Sorry, you need to enable JavaScript to visit this website.

സൈനിക സാന്നിധ്യം ഇന്ത്യ പിന്‍വലിക്കണം:  മാലിദ്വീപ് പ്രസിഡന്റ്

മാലി- സൈനിക സാന്നിധ്യം ഇന്ത്യ പിന്‍വലിക്കണമെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടു. ഇന്ത്യന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ ആവശ്യം മാലിദ്വീപ് ഉന്നയിച്ചത്. പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം പറഞ്ഞു. 

ജനാധിപത്യ ഇച്ഛയെ ഇന്ത്യ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു. മാലദ്വീപിലെ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്നായിരുന്നു മുഹമ്മദ് മുയിസുവിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. വിജയത്തിന് ശേഷവും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ തൊട്ടു പിറ്റേന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ അദ്ദേഹം ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടത്. 

സെപ്റ്റംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ അഭ്യര്‍ഥിക്കാനാണ് മാലിദ്വീപ് ജനത തനിക്ക് ജനവിധി നല്‍കിയതെന്നും മാലിദ്വീപിലെ ജനങ്ങളുടെ ജനാധിപത്യ ഇച്ഛയെ ഇന്ത്യ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 

മാലിദ്വീപിന്റെ എട്ടാമത്തെ പ്രസിഡന്റായാണ് 45കാരനായ മുയിസു അധികാരമേറ്റത്. മുയിസുവിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാാണ് റിജിജു മാലിയിലെത്തിയത്.

Latest News