Sorry, you need to enable JavaScript to visit this website.

സ്‌നേഹിതക്ക് ലിഫ്റ്റ് കൊടുത്താല്‍ വഷളന്‍; സങ്കടങ്ങള്‍ പങ്കുവെച്ച് പുരുഷന്മാര്‍

കൊച്ചി- അന്താരാഷ്ട്ര പുരുഷ ദിനത്തില്‍ പുരുഷന്മാരുടെ സങ്കടങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍.
നെഞ്ചുവിരിച്ച് നടന്നാല്‍ ആണഹന്ത...
തല ഉയര്‍ത്തി നടന്നാല്‍ പുരുഷാധികാരം...
വിനയം ഭാവിച്ചാല്‍ ആണത്തമില്ലാത്തവന്‍...
ഉടനടി പ്രതികരിച്ചാല്‍ ക്ഷിപ്രകോപി...
മിണ്ടാതിരുന്നാല്‍ ഒന്നിനും കൊള്ളാത്തവന്‍...
ചോദ്യങ്ങള്‍ ചോദിച്ചാല്‍ കലഹപ്രിയന്‍...
തലതാഴ്ത്തി മാന്യമായി നടന്നാല്‍ ചാന്ത്‌പൊട്ട്...
ഭാര്യയെ അനുസരിച്ചാല്‍ പെണ്‍കോന്തന്‍...
ഭാര്യയെ തിരുത്തിയാല്‍ കുടുംബം നോക്കാത്തവന്‍...
അമ്മയുടെ മരുന്ന് മറന്നാല്‍ മുടിയനായ പുത്രന്‍...
സൗഹൃദങ്ങള്‍ പാലിച്ചാല്‍ തല്ലിപൊളി...
സ്‌നേഹിതയ്ക് ലിഫ്റ്റ് കൊടുത്താല്‍ വഷളന്‍...
മടുത്തു.....
എന്ത് ചെയ്താലും കുറ്റം മാത്രം പേറാന്‍ പുരുഷന്റെ ജന്മം പിന്നെയും ബാക്കി.
                    
ഇന്ന് (നവംബര്‍ 19 ന്) അന്താരാഷ്ട്ര പുരുഷ ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് ആശംസാ സന്ദേശങ്ങള്‍. പുരുഷന്മാരുടെ സംഭാവനകള്‍ അംഗീകരിക്കുന്നതിനും അവരുടെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനും പോസിറ്റീവ് പുരുഷത്വം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പുരുഷദിനം. ലോകമെമ്പാടുമുള്ള പുരുഷന്മാരെയും ആണ്‍കുട്ടികളെയും ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും അവരുടെ ആരോഗ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുരുഷത്വത്തിന്റെ നല്ല വശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും ലിംഗഭേദങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ ബന്ധം വളര്‍ത്തുന്നതിനും പുരുഷന്മാരുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ശ്രമം.
പുരുഷന്മാരുടെ ആത്മഹത്യ അവസാനിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര പുരുഷ ദിനത്തിന്റെ ആശയം.
ആഗോളതലത്തില്‍  'പൂജ്യം പുരുഷ ആത്മഹത്യ' എന്നതാണ് പ്രധാന വിഷയം. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചും കുടുംബത്തിലും സമൂഹത്തിലുമുള്ള അവരുടെ പങ്കിനെക്കുറിച്ചും ഓര്‍മപ്പെടുത്തുന്നതില്‍ ഈ ദിനത്തിന് വലിയ പ്രാധാന്യമുണ്ട്.
1992 നവംബര്‍ 19 നാണ് യുനസ്‌കോയുടെ ആഹ്വാന പ്രകാരം പുരുഷ ദിനം ആചരിച്ചു തുടങ്ങിയത്. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ ആണ് യുനസ്‌കോ ഈ ദിനം ആചരിക്കുന്നതിന് തുടക്കം കുറിച്ചത്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ലിംഗസമത്വം, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, പോസിറ്റീവായ പുരുഷ മാതൃകകള്‍ പ്രദാനം ചെയ്യുക എന്നിങ്ങനെ പുരുഷന്മാര്‍ നേരിടുന്ന വിവിധ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ് ലക്ഷ്യം.
2007 മുതലാണ് ഇന്ത്യയില്‍ പുരുഷ ദിനാചരണം തുടങ്ങിയത്. സേവ് ഇന്ത്യന്‍ ഫാമിലി എന്ന പുരുഷാവകാശ സംഘടനയാണ് പുരുഷ ദിനാചരണം ഇന്ത്യയിലെത്തിച്ചത്.
ഇന്ത്യയില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ പുരുഷന്മാരുടെ ആത്മഹത്യയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. 2014ല്‍ പുരുഷന്മാരുടെ ആത്മഹത്യ നിരക്ക് 89,129 ആയിരുന്നു. 2021ല്‍ 1,18,979 ആയി ഉയര്‍ന്നു. താരതമ്യപ്പെടുത്തുമ്പോള്‍, സ്ത്രീ ആത്മഹത്യ മരണങ്ങള്‍ 2014ല്‍ 4,521 ആയിരുന്നു. 2021ല്‍ 45,026 ആയി.
2021ല്‍ വിവാഹിതരായ പുരുഷന്മാരുടെ ആത്മഹത്യാനിരക്ക് 2021ല്‍ മൂന്നിരട്ടിയായി. ഒരു ലക്ഷത്തില്‍ 24.3 മരണങ്ങള്‍ എന്നതാണ് കണക്ക്. സ്ത്രീകളില്‍ ഇത് ഒരു ലക്ഷത്തില്‍ 8.4 മരണങ്ങളാണ്.
ആരോഗ്യപരവും കുടുംബപരവുമായ പ്രശ്‌നങ്ങളുടെ സാന്നിധ്യവും ഇന്ത്യന്‍ പുരുഷന്മാര്‍ക്കിടയിലെ ആത്മഹത്യകള്‍ വര്‍ധിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. നാഷണല്‍ െ്രെകം റെക്കോര്‍ഡ് ബ്യൂറോയില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍, ഏറ്റവും ഉയര്‍ന്ന ആത്മഹത്യ മരണനിരക്ക് (27.2%) 3044 പ്രായമുള്ള പുരുഷന്മാരില്‍ ആണെന്നാണ് റിപ്പോര്‍ട്ട്.
ഇത് 2014 ല്‍ 22.7% ആയിരുന്നു. അതേസമയം ഇതേ കാലയളവില്‍ ആത്മഹത്യ ചെയ്ത 18നും 29നും ഇടയില്‍ പ്രായമുള്ള യുവാക്കളുടെ കണക്ക് 20%ല്‍ നിന്ന് 25.6% ആയി വര്‍ധിച്ചു. മൊത്തത്തില്‍, 2014 നും 2021 നും ഇടയില്‍, പുരുഷന്മാരുടെ ആത്മഹത്യ കേസുകള്‍ 33.5% വര്‍ധിച്ചു.
ദിവസവേതന തൊഴിലാളികളായ, പുരുഷന്മാരുടെയും സ്ത്രീകളുടെയും ആത്മഹത്യയില്‍ വലിയ വര്‍ധനവ് ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. 2014 മുതല്‍ 2021 വരെ ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ചു. പുരുഷന്മാര്‍ 13,944 ല്‍ നിന്ന് 37,751 ആയും സ്ത്രീകള്‍ 1,791 ല്‍ നിന്ന് 4,246 ആയും ഉയര്‍ന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, 2021ല്‍ തൊഴിലില്ലാത്ത പുരുഷന്മാരുടെ ആത്മഹത്യ നിരക്ക് 48.2%ഉം സ്ത്രീകളുടേത് 27.8% ഉം ആണ്.

 

Latest News