Sorry, you need to enable JavaScript to visit this website.

യൂത്ത് കോണ്‍ഗ്രസ് ഐ.ഡി കാര്‍ഡ് വിവാദം അന്വേഷിക്കാന്‍ പ്രത്യേക സംഘം

തിരുവനന്തപുരം - യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലെ ഐ.ഡി കാര്‍ഡ് വിവാദം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. മ്യൂസിയം എസ്.എച്ച്.ഒയാണ് അന്വേഷണോദ്യോഗസ്ഥന്‍. സൈബര്‍ പോലീസ് ഉള്‍പ്പെടെ എട്ട് അംഗങ്ങള്‍ക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം ഡി.സി.പി നിധിന്‍രാജും കന്റോണ്‍മെന്റ് എ.സി.യും മേല്‍നോട്ടം വഹിക്കും. അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
തിരഞ്ഞെടുപ്പില്‍ പങ്കെടുത്തവരുടെയും സ്ഥാനാര്‍ഥികളുടെയും മൊഴിയെടുക്കും. മൊബൈല്‍ ആപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും ഡി.സി.പി അറിയിച്ചു. റിപ്പോര്‍ട്ടുകള്‍ നിശ്ചിതസമയത്തിനകംതന്നെ നല്‍കും. മൊബൈല്‍ ആപ്ലിക്കേഷന്‍ എന്ത് ലക്ഷ്യം വെച്ചാണ് നിര്‍മിച്ചതെന്ന് അന്വേഷിക്കും. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഡി.സി.പി അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകാട്ടാന്‍ ഇലക്ഷന്‍ കമ്മിഷന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് അംഗത്വത്തിന് സ്വീകരിച്ചിരുന്ന അടിസ്ഥാന രേഖകളിലൊന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡായിരുന്നു. ഫോട്ടോ നല്‍കിയാല്‍ വ്യാജ വോട്ടര്‍ കാര്‍ഡ് നിര്‍മിച്ചുനല്‍കുന്ന മൊബൈല്‍ ആപ്പും ഇതിനായി ഉപയോഗിച്ചു. ഇതിലൂടെ ചില സ്ഥാനാര്‍ഥികള്‍ ജയിച്ചെന്നാണ് പരാതി.

 

Latest News