Sorry, you need to enable JavaScript to visit this website.

റോബിന്‍ ബസ് ഇന്നും കോയമ്പത്തൂരിലേക്ക്  പുറപ്പെട്ടു, വെട്ടാന്‍ കെഎസ്ആര്‍ടിസിയും

പത്തനംതിട്ട- ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ട സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റോബിന്‍ ബസുമായി മത്സരിക്കാനുറച്ച് കെഎസ്ആര്‍ടിസി. റോബിന്‍ ബസ് സര്‍വീസ് നടത്തുന്ന പത്തനംതിട്ട- കോയമ്പത്തൂര്‍ റൂട്ടില്‍ തന്നെ കെഎസ്ആര്‍ടിസിയും സര്‍വീസ് തുടങ്ങി. റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുന്‍പ് കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസ് യാത്ര പുറപ്പെട്ടു. പത്തനംതിട്ടയില്‍ നിന്ന് പുലര്‍ച്ചെ 4.30നാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചത്. 
പത്തനംതിട്ട- കോയമ്പത്തൂര്‍ റൂട്ടില്‍ റോബിന്‍ ബസിന്റെ യാത്രാനിരക്ക് 650 രൂപ ആണ്. കെഎസ്ആര്‍ടിസിയുടേത് 659 രൂപ. പത്തനംതിട്ട - എരുമേലി - കോയമ്പത്തൂര്‍ റൂട്ടിലാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുന്നത്. കോയമ്പത്തൂരില്‍നിന്ന് വൈകുന്നേരം 4.30 ന് തിരികെ സര്‍വീസ് നടത്തും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂര്‍, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് കെഎസ്ആര്‍ടിസി സര്‍വീസ്. 
ഇന്നലെ ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ കേരളത്തിലും തമിഴ്നാട്ടിലും പിഴയിട്ട റോബിന്‍ ബസ് ഇന്നും സര്‍വീസ് നടത്തി. കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ റോബിന്‍ ബസിന് കേരളത്തിലും തമിഴ്നാട്ടിലുമായി ഒരു ലക്ഷത്തിലധികം രൂപയാണ് ഇന്നലെ പിഴയിട്ടത്. എന്നാല്‍ പിഴ കാര്യമാക്കുന്നില്ലെന്നും സര്‍വീസുമായി മുന്നോട്ടുപോകുമെന്നുമാണ് റോബിന്‍ ബസ് ജീവനക്കാര്‍ പറയുന്നത്.അനുമതിയില്ലാതെ സര്‍വ്വീസ് നടത്തിയതിനാണ് തമിഴ്നാട്ടില്‍ നടപടിയെടുത്തത്. കേരളത്തില്‍ ഈടാക്കിയതിന്റെ ഇരട്ടിയോളമാണ് ബസുടമ അടയ്‌ക്കേണ്ടി വന്നത്. ചാവടി ചെക്ക് പോസ്റ്റിലാണ് റോബിന്‍ മോട്ടോഴ്‌സിന് 70,410 രൂപ പിഴയടക്കേണ്ടി വന്നത്.  ഈ തുകയില്‍ പിഴയ്‌ക്കൊപ്പം ടാക്‌സും  ഈടാക്കി. 
ഒരാഴ്ചത്തെ ടാക്‌സും പിഴയും അടച്ച് വാഹന ഉടമ സര്‍വീസ് തുടര്‍ന്നു. ഇതോടെ നവംബര്‍ 24 വരെ തമിഴ്‌നാട്ടിലേക്ക് സര്‍വ്വീസ് നടത്താന്‍ സാധിക്കും. ഇന്നലെ രാവിലെ അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട റോബിന്‍ ബസ് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപയാണ് ആദ്യം പിഴ ചുമത്തിയത്. എന്നാല്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തില്ല. തുടര്‍ന്ന് പാലായിലും അങ്കമാലിയും ബസ് തടഞ്ഞ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.  ആകെ 37, 500 രൂപ ഇതുവരെ കേരളത്തില്‍ നിന്ന് പിഴ വന്നുവെന്ന് റോബിന്‍ ബസുടമ പറഞ്ഞു. നാലിടത്ത് നിര്‍ത്തി പരിശോധനയും ഒരിടത്ത് അല്ലാതെയും പരിശോധന നടത്തി. 
അഖിലേന്ത്യ പെര്‍മിറ്റുമായി സര്‍വീസ് തുടങ്ങിയ റോബിന്‍ ബസിന് ഇന്നലെ കേരളത്തിലും തമിഴ്നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴയാണ് അധികൃതര്‍ ചുമത്തിയത്. സംസ്ഥാനത്ത് നാലിടത്ത് ബസ് തടഞ്ഞായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് പരിശോധന. പിടിച്ചെടുക്കരുത് ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ പിഴയീടാക്കി എംവിഡി വിട്ടയച്ചു. കോണ്‍ട്രാക്ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ അനുവാദമുള്ളൂവെന്നും, ഓരോ സ്റ്റോപ്പില്‍ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായി ഓടാന്‍ അനുവാദമില്ലെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പ് നിലപാട്. 
അടുത്ത ദിവസം ഗതാഗത സെക്രട്ടറി തന്നെ റോബിന്‍ ബസിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റോബിന്‍ ബസ് ഉടമ നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ നിയമപരമായി നേരിടാന്‍ തന്നെയാണ് റോബിന്‍ ബസ് ഉടമ ഗീരീഷിന്റെ തീരുമാനം.
 

Latest News