Sorry, you need to enable JavaScript to visit this website.

വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കൽ സംഘർഷത്തിൽ, ഉദ്യോഗസ്ഥർക്ക് നേരെ തിളച്ച പാൽ ഒഴിച്ചു

ചെങ്ങന്നൂർ(ആലപ്പുഴ)- വഴിയോര കച്ചവടക്കാരെ നഗരസഭ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ കച്ചവടക്കാരി ഒഴിച്ച തിളച്ച പാൽ വീണ് കൗൺസിലർമാർക്കും ജീവനക്കാർക്കും പരിക്കേറ്റു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റ്റി. കുമാരി, കൗൺസിലർ ശോഭ വർഗ്ഗീസ്, ക്ലീൻ സിറ്റി മാനേജർ ഇൻ ചാർജ് സി. നിഷ, ശുചീകരണ തൊഴിലാളികളായ എൻ. മുത്തുക്കുട്ടി, ബി.സുര, വി.ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്. നഗരസഭാ ഉദ്യോഗസ്ഥർക്കു പുറമേ പോലീസുകാരുടേയും നാട്ടുകാരുടേയും ദേഹത്ത് ചൂടു പാൽ വീണു. ശനിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് നഗരസഭ ക്ലീൻ  സിറ്റി മാനേജർ ഇൻ ചാർജ് സി. നിഷയുടെ നേതൃത്വത്തിലുളള സംഘം നഗരസഭ ഓഫീസിനു സമീപം റെയിൽവേ സ്റ്റേഷൻ റോഡിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചത്. റെയിൽവേ സ്റ്റേഷനു മുൻവശം ഫുട്പാത്ത് അടച്ച് കച്ചവടം നടത്തിയവരെ ഒഴിപ്പിക്കുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. കച്ചവടം നടത്തിയിരുന്ന തിട്ടമേൽ മോഴിയാട്ട് പ്രസന്നയും മകൾ രാഖി ദിലീപും ചേർന്ന് ജീവനക്കാരുമായി തർക്കത്തിലായി. ഇതിനിടയിൽ രാഖി ദിലീപ് തിളച്ച പാൽ എടുത്ത് ജീവനക്കാരുടെ നേർക്ക് ഒഴിക്കുകയായിരുന്നു. തിളച്ച എണ്ണ കൂടി ഒഴിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ജീവനക്കാരും പോലീസുകാരും ഇടപെട്ട് തടയുകയായിരുന്നു.ഇതിനിടയിൽ വഴിയോര കച്ചവടക്കാരുടെ സംഘടനയിലെ സി. പി.എം.നേതാക്കൾ സ്ഥലത്തെത്തി ജീവനക്കാരെ തടയാൻ ശ്രമിച്ചു. സംഘർഷത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി തടയാൻ ശ്രമിച്ച സി.പി.എം കാരെ സ്ഥലത്തു നിന്ന് നീക്കി. സംഘർഷത്തെ തുടർന്ന് നഗരസഭയിൽ നിന്ന് ചെയർപേഴ്സൺ സൂസമ്മ ഏബ്രഹാം, വൈസ് ചെയർമാൻ മനീഷ് കീഴാമഠത്തിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ മിനി സജൻ, റിജോ ജോൺ ജോർജ് , റ്റി. കുമാരി, അശോക് പടിപ്പുരയ്ക്കൽ, ശ്രീദേവി ബാലകൃഷ്ണൻ , എന്നിവരും കൗൺസിലർമാരും സ്ഥലത്തെത്തിയിരുന്നു. സി.പി.എം.നേതാക്കൾ ചെയർപേഴ്സണിനും വൈസ് ചെയർമാനും എതിരെ പ്രതിഷേധവുമായി വന്നെങ്കിലും സി.ഐ. എ.സി.വിപിന്റെ നേതൃത്വത്തിലുള്ള സംഘം ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ഇതേ തുടർന്ന് കച്ചവടം നടത്തിയിരുന്ന പ്രസന്നയും രാഖിയും സാധനങ്ങൾ വഴിയരുകിൽ നിന്ന് സാധനങ്ങൾ എടുത്തു മാറ്റി കച്ചവടം അവസാനിപ്പിക്കാൻ തയ്യാറാകുകയായിരുന്നു.
 

Latest News