- ആരും പോവില്ല, നവകേരള സദസ്സുമായി സഹകരിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. പി.എം.എ സലാം
മലപ്പുറം - നവകേരള സദസ്സുമായി സഹകരിക്കില്ലെന്നും ഇതുസംബന്ധിച്ച് യു.ഡി.എഫ് വളരെ വ്യക്തമായ തീരുമാനം എടുത്തിട്ടുണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി.
നവകേരള സദസുമായി സഹകരിക്കുന്നില്ല. എന്താണതിൽ സംശയം? നിങ്ങൾക്ക് ഇങ്ങനെ സംശയമുണ്ടായാൽ വല്യ ബുദ്ധിമുട്ടാണെന്നും യു.ഡി.എഫ് ഇടത് സർക്കാറിനെതിരെയുള്ള വിചാരണ സദസ്സിനാണ് ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
നവകേരള സദസ്സുമായി സഹകരിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും ആരും പോവില്ലെന്നും ലീഗ് ഭാരവാഹികൾ അത്തരം പരിപാടികളിൽ പങ്കെടുത്തിട്ടില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. ഉത്തരവാദപ്പെട്ട ആരും നവകേരള സദസിലേക്ക് പോകില്ലെന്ന് തന്നെയാണ് വിശ്വാസം. മുഖ്യമന്ത്രിയുമായ നവകേരള സദസ്സിൽ പങ്കെടുത്ത എൻ.എ അബൂബക്കർ നിലവിൽ ലീഗ് ഭാരവാഹിയല്ലെന്നും കേരള ബാങ്ക് വിഷയത്തിൽ എല്ലാ ദിവസവും പ്രതിരിക്കേണ്ടതില്ലെന്നും സലാം ചോദ്യത്തോടായി പ്രതികരിച്ചു.
അതിനിടെ, നവകേരള സദസ്സിലെ പാർട്ടി പ്രവർത്തകരുടെ സാന്നിധ്യം, ലീഗ് നേതാവിന്റെ കേരള ബാങ്കിലെ ഡയരക്ടർ സ്ഥാനം തുടങ്ങിയ വിഷയങ്ങളിൽ പാർട്ടിയിലും മുന്നണിയിലും സമൂഹമാധ്യമങ്ങളിലും ഉയരുന്ന വിമർശങ്ങൾ ചർച്ച ചെയ്യാനായി ലീഗ് നേതാക്കളിൽ ചിലർ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ എത്തിയിട്ടുണ്ട്. പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, അബ്ദുറഹ്മാൻ രണ്ടത്താണി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാണക്കാട്ട് ചർച്ചകൾ നടക്കുന്നത്.