Sorry, you need to enable JavaScript to visit this website.

ചെങ്കടൽ തീരങ്ങളിൽ കണ്ടൽക്കാടുകളിൽ പ്രകൃതിയുടെ ചിത്രംവര

ജിദ്ദ- സൗദി അറേബ്യയുടെ ചെങ്കടൽ തീരങ്ങളിലും കടൽത്തീരത്തുള്ള ചില ദ്വീപുകളിലും പടർന്നുകിടക്കുന്ന കണ്ടൽ മരങ്ങൾ കാഴ്ചക്കാരെ ആനന്ദിപ്പിക്കുന്നു. പ്രകൃതി ഒരുക്കിയ പെയിന്റിംഗ് കാഴ്ച്ചക്കാരെ ആകർഷിക്കുന്നതിനൊപ്പം ഞണ്ടുകൾ ഉൾപ്പെടെ ധാരാളം ജീവജാലങ്ങളുടെ ആവാസ കേന്ദ്രവുമായി മാറിയിരിക്കുന്നു. കണ്ടൽക്കാടുകൾ അവയുടെ അത്ഭുതകരമായ സ്വഭാവത്തിന് പുറമേ, കടൽത്തീരങ്ങളെ സുസ്ഥിരമാക്കുകയും മണ്ണൊലിപ്പിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. കൊടുങ്കാറ്റുകളെ പ്രതിരോധിക്കാനുള്ള ഇവയുടെ കഴിവ് ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നു. 
ചെങ്കടലിലെ ചരിത്രപരവും പൈതൃകപരവുമായ മരങ്ങളിൽ കണ്ടൽ മരങ്ങൾ ഉൾപ്പെടുന്നതായി മക്ക അൽ മുഖറമ മേഖലയിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖയുടെ ഡയറക്ടർ ജനറൽ എൻജിനീയർ മജീദ് ബിൻ അബ്ദുല്ല അൽ ഖലീഫ് സ്ഥിരീകരിച്ചു. ശൂറ വൃക്ഷം എന്ന പേരും ഇതിനുണ്ട്. 

മത്സ്യം, ചെമ്മീൻ, ക്രസ്‌റ്റേഷ്യൻ ഇനങ്ങളുടെ പുനരുൽപാദനത്തിനും നഴ്‌സറിക്കും ഏറ്റവും അനുയോജ്യമായ അന്തരീക്ഷമായാണ് കണ്ടൽക്കാടുകളുടെ മേഖല കണക്കാക്കുന്നത്. തിരമാലകൾ, ചുഴലിക്കാറ്റുകൾ, വേലിയേറ്റ ചലനങ്ങൾ എന്നിവ മൂലമുണ്ടാകുന്ന മണ്ണൊലിപ്പിന്റെ ഫലങ്ങളിൽനിന്ന് തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിനും അവ ഗണ്യമായ സംഭാവന നൽകുന്നു. ജലത്തിലെ ദ്രാവക മലിനീകരണം ഇല്ലാതാക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും വിവിധ തരം പവിഴപ്പുറ്റുകളുടെ വളർച്ചയെ സഹായിക്കാനും കണ്ടൽക്കാടുകൾക്ക് ശേഷിയുണ്ട്. 
മന്ത്രാലയവും ബന്ധപ്പെട്ട അധികാരികളും ദേശീയ സസ്യ വികസന കേന്ദ്രവുമായി സഹകരിച്ച് മരുഭൂവൽക്കരണം നേരിടാൻ ചെങ്കടൽ തീരത്ത് കണ്ടൽ മരങ്ങളുടെ കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണ്. ഈ മേഖലയിൽ ശാസ്ത്രീയ ഗവേഷണം പ്രയോഗിക്കുന്നതിനുള്ള അടിസ്ഥാന ശിലകളിലൊന്നാണ് കണ്ടൽക്കാടുകൾ. കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുത് വഴി കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ഹരിത ഭാവിയിലേക്കുള്ള ചുവടുകൾ വെക്കാനും സഹായിക്കും.
 

Latest News