കൊച്ചി- ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ പിതാവില്‍നിന്ന് പണം തട്ടിയ കേസിലെ പ്രതി ചൂര്‍ണിക്കര മുതിരപ്പാടം കോട്ടക്കല്‍ വീട്ടില്‍ മുനീറും മഹിളാ കോണ്‍ഗ്രസ് നേതാവായ ഭാര്യ ഹസീനയും ഒളിവില്‍ തന്നെ.
ഇവരെ കണ്ടെത്താന്‍ ആലുവ പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. പോലീസ് കേസെടുത്തതു മുതല്‍ ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ചോഫാണ്. ഇവര്‍ ബാംഗ്ലൂരിലേക്ക് കടന്നതായാണ് പോലീസ് സംശയിക്കുന്നത്. ഇവരുടെ വീട്ടിലും ബന്ധുവീടുകളിലും പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും ഇവരെക്കുറിച്ച് ആര്‍ക്കും ഒരുവിവരവുമില്ലെന്നാണ് ലഭിച്ച മറുപടി.
പീഡനത്തിനിരയായി ബാലിക കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കുടുംബത്തിന് ധനസഹായം നല്‍കിയത്. ഈ സഹായത്തില്‍ നിന്നാണ് മുനീര്‍ പണം തട്ടിയതെന്നാണ് പരാതി. ഇതേ കേസില്‍ ഇയാളുടെ ഭാര്യ അഡ്വ. ഹസീനയ്ക്ക് മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനം നഷ്ടമായിരുന്നു. ഹസീനയും മുങ്ങിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഒരു മനുഷ്യാവകാശ സംഘടനയുടെ പേരില്‍ നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയതായി ആരോപണമുയര്‍ന്നു.
ഹ്യുമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ വുമണ്‍സ് വിംഗ് നാഷണല്‍ പ്രസിഡന്റ് എന്ന പേരിലാണ് തട്ടിപ്പ് നടന്നത്. അഭിഭാഷകയെന്ന് സ്വയംപരിചയപ്പെടുത്തുന്ന ഹസീന മനുഷ്യാവകാശ സംഘടനയുടെ മറ്റ് ചില ഭാരവാഹികളുമായി ചേര്‍ന്ന് തര്‍ക്കങ്ങളില്‍ മധ്യസ്ഥത പറഞ്ഞ് വന്‍തുക തട്ടിയതായാണ് ആരോപണം. സംഘടനയിലെ ചില ഭാരവാഹികള്‍ തന്നെയാണ് ഇതേക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. ബാംഗ്ലൂരില്‍ ഇവര്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചക്കിടെ ഇവരോടൊപ്പം പോയയാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെക്കുറിച്ചും അന്വേഷണം വേണെന്ന് ഇവര്‍ പറയുന്നു.