Sorry, you need to enable JavaScript to visit this website.

'അതിന് എന്നെ കിട്ടില്ല'; ലീഗ്-സി.പി.എം കൂട്ടുകെട്ടിൽ നിലപാട് വ്യക്തമാക്കി കെ.പി.എ മജീദ്

കോഴിക്കോട് - മുസ്‌ലിം ലീഗ് അണികളെ സ്വാധീനിക്കാൻ സി.പി.എം നടത്തുന്ന രാഷ്ട്രീയ അടവുകൾ പാർട്ടിയിലും മുന്നണിക്കകത്തും പുറത്തും പുതിയ അനുരണനങ്ങൾ സൃഷ്ടിക്കവേ സി.പി.എം കൂട്ടുകെട്ടിൽ നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ് നേതാവും ഗവ. മുൻ ചീഫ് വിപ്പുമായ കെ.പി.എ മജീദ് എം.എൽ.എ രംഗത്ത്. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.പി.എ മജീദ് നിലപാട് അറിയിച്ചത്.
 1974-ൽ പി.എം.എസ്.എ പൂക്കോയ തങ്ങൾ കമ്മ്യൂണിസത്തോടുള്ള ലീഗ് നിലപാട് വ്യക്തമാക്കിയത് ആവർത്തിച്ചുള്ള, 'അതിന് എന്നെ കിട്ടില്ലെന്ന' തലക്കെട്ടോടെയുള്ള പഴയ പത്രവാർത്ത പങ്കുവെച്ചാണ് കെ.പി.എ മജീദിന്റെ എഫ്.ബി പോസ്റ്റ്. പൂക്കോയ തങ്ങളുടെ പ്രഖ്യാപനത്തിന് ഇന്നും കാരിരുമ്പിന്റെ ശക്തിയാണെന്നും അത് തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും കെ.പി.എ മജീദ് ഓർമിപ്പിക്കുന്നു. മുസ്‌ലിംലീഗിനെയും യു.ഡി.എഫിനെയും ദുർബലപ്പെടുത്താനുള്ള ഊഹാപോഹങ്ങളിലും വ്യാജ വാർത്തകളിലും ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

 കമ്യൂണിസത്തോടുള്ള നിലപാട് 1974ൽ പി.എം.എസ്.എ പൂക്കോയ തങ്ങൾ പറഞ്ഞിട്ടുണ്ട്. മുസ്‌ലിംലീഗിലെ ഒരുപറ്റം ആളുകൾ കമ്യൂണിസ്റ്റുകാരന്റെ ആലയിലേക്ക് ഓടുന്ന ദൗർഭാഗ്യകരമായ കാലമായിരുന്നു അത്. മഹാനായ പൂക്കോയ തങ്ങൾ രോഗവുമായി മല്ലിടുകയായിരുന്നു. ബോംബെയിലെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് തിരിച്ചെത്തിയപ്പോൾ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ ഉദ്ധരിച്ച് കൊണ്ടായിരുന്നു പാണക്കാട്ടെ തങ്ങളുടെ പ്രഖ്യാപനം.
 തങ്ങളുടെ വാക്കുകൾ ഇങ്ങനെയാണ്. ''അതിന് എന്നെ കിട്ടില്ല. മാർക്‌സിസ്റ്റ് പാർട്ടിയുമായി കൂട്ടുകൂടാൻ മരണം വരെ എന്നെ കിട്ടില്ല. മരിക്കുന്നതിന് മുമ്പ് ബാഫഖി തങ്ങൾ എന്നോട് പറഞ്ഞിരുന്നു. പൂക്കോയാ, മരണം വരെ നമ്മളിനി മാർക്‌സിസ്റ്റുമായി കൂട്ടില്ല. അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ. എന്റെ പ്രാർത്ഥനയും അതാണ്. ബാഫഖി തങ്ങളുടെ ആജ്ഞയാണ്, അദ്ദേഹത്തിന്റെ അഭിലാഷമാണ് ഞാൻ നടപ്പാക്കിയത്.''
പൂക്കോയ തങ്ങളുടെ പ്രഖ്യാപനത്തിന് ഇന്നും കാരിരുമ്പിന്റെ ശക്തിയാണ്. അത് തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. മുസ്‌ലിംലീഗിനെയും യു.ഡി.എഫിനെയും ദുർബലപ്പെടുത്താനുള്ള ഊഹാപോഹങ്ങളിലും വ്യാജ വാർത്തകളിലും ആരും വഞ്ചിതരാകരുത്.
K.P.A Majeed
 

Latest News