കണ്ണൂർ - കണ്ണൂരിലെ കർഷക ആത്മഹത്യയ്ക്ക് പിന്നിൽ ലളിതമായ കാരണങ്ങളെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കർഷകനും പെൻഷൻ കിട്ടാത്തത് കൊണ്ട് മരിക്കുമെന്ന് പറയാൻ കഴിയില്ല. കാട്ടാന ശല്യത്തിൽ ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടോ.? ആത്മഹത്യാക്കുറിപ്പുകളിലും സംശയമുണ്ട്. ഇതേക്കുറിച്ച് അന്വേഷണം ആവശ്യമാണ്. ഇ.പി ജയരാജൻ പറഞ്ഞു. മലപ്പുറത്ത് പി. അബ്ദുൾ ഹമീദിനെതിരെ പോസ്റ്റർ പതിച്ചത് കോൺഗ്രസാണ്. കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം ഏറ്റെടുത്ത ലീഗ് നിലപാട് സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ ലീഗിൽ ഒരു ഭിന്നതയുമില്ല. കോൺഗ്രസിന് മാത്രമാണ് പ്രശ്നം. - ജയരാജൻ പറഞ്ഞു.
കേരളത്തിലെ ഇടതു സർക്കാരിൻ്റെ നവകേരള സദസ്സ് മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കണമെന്നും നവകേരള സദസ് ബഹിഷ്കരിച്ചാൽ നഷ്ടം യുഡിഎഫിന് മാത്രമായിരിക്കും. പ്രശ്നങ്ങൾ അവതരിപ്പിക്കാൻ അവസരം നിഷേധിച്ചാൽ ജനം യുഡിഎഫിനെതിരെ തിരിയുമെന്നും ഇ.പി കൂട്ടിച്ചേർത്തു.