Sorry, you need to enable JavaScript to visit this website.

നവകേരള സദസ്സ്; പിണറായി സർക്കാർ സ്‌കൂളുകളെ രാഷ്ട്രീയ ചട്ടുകമാക്കുന്നുവെന്ന് വിമർശം

- കേന്ദ്രത്തിൽ കാവിവത്കരണം, കേരളത്തിൽ ചുവപ്പുവത്കരണം
തിരുവനന്തപുരം / കോഴിക്കോട് -
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ പാഠപുസ്തകത്തിൽ കാവിവത്കരണത്തിന് ശ്രമിക്കുമ്പോൾ കേരളത്തിൽ പിണറായി സർക്കാർ സ്‌കൂളുകളെ ചുവപ്പുവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് വിമർശം. പിണറായി വിജയന്റെ നേതൃത്വത്തിൽ കാസർകോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച നവകേരള സദസ്സിനെയാണ് സർക്കാർ പരിപാടിയെന്ന വ്യാജേന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇടത് രാഷ്ട്രീയത്തിന്റെ പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നത്. 
 ഇടത് സർക്കാറിന്റെ ഭരണ നേട്ടങ്ങളും പ്രതിപക്ഷ പാർട്ടികൾക്കെതിരെയുള്ള രാഷ്ട്രീയ വിമർശങ്ങളും പ്രധാന വിഷയമാകുന്ന നവകേരള യാത്ര പൂർണമായും ഇടതുരാഷ്ട്രീയമാണ് വിളംബരം ചെയ്യുന്നത്. അതിൽ യോജിപ്പിന്റെയും വിയോജിപ്പിന്റെയും ഒട്ടേറെ തലങ്ങളുണ്ടെന്നിരിക്കെ, കോടികൾ പൊടിച്ചുള്ള പിണറായി സർക്കാറിന്റെ യാത്രയെ എന്തിനാണ് സ്‌കൂളുകളുമായും മറ്റു സർക്കാർ സംവിധാനങ്ങളുമായി കൂട്ടിക്കെട്ടി രാഷ്ട്രീയവത്കരിക്കുന്നതെന്നാണ് ചോദ്യം. 
 ഇങ്ങനെയെങ്കിൽ ഇനി വരാനിരിക്കുന്ന മറ്റു സർക്കാറുകളും ഇവ്വിധം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ പ്രചാരണത്തിന് ആയുധമാക്കുമെന്നും അത് വളരെ തെറ്റായ ഫലമാണ് ഉളവാക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മോഡി സർക്കാർ കേന്ദ്രത്തിൽ നടത്തുന്ന കാവിവത്കരണത്തിന്റെ മറ്റൊരു പതിപ്പാണ് കേരളത്തിൽ അരങ്ങേറുന്നതെന്നും ഇത് രണ്ടും ഉപേക്ഷിക്കേണ്ടതാണെന്നുമാണ് അന്ധമായ കക്ഷിരാഷ്ട്രീയം തലക്കു പിടിക്കാത്തവർ ചൂണ്ടിക്കാണിക്കുന്നത്.
 ഓരോ മണ്ഡലത്തിലെയും നവകേരള സദസ്സ് വിജയിപ്പിക്കാൻ അതത് പാർട്ടി മുന്നണി പ്രവർത്തകർക്ക് പുറമേ സ്‌കൂളുകളെയും പങ്കാളികളാക്കാനും അതിന് പ്രചാരണം നൽകാനുമാണ് വിവിധ തദ്ദേശ സ്ഥാപനങ്ങൾ വഴി മുകളിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾ. ഇതനുസരിച്ച് സ്‌കൂൾ വാഹനങ്ങൾ നവകേരള സദസ്സിനായി വിട്ടുനൽകാനും കുട്ടികൾക്കിടിയിൽ നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം വിവിധ മത്സരങ്ങൾ നടത്താനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
  സംസ്ഥാനം ഇരു മുന്നണികൾ ഭരിച്ച സമയങ്ങളിലെല്ലാം രാഷ്ട്രീയ യാത്രകൾ പതിവുള്ളതാണെങ്കിലും സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഭരണകക്ഷിയുടെ രാഷ്ട്രീയം പ്രചരിപ്പിക്കാൻ ഒരിക്കലും ഉപയോഗിച്ചിരുന്നില്ലെന്നാണ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവർ പോലും പറയുന്നത്. 'ഞങ്ങളൊക്കെ ഇടതുപക്ഷമാണ്. പക്ഷേ, നവകേരള സദസ്സ് പോലുള്ള ഒരു രാഷ്ട്രീയ യാത്രയുടെ പ്രചാരണത്തിനും വിജയത്തിനും പള്ളിക്കൂടങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തെറ്റായ സന്ദേശമാണെന്നും അത് ഭാവിയിൽ വലിയ പരുക്കുകൾക്ക് ഇടയാക്കുമെന്നും പലരും തുറന്നുപറഞ്ഞു. സ്‌കൂളുകളിൽ നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം കുട്ടികളിൽ ക്വിസ്, ചിത്രരചന, കളർ പെയ്ന്റിംഗ് ഉൾപ്പെടെ വിവിധ മത്സരങ്ങൾ അടിച്ചേൽപ്പിക്കാൻ പ്രധാനാധ്യാപകർക്കുമേൽ കടുത്ത സമ്മർദ്ദമുണ്ടെന്നും വിവിധ അധ്യാപക യൂണിയനുകൾ തമ്മിൽ ഇതിന്റെ പേരിൽ അസ്വാരസ്യങ്ങൾക്കുള്ള സാധ്യതകൾ അടക്കമാണ് പിണറായി സർക്കാർ തുറന്നിടുന്നതെന്നും ഇവർ ഓർമിപ്പിക്കുന്നു. സ്‌കൂളുകളിൽ അനാവശ്യ രാഷ്ട്രീയം തിരുകിക്കയറ്റുന്ന ഈ പ്രവണത ഒട്ടും ആശാസ്യമല്ലെന്നും ഇവർ വ്യക്തമാക്കുന്നു.
 അതിനിടെ, പിണറായി സർക്കാറിന്റെ നവകേരള സദസ്സിന് സ്‌കൂൾ ബസുകൾ വിട്ടുനൽകണമെന്ന പഴയ ഉത്തരവിൽ വിദ്യാഭ്യാസ വകുപ്പ് ദേദഗതി വരുത്തി കത്ത് നൽകിയതായും വിവരമുണ്ട്. പ്രവൃത്തി സമയത്തെ ബാധിക്കാത്ത വിധം ക്രമീകരിക്കണമെന്നാണ് പുതുക്കിയ നിർദ്ദേശം. എല്ലാ ഡി.ഡി.ഇമാർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഈ കത്ത് അയച്ചത്.
 സംഘടക സമിതി ആവശ്യപ്പെട്ടാൽ നവകേരള സദസ്സുകൾക്കുവേണ്ടി സ്‌കൂൾ ബസുകൾ വിട്ടുകൊടുക്കണമെന്ന ആദ്യ ഉത്തരവ് വൻ വിമർശങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് സർക്കാർ പുതിയ ഉത്തരവിട്ടത്. ഭരണകക്ഷിയായാലും പ്രതിപക്ഷമായാലും ഇരു മുന്നണികൾക്കും കൃത്യമായ കക്ഷിരാഷ്ട്രീയം ഉണ്ടെന്നിരിക്കെ, കേവലം രാഷ്ട്രീയമായ യാത്രകളെ ഭരണസ്വാധീനം ഉപയോഗിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അത് വൻ ദുരന്തമാകുമെന്നും പലരും ഓർമിപ്പിക്കുന്നു. ഇടതുപക്ഷത്തിന് സ്വന്തം ജാഥ നടത്താനും വിജയിപ്പിക്കാനുമൊക്കെ രാഷ്ട്രീയ ശേഷിയുണ്ടെന്നിരിക്കെ, എന്തിനാണ് സ്‌കൂളുകളിൽ സർക്കാർ അന്ധമായ കക്ഷിരാഷ്ട്രീയം കലർത്തുന്നതെന്നാണ് വിവിധ കേന്ദ്രങ്ങളിൽനിന്ന് ഉയരുന്ന ചോദ്യം.

Latest News