മലപ്പുറം- സംസ്ഥാനത്തെയാകെ വലച്ച പ്രളയക്കെടുതിയുടെ രൗദ്രഭാവം വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ആദ്യ ദൃശ്യങ്ങളിലൊന്നായിരുന്നു മലപ്പുറം ജില്ലയിലെ വണ്ടൂരിനടത്ത് നായാട്ടുകല്ലില്‍ കുത്തിയൊഴുകുന്ന വെള്ളത്തോടൊപ്പം റോഡ് ഒലിച്ചു പോകുന്ന രംഗം. വ്യാഴാഴ്ച ദേശീയ മാധ്യമങ്ങളിലടക്കം ഇടം പിടിച്ചിരുന്നു ഈ ചിത്രം. മലപ്പുറം ജില്ലയില്‍ രക്ഷാ പ്രവര്‍ത്തന രംഗത്ത് സജീവമായുള്ള സൈനികര്‍ ഇവിടെ റോഡിന്റെ കുത്തിയൊലിച്ചു പോയ ഭാഗത്ത് താല്‍ക്കാലിക പാലം നിര്‍മ്മിച്ചു പൊതുജനങ്ങള്‍ക്ക് ഇരുഭാഗത്തേക്കും കടന്നു പോകാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നു. കരസേനയുടെ എഞ്ചിനീയറിങ് സര്‍വീസസ് ഗ്രൂപ്പ് ആണ് തെങ്ങിന്‍ തടികളും കയറും ഉപയോഗിച്ച് കെട്ടുറപ്പുള്ള താല്‍ക്കാലകി നടപ്പാലം പണിതിരിക്കുന്നത്. സൈന്യത്തെ സഹായിക്കാന്‍ നാട്ടുകാരും സജീവമായി രംഗത്തുണ്ടായിരുന്നു. ഈ ഭാഗത്തെ ശക്തമായ നീരൊഴുക്ക് നിലച്ചിട്ടുണ്ടെങ്കിലും വെള്ളക്കെട്ടുണ്ട്.