്‍മാതാവുമായ മൈക്കല്‍ ഡഗ്ലസിന് മേളയില്‍ സമ്മാനിക്കും. ഭാര്യയും പ്രശസ്ത നടിയുമായ കാതറിന്‍ സീറ്റ ജോണ്‍സിനൊപ്പം മേളയ്‌ക്കെത്തുന്നുണ്ട്.
മേളയില്‍ 270ലേറെ സിനിമകളാണ് പ്രദര്‍ശനത്തിനുള്ളത്. അന്താരാഷ്ട്ര വിഭാഗത്തില്‍ 198 സിനിമകളാണ് പ്രദര്‍ശനത്തിനുള്ളത്. 13 വേള്‍ഡ് പ്രീമിയര്‍, 18 ഇന്റര്‍നാഷണല്‍ പ്രീമിയര്‍, 62 ഏഷ്യ പ്രീമിയര്‍, 89 ഇന്ത്യ പ്രീമിയര്‍ എന്നിവയാണ് മേളയിലുള്ളത്.
ഈ വര്‍ഷം മേളയ്ക്ക്് 105 രാജ്യങ്ങളില്‍ നിന്നായി 2926 എന്‍ട്രികളാണ് ലഭിച്ചത്. അന്താരാഷ്ട്ര എന്‍ട്രികള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയാണുണ്ടായത്. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 25 ഫീച്ചര്‍ ഫിലിമുകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളും പ്രദര്‍ശിപ്പിക്കും. ഫീച്ചര്‍ വിഭാഗത്തില്‍ ആദ്യം മലയാളം ചിത്രമായ 'ആട്ടം'വും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മണിപ്പൂരില്‍ നിന്നുള്ള 'ആന്‍ഡ്രോ ഡ്രീംസ്'ഉം പ്രദര്‍ശിപ്പിക്കും.
ഈ വര്‍ഷം മികച്ച ഒ.ടി.ടി വെബ് സീരീസ് അവാര്‍ഡ് വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15 ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് 10 ഭാഷകളിലായി 32 എന്‍ട്രികള്‍ ലഭിച്ചു. മികച്ച പരമ്പരകള്‍ സമാപന ചടങ്ങില്‍ പ്രഖ്യാപിക്കും.
ലോകമെമ്പാടുമുള്ള ശ്രദ്ധേയമായ ചില ഡോക്യുമെന്ററികള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഡോക്യു-മോണ്ടാഷ് വിഭാഗവും അവതരിപ്പിക്കുന്നുണ്ട്.
ഇന്ത്യന്‍ ക്ലാസിക്കുകളുടെ കേടുവന്ന സെല്ലുലോയിഡ് റീലുകളില്‍ നിന്ന് നാഷണല്‍ ഫിലിം ഹെറിറ്റേജ് മിഷന്റെ കീഴില്‍ എന്‍ എഫ് ഡി സി- എന്‍ എഫ് എ ഐ വീണ്ടെടുത്ത ഏഴ് ലോകോത്തര പ്രീമിയറുകള്‍ ഉള്‍ക്കൊള്ളുന്ന 'റീ സ്റ്റോര്‍ഡ് ക്ലാസിക്' വിഭാഗവും അവതരിപ്പിക്കുന്നുണ്ട്. പ്രമുഖ സിനിമാ നിര്‍മാതാക്കള്‍, ഛായാഗ്രാഹകര്‍, അഭിനേതാക്കള്‍ എന്നിവരുമായി 20ലധികം 'മാസ്റ്റര്‍ ക്ലാസുകള്‍', 'ഇന്‍ കോണ്‍വര്‍സേഷന്‍'സെഷനുകള്‍ എന്നിവയും ഉണ്ടാകും.