Sorry, you need to enable JavaScript to visit this website.

വയനാട് മനുഷ്യർ ബന്ദികളായി മാറിയ ഭൂപ്രദേശം -ബിഷപ് ഡോ. ജോസഫ് മാർ തോമസ്

ഫാർമേഴ്‌സ് റിലീഫ് ഫോറം സംസ്ഥാന പ്രവർത്തക കൺവെൻഷൻ നടവയലിൽ ബത്തേരി രൂപത ബിഷപ് ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്യുന്നു. 

നടവയൽ- മനുഷ്യർ ബന്ദികളായി മാറിയ ഭൂപ്രദേശമാണ് വയനാടെന്ന് ബത്തേരി രൂപത ബിഷപ് ഡോ. ജോസഫ് മാർ തോമസ്. ഫാർമേഴ്‌സ് റിലീഫ് ഫോറം സംസ്ഥാന പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വതന്ത്രമായി സഞ്ചരിക്കാൻപോലും കഴിയാത്ത സ്ഥിതിയിലാണ് ജില്ലയിലെ ജനം. പശ്ചിമഘട്ട മലനിരകൾ ഘട്ടങ്ങളായി  വനമാക്കി മാറ്റുന്നതിന് ഗൂഢനീക്കം നടന്നുവരികയാണ്. വനാതിർത്തി പ്രദേശങ്ങളെ കരുതൽ മേഖലയാക്കുന്നത് ഈ രഹസ്യ അജൻഡയുടെ ഭാഗമാണ്. പുറമേയുള്ള സമ്പന്നർക്ക് ജീവിതാസ്വാദനത്തിനുള്ള ഇടത്താവളമായി ജില്ല മാറുന്ന സാഹചര്യമാണുള്ളത്. വികസന മുരടിപ്പ് ജില്ലയിൽ പ്രകടമാണ്. കർഷകർക്ക് ഉപദ്രവം ചെയ്യുന്ന നയങ്ങളാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രാവർത്തികമാക്കുന്നത്. സർക്കാരുകൾ മനസ്സുവെച്ചാൽ ഒറ്റദിവസംകൊണ്ട് കർഷക ആത്മഹത്യ ഇല്ലാതാക്കാൻ കഴിയുമെന്നും ബിഷപ് പറഞ്ഞു. ചെയർമാൻ ബേബി സക്കറിയാസ് അധ്യക്ഷത വഹിച്ചു. 'കർഷകമിത്രം' ചെയർമാൻ പി.എം. ജോയി മുഖ്യപ്രഭാഷണം നടത്തി. ഹോളിക്രോസ് ആർക്കി എപ്പിസ്‌കോപ്പൽ ചർച്ച് ആർച്ച് ഫ്രീസ്റ്റ് ഫാ. ഗർവാസിസ് മറ്റം, ഫോറം സംസ്ഥാന ഭാരവാഹികളായ എൻ.ജെ. ചാക്കോ, ടി. ഇബ്രായി, ജില്ലാ ചെയർമാൻ പി.എം. ജോർജ്, എ.എൻ. മുകുന്ദൻ, എ.സി. തോമസ്, അലക്‌സാണ്ടർ, സാലസ് മാത്യു, ജോസ് പള്ളിക്കാമഠം എന്നിവർ പ്രസംഗിച്ചു.

 

Latest News