ജിദ്ദ-ജീവകാരുണ്യരംഗത്തും സാന്ത്വന ചികിൽസാരംഗത്തും നിസ്തുലസേവനത്തിന്റെ വിജയമുദ്രകളുമായി മുന്നേറുന്ന നർഗീസ് ബീഗം, ഉംറയുടെ നിറവിൽ. നന്മയുടെ പ്രകാശം കൂടുതൽ തിളക്കത്തോടെ ചൊരിയാൻ തീർത്ഥാടനവേളയിലെ പ്രാർത്ഥന തനിക്ക് കരുത്ത് പകരുമെന്ന് നർഗീസ് ബീഗം പറഞ്ഞു. 1998അന്യർക്കു വേണ്ടി ജീവിതം സമർപ്പിച്ച, നഴ്‌സ് കൂടിയായ നർഗീസ് ബീഗത്തിന്റെ സേവനപാതയിലൂടെ..
ഭർത്താവ് സഹൃദയനും മികച്ച വായനക്കാരനും സാമൂഹിക പ്രവർത്തകനുമൊക്കെയായ സുബൈ ദമാമിലുണ്ട്. റിയാദ്, മദീന, അബഹ എന്നിവിടങ്ങളിലേക്ക് മരുഭൂമി താണ്ടി ഇരുവരും കാർ മാർഗം യാത്ര ചെയ്യുമ്പോഴും നാട്ടിൽ നിന്നുള്ള അഗതികളുടെയും അവരുടെ ആശ്രിതരുടേയും വിലാപങ്ങളും വിതുമ്പലുകളുമായിരുന്നു നർഗീസിന്റെ മൊബൈലിനെ അലോസരപ്പെടുത്തിയിരുന്നത്. അത് കൊണ്ട് തന്നെ വിദേശയാത്രയുടെ പൂർണമായ ത്രിൽ അനുഭവിക്കാനൊന്നും അവർക്കായില്ല.
ദമാമിലെത്തിയ വിവരമറിഞ്ഞ് നിരവധി പേർ നർഗീസിനെ വിളിക്കുകയും കാണാനെത്തുകയും ചെയ്തു. കേരളത്തിന്റെ വടക്കു നിന്ന് തെക്ക് വരെയുള്ള സ്ഥലങ്ങളിൽ സാന്ത്വനപരിചരണത്തിന്റെ കാവൽമാലാഖയായി പ്രവർത്തിക്കുന്ന നർഗീസിനെ അറിയാത്തവർ പ്രവാസികൾക്കിടയിൽ ചുരുക്കം.
ദമാമിലെ ഒരു ബാച്ചിലർറൂമിൽ നിന്നുള്ളവരുടെ അതീവഹൃദ്യമായ സൽക്കാരത്തിനു ശേഷം പുറത്തിറങ്ങവെ, ടാക്‌സി ഡ്രൈവർമാരായ അവർ മൂന്നുപേരും ചേർന്ന്, നർഗീസിന്റെ കൈകളിൽ സന്തോഷത്തോടെ വെച്ചുകൊടുത്ത സംഭാവന കാൺകെ, ജീവിതത്തിലെ ഏറ്റവും സംതൃപ്തി തന്ന നിമിഷമായി അതനുഭവപ്പെട്ടു. സാധാരണക്കാരായ പ്രവാസികളിൽ നിന്ന് ലഭിക്കുന്ന ചെറിയ ചെറിയ തുക സ്വരൂപിച്ചാണ് വലിയ വലിയ സ്വപ്‌നങ്ങളിലേക്ക് നർഗീസ് നടന്നുകയറിയത്. അവരുടെ ഓരോ പ്രസംഗത്തിലും ഫേയ്‌സ് ബുക് പോസ്റ്റിലും പ്രവാസികളുടെ വിയർപ്പ്, നാട്ടിലെ പാവങ്ങളുടെ ജീവിതത്തിലെ ഉപ്പുംചോറുമായി മാറുന്നതിനെക്കുറിച്ച് നന്ദിയോടെ ഓർക്കാറുണ്ട്. ഇതാദ്യമായാണ് പക്ഷേ പ്രവാസലോകത്ത് ക്ലേശഭരിതമായ ജീവിതം നയിക്കുന്നവരുടെ അവസ്ഥ നേരിൽ കാണുന്നതും സഹജീവികളെ സഹായിക്കാനുള്ള അവരുടെ സ•നസ്സിന് നർഗീസ് ബീഗം നേർസാക്ഷ്യം വഹിക്കുന്നതും.
മദീനയിൽ നിന്ന് ജിദ്ദയിലെത്തിയ നർഗീസിന് ലഭിച്ച വിപുലമായ സ്വീകരണത്തിൽ വിവിധ പാലിയേറ്റീവ് ഗ്രൂപ്പുകളുടെ പ്രാതിനിധ്യവുമായി എത്തിയ അറുപതിലധികം പേരുടെ പിന്തുണയും സഹായവും നർഗീസിനും അവരുടെ ജീവകാരുണ്യ പ്രസ്ഥാനത്തിനും വാഗ്ദാനമായി ലഭിച്ചു. 'മലബാർ അടുക്കള' യുടെ പ്രവർത്തകരും നർഗീസിനെ വരവേൽക്കാനെത്തി. തന്റെ ജീവിതം അപരന്റെ ക്ഷേമത്തിനായി വിനിയോഗിക്കുകയെന്ന മഹദ്വചനം അക്ഷരാർഥത്തിൽ പ്രായോഗികമാക്കുന്ന നർഗീസിന്റെ പുണ്യപ്രവർത്തനങ്ങൾ, സന്നദ്ധസേവനചരിത്രത്തിനാകെ മാതൃകയാണ്.
മലപ്പുറം -കോഴിക്കോട് ജില്ലകൾ കൈകോർക്കുന്ന രാമനാട്ടുകരക്കടുത്ത വാഴയൂർ കാരാട് ഹംസക്കോയയുടേയും ഖമറുന്നിസയുടേയും മകളായ നർഗീസ്, നഴ്‌സിംഗ് പഠനശേഷം ചെമ്മാട് പത്തൂർ നഴ്‌സിംഗ് ഹോമിലെ പരിശീലനകാലത്ത് ലഭിച്ച സ്റ്റൈപ്പന്റ് പോലും പാവപ്പെട്ട രോഗികൾക്കായി ചെലവഴിക്കുകയായിരുന്നു. പന്ത്രണ്ടു വർഷം റിയാദിനടുത്ത അൽഖർജിൽ ഗാർഹിക ജോലിക്കാരിയായി ജീവിച്ച ഉമ്മ ഖമറുന്നിസയിൽ കേട്ടറിഞ്ഞ കഥകളിലൂടെ, പ്രവാസത്തിന്റെ വേവും ചൂടും നർഗീസിനറിയാം. കേട്ടറിവിന്റെ ബലത്തിൽ മാത്രം മറ്റുള്ളവരിലേക്ക് സഹായം ചൊരിയുന്ന പ്രവാസികളുടെ സത്യസന്ധതയും സഹാനുഭൂതിയും മറക്കാനാവില്ലെന്ന് നർഗീസ് പറയുന്നു.
കോഴിക്കോട് കോയാസ് ഹോസ്പിറ്റലിൽ നഴ്‌സായി സേവനമാരംഭിച്ചു. നിർധനരോഗികളുടേയും അവരുടെ കൂട്ടിരിപ്പുകാരുടെയും ദൈന്യാവസ്ഥ നർഗീസിന്റെ ഉള്ളുരുക്കി. പല രോഗികൾക്കും കൂട്ടിരിപ്പുകാരില്ല. അവർക്ക് കൈത്താങ്ങായി മാറി നർഗീസ്. ജീവിതത്തിന്റെ കഷ്ടതയത്രയും തളം കെട്ടിക്കിടക്കുന്ന ആശുപത്രി മുറികളിലെ പാവങ്ങളുടെ നിശ്വാസത്തോടൊപ്പം, അവരെ ചേർത്ത് പിടിച്ച് മരുന്നും തലോടലും കരുതലുമായി നീണ്ട കാലത്തെ നിസ്വാർഥ സേവനം. നർഗീസിന്റെ ജീവിതം മറ്റുള്ളവർക്കായി സമർപ്പിക്കപ്പെട്ടു.
ആതുരസേവന മേഖലയിലേയും പാലിയേറ്റീവ് മേഖലയിലേയും വിശിഷ്ട സേവനത്തിനുള്ള കൈരളി ടി.വിയുടെ പുരസ്‌കാരം നർഗീസ് ഏറ്റുവാങ്ങിയത് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയിൽ നിന്ന്. ആരോഗ്യമന്ത്രി വീണാ ജോർജ് കൂടി പങ്കെടുത്ത ചടങ്ങിൽ മമ്മൂട്ടി പറഞ്ഞു: നർഗീസിന്റെ മനസ്സ് മുഴുവൻ ന•യാണ്. ന• നിറഞ്ഞ ഈ മനസ്സ് സമൂഹത്തിനാകെ വെളിച്ചം പരത്തട്ടെ. നമ്മളെല്ലാം മടിച്ചു നിൽക്കുന്ന ഇടങ്ങളിൽ നേരിട്ട് ഇറങ്ങിച്ചെന്ന്, സന്ദർഭോചിതമായ ഇടപെടലുകളിലൂടെ നർഗീസ് നടത്തിവരുന്ന ജനസേവനം, അങ്ങേയറ്റം പ്രശംസനീയമാണ്, അനുകരണീയമാണ്.
നഴ്‌സിംഗ് ജോലിയിൽ നിന്ന് ലഭിക്കുന്ന പരിമിതമായ വേതനത്തിൽ നിന്ന് വലിയൊരു പങ്ക് കൂട്ടിരിപ്പിനാളില്ലാത്ത നൂറുക്കണക്കിന് രോഗികളുടെ ക്ഷേമത്തിനായി ചെലവഴിച്ചു കൊണ്ടിരിക്കുന്ന നർഗീസ്, പട്ടിണിപ്പാവങ്ങളുടെ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ രാപ്പകൽ ഓടി നടക്കുന്നു. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ കൈയും മെയ്യും മറന്ന് സഹകരിക്കുന്നു.
കോയാസ് ഹോസ്പിറ്റലിന്റെ ഇടനാഴിയിൽ നിന്നു തുടങ്ങിയ സേവനചരിത്രം കോഴിക്കോട് നഗരത്തിലേക്കും തുടർന്ന് മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലേക്കും വ്യാപിച്ചു. വയനാട് മേപ്പാടിയിൽ ആദിവാസി ഊരുകളിലെ പട്ടിണിക്കോലങ്ങളോടൊപ്പം ജീവിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് പലയിടങ്ങളിൽ നിന്നും നല്ല പിന്തുണ ലഭിച്ചു. ഓരോ മനുഷ്യരുടേയും സങ്കടങ്ങൾ, നർഗീസ് ബീഗം എന്ന ഫേസ്ബുക്ക് പേജിലൂടെ കുറിപ്പുകളായും ശബ്ദങ്ങളായും അവർ പങ്ക് വെച്ചു. നല്ല പ്രതികരണമാണ് കിട്ടിയത്. നിത്യരോഗികൾ, പ്രായാധിക്യം വന്ന് ഒറ്റപ്പെട്ടുപോയവർ, അഗതികൾ, അശരണർ, ഭിന്നശേഷിക്കാർ.. എല്ലാവരുടേയും രക്ഷകയായി മാറി നർഗീസ്. പതിനായിരക്കണക്കിന് ഫോളോവേഴ്‌സ്, സാമ്പത്തിക സഹായവും മറ്റ് തരത്തിലുള്ള സഹകരണങ്ങളും നൽകി. എഴുതിത്തള്ളപ്പെട്ടു പോയ പലരും ജീവിതത്തിലേക്ക് തിരികെ വന്നു. രോഗമുക്തി നേടിയ അവരിൽ പലരും പിന്നീട് നർഗീസിന്റെ സംരംഭങ്ങളോടൊപ്പം ചേർന്നു.
വയനാട്ടിലെ സുൽത്താൻ ബത്തേരി കേന്ദ്രമായി 1998 ൽ നിലവിൽ വന്ന
ഏജൻസി ഫോർ ഡവലപ്‌മെന്റൽ ഓപ്പറേഷൻ ഇൻ റൂറൽ ഏരിയാസ് അഥവാ അഡോറ എന്ന എൻ.ജി.ഒയുടെ ആഭിമുഖ്യത്തിലാണ് നർഗീസും സഹപ്രവർത്തകരും ജീവകാരുണ്യ - ജനസേവനപ്രവർത്തനങ്ങൾ നടത്തുന്നത്. റോസിന എന്ന് കൂടി പേരുള്ള നർഗീസ് ബീഗം മാനേജിംഗ് ട്രസ്റ്റിയും കമ്പളക്കാട് സ്വദേശി താരീഖ് അൻവർ കടവൻ സെക്രട്ടറിയും മുംബൈ ഡോംബിവില്ലി ഈസ്റ്റിലുള്ള, മലപ്പുറം തിരുന്നാവായക്കടുത്ത സതീശൻ പന്താവൂർ ട്രഷററുമായി രൂപീകരിച്ച അഡോറയുടെ മേൽനോട്ടത്തിൽ വളരെ സുതാര്യമായാണ് പാലിയേറ്റീവ് - ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്നത്. ഇരുപത്തിരണ്ടംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അഡോറയ്ക്കുണ്ട്.
പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം, കിടപ്പുരോഗികൾക്ക് സഹായം എന്നിവയെല്ലാം അഡോറയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടത്തിവരുന്നു. ഗൃഹനാഥന്മാർ രോഗക്കിടക്കയിലായ, കോഴിക്കോട്, മലപ്പുറം ജില്ലയിൽ നിന്നുള്ള ഭവനരഹിതരായ 74 കുടുംബങ്ങൾക്ക് വീട് വെച്ചുകൊടുത്തു. ഉപജീവനത്തിനു വഴിയില്ലാത്ത മുന്നൂറ്റമ്പതിലേറെ കുടുംബങ്ങളെ ദത്തെടുത്ത് അവരെ സംരക്ഷിച്ചുപോരുന്ന അഡോറ, അക്ഷരാർഥത്തിൽ തന്നെ ജീവകാരുണ്യത്തിന്റെ മറുവാക്കായി മാറി. നാൽപതോളം കുടിവെള്ള പദ്ധതികൾ, ആയിരത്തോളം വീൽചെയറുകൾ, മുന്നൂറോളം എർബെഡ്ഢുകൾ, ഫോൾിഡംഗ് കട്ടിലുകൾ, ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ തുടങ്ങിയവയെല്ലാം നിരാലംബരായ രോഗികൾക്ക് നർഗീസും സുഹൃത്തുക്കളും ഇതിനകം എത്തിച്ചുകൊടുത്തു.
ആകാശം മേൽക്കൂരയായവർക്ക് സംരക്ഷണം നൽകുന്നു അഡോറ. ഭക്ഷണം, വസ്ത്രം, പാർപ്പിടം - ഇവ മൂന്നുമാണ് മനുഷ്യന്റെ പ്രാഥമികാവശ്യമെന്ന് നാം പണ്ടു മുതലേ കേട്ടുപോന്നതാണ്. ഭക്ഷണത്തിനും പാർപ്പിടത്തിനും അർഹതയുണ്ടായിട്ടും അത് കിട്ടാതെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടുപോയവർക്ക് അവ നൽകാൻ നർഗീസും കൂട്ടുകാരും പരിശ്രമിച്ചത് ഏറെക്കുറെ വിജയം കണ്ടപ്പോഴാണ് മാറ്റിയുടുക്കാൻ വസ്ത്രമില്ലാത്ത നൂറുക്കണക്കിനാളുകളുടെ പരിതാപകരമായ അവസ്ഥ അഡോറയുടെ ശ്രദ്ധയിൽപെട്ടത്. വസ്ത്രങ്ങൾ വാങ്ങാൻ പണമില്ലാത്ത സ്ത്രീപുരുഷന്മാർക്ക് സൗജന്യമായി വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന സംരംഭത്തിന് കൂടി നർഗീസ് മുന്നിട്ടിറങ്ങി. വ്യാപാരികളുൾപ്പെടെ സമ്പന്നരായ പലരും പുതുവസ്ത്രങ്ങൾ സൗജന്യമായി നൽകി. വയനാട്ടിൽ നാലിടത്തും കാസർകോട്ടും കൊല്ലത്തും ഓരോന്ന് വീതവും എയ്ഞ്ചൽസ് എന്ന പേരിലുള്ള സൗജന്യവസ്ത്രാലയങ്ങൾ നടന്നു വരുന്നു - ഉദാരതയുടെ ഉടുപുടവകൾ. ഉടുപ്പുകൾക്ക് വേണ്ടി വരുന്ന പണം ചെലവിടാൻ കഴിവില്ലാത്ത ആയിരങ്ങളാണ് ഓരോ മാസവും ഈ സൗജന്യ വസ്ത്രാലയങ്ങൾ തേടിയെത്തുന്നതെന്നും ഏറെ ചാരിതാർഥ്യം പകരുന്ന പദ്ധതിയാണെന്നും നർഗീസ് പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിവാഹവസ്ത്രങ്ങൾ വരെ ഇങ്ങനെ നൽകുന്നുണ്ട്. പാദരക്ഷകളും അത്യാവശ്യം വീട്ടുപകരണങ്ങളും ഇത് വഴി വിതരണം ചെയ്യുന്നുണ്ട്. പുനരുൽപാദന പദ്ധതിയിലൂടെ (റിസൈക്കിളിംഗ്) ഫർണിച്ചർ പോലുള്ള അവശ്യ ഗാർഹിക വസ്തുക്കൾ ആവശ്യക്കാർക്ക് നൽകുന്ന പദ്ധതിയുമുണ്ട്. എട്ടു വർഷമായി ഇത് പ്രാവർത്തികമായിട്ട്.
വയനാട് നടവയലിനടുത്ത ചിറ്റാലൂർകുന്നിൽ അഡോറ എയ്ഞ്ചൽസ് ഹോമിന്റെ കീഴിൽ സെന്റർ ഫോർ ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷൻ എന്ന പേരിൽ ഫിസിയോ തെറാപ്പി കേന്ദ്രം ഏതാണ്ട് അന്തിമഘട്ടത്തിൽ എത്തി. സതീശന് പന്താവൂർ നൽകിയ രണ്ടേക്കർ സ്ഥലത്താണ് നിരവധി രോഗികൾക്ക് - പ്രത്യേകിച്ചും നട്ടെല്ലിന് ക്ഷതം സംഭവിച്ചവരും കൂട്ടിരിപ്പിന് ആളുകളില്ലാത്തവരുമായ നിരവധി പാവങ്ങൾക്ക് - സൗജന്യമായി ചികിൽസ നൽകുകയെന്ന ഉദ്ദേശ്യത്തോടെ ഫിസിയോ തെറാപ്പി കേന്ദ്രം ആരംഭിക്കുന്നത്. കൈരളി ടി.വിയുടെ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം, സൂര്യാ ടി.വി പുരസ്‌കാരം, സൗത്ത് ഇന്ത്യൻ ടെലിവിഷൻ പുരസ്‌കാരം എന്നിവയാണ് നർഗീസിനെത്തേടിയെത്തിയ അംഗീകാരങ്ങൾ. വിദ്യാർഥികളായ അൽഹാസ്, അതുൽ എന്നിവരാണ് മക്കൾ. ( ആദ്യ വിവാഹം തകർന്നതിനു ശേഷം, ഫേസ്ബുക്ക് വഴി പരിചയത്തിലായ ദമാമിലെ ബെസ്റ്റ് ഹാർവെസ്റ്റ് കമ്പനി ഉദ്യോഗസ്ഥനും സഹൃദയനുമായ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി അടാംതൊടിക സുബൈറാണ്, നർഗീസിന്റെ ജീവിതപങ്കാളി).
നർഗീസ് ബീഗം എന്ന ഫേയ്‌സ് ബുക്ക് പേജിൽ ഇവരെ ഫോളോ ചെയ്യാം.
ബന്ധപ്പെടാവുന്ന മൊബൈൽ നമ്പർ: 0091 9961610145, 0091 8113982906