Sorry, you need to enable JavaScript to visit this website.

നവകേരളത്തിലേക്ക് ചുവടുവെക്കുമോ

നഷ്ടപ്പെട്ട പ്രതിഛായ തിരിച്ചു പിടിക്കാനായി സംസ്ഥാന മന്ത്രിമാർ ഒന്നടങ്കം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്ന നവകേരള സദസ്സിന് ഇന്ന് തുടക്കം കുറിക്കുകയാണ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് മന്ത്രിസഭ ഒന്നടങ്കം കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലൂടെയും യാത്ര ചെയ്ത് കേരളത്തിലെ ജനങ്ങളുമായി സംവദിക്കുന്നത്. നവംബർ 18 ന് കാസർകോട്ട് നിന്ന് തുടങ്ങി ഡിസംബർ 24 ന് തിരുവനന്തപുരത്ത് അവസാനിക്കുന്നതാണ് നവകേരള സദസ്സ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ വളരെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മന്ത്രിമാർ ഒന്നടങ്കം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ ഭരണം രണ്ടര വർഷം പിന്നിടുമ്പോൾ സർക്കാരിന്റെ പ്രതിഛായയ്ക്ക് വലിയ തോതിൽ മങ്ങലേറ്റതായി സർക്കാരും ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എമ്മും തിരിച്ചറിഞ്ഞ് കഴിഞ്ഞിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കേണ്ടത് സി.പി.എമ്മിനെയും ഇടതു മുന്നണിയെയും സംബന്ധിച്ചിടത്തോളം നിലനിൽപിന്റെ പ്രശ്‌നം കൂടിയാണ്. ഭരണത്തിനെതിരെ വലിയ തോതിലുള്ള അസ്വസ്ഥത ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ടെന്ന യാഥാർത്ഥ്യത്തെ തൽക്കാലത്തേക്ക് മാറ്റിയെടുക്കാനുള്ള ഒറ്റമൂലിയായാണ് നവകേരള സദസ്സിനെ പാർട്ടിയും ഭരണകൂടവും കാണുന്നത്.
നവകേരള സദസ്സ് നടത്തിയതുകൊണ്ട് കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് ഏതെങ്കിലും രീതിയിൽ പരിഹാരം കാണാനാകുമോയെന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. സംസ്ഥാന സർക്കാർ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും കോടികളാണ് നവകേരള സദസ്സ് നടത്താനായി ചെലവിടുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ ഒരു കോടിയിലേറെ രൂപ മുടക്കി അത്യാധുനിക സംവിധാനങ്ങളുള്ള ബെൻസ് ബസ് കൊണ്ടുവരുന്നത് തന്നെ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. 
നവകേരള സദസ്സിന്റെ പേരിൽ സർക്കാർ ധൂർത്ത് നടത്തുകയാണെന്ന് പ്രതിപക്ഷം പറയുമ്പോൾ അതിൽ ചില വസ്തുതകളില്ലേയെന്ന ചോദ്യം കൊടി നിറത്തിന്റെ രാഷ്ട്രീയത്തിനപ്പുറം കാര്യങ്ങളെ കാണുന്ന ജനങ്ങൾക്കിടയിൽ ഉയരുന്നുണ്ട്. നാട്ടിലെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ആധിയും ആശങ്കകളും പരിഹരിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ കൊട്ടിഘോഷിച്ചു നടത്തുന്ന നവകേരള സദ്ദസ്സിന് ഏതെങ്കിലും തരത്തിലുള്ള പ്രസക്തിയുള്ളൂ. അല്ലാത്ത പക്ഷം സർക്കാർ ചെലവിൽ മന്ത്രിമാർ നടത്തുന്ന വിനോദ യാത്രയായി മാത്രം ഇത് മാറിപ്പോകും.
കേരളത്തിലെ മുൻമുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക യാത്രയാണ് നവകേരള സദസ്സിന് മുന്നിലുള്ള ഒരു രാഷ്ട്രീയ മാതൃക. ഉമ്മൻ ചാണ്ടിയുടെ യാത്ര വലിയ പരിധി വരെ വിജയമായിരുന്നുവെന്ന് എതിരാളികൾക്ക് പോലും സമ്മതിക്കേണ്ടി വരും. സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്കും സർക്കാർ സംവിധാനങ്ങളിൽ നിന്ന് അവർ നേരിടുന്ന ബദ്ധിമുട്ടുകൾക്കും വലിയ പരിധി വരെ പരിഹാരം കാണാൻ ഉമ്മൻ ചാണ്ടിയുടെ യാത്രയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സമ്മതിച്ചേ മതിയാകൂ. ഇത് വലിയ അളവിൽ വോട്ടായി മാറിയില്ലെന്നത് വേറെ കാര്യം. ഇത്തരം പരിപാടികളെ വോട്ടാക്കി മാറ്റാനുള്ള സംഘടനാശേഷി കോൺഗ്രസിനും യു.ഡി.എഫിനും ഇല്ലെന്നതാണ് അതിന്റെ പ്രശ്‌നം. കോൺഗ്രസിലെ കടുത്ത ഗ്രൂപ്പ് രാഷ്ട്രീയവും ഇതിന് പാരയായി.
എന്നാൽ നവകേരള സദസ്സിൽ സ്ഥിതി മറിച്ചാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്ക് എല്ലാവിധ ഒരുക്കങ്ങളും ഇടപെടലുകളും നടത്തുന്നത് സി.പി.എമ്മാണ്. ഇത് യഥാർത്ഥത്തിൽ ഒരു സർക്കാർ പരിപാടിയാണെങ്കിലും ഇതിന്റെ നിയന്ത്രണം പൂർണമായും സി.പി.എമ്മിനാണ്. കേരളത്തിലങ്ങോളമിങ്ങോളം പാർട്ടി സംവിധാനങ്ങളെ പൂർണമായും ഉപയോഗപ്പെടുത്തിയാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. ഇതിന്റെ നടത്തിപ്പ് ചുമതലയുള്ള സർക്കാരിന്റെ കീഴിലുള്ള പബ്ലിക് റിലേഷൻസ് വകുപ്പിന് യഥാർത്ഥത്തിൽ പരിമിതമായ അധികാരങ്ങളേയുള്ളൂ. ബാക്കിയെല്ലാം നിർവഹിക്കുന്നത് പാർട്ടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ചലിപ്പിക്കാനായി പ്രാദേശികമായി രൂപീകരിച്ച ബൂത്ത് കമ്മിറ്റികൾക്കാണ് പ്രചാരണം നടത്തേണ്ടതിന്റെയും ഓരോ മണ്ഡലത്തിലെ പരിപാടിക്കും ആളുകളെ എത്തിക്കേണ്ടതിന്റെയും ചുമതല. കഴിഞ്ഞ കുറെ ദിവസങ്ങളായി പാർട്ടി പ്രവർത്തകർ അതിന് വേണ്ടി കൈയും മെയ്യും മറന്ന് അധ്വാനിക്കുകയാണ്. അതുകൊണ്ട് തന്നെ പരിപാടി ബഹിഷ്‌കരിക്കാൻ യു.ഡി.എഫ് തീരുമാനിച്ചെങ്കിലും ജനപങ്കാളിത്തത്തിന്റെ കാര്യത്തിൽ കുറവൊന്നുമുണ്ടാകാനിടയില്ല.
ആൾക്കൂട്ടത്തെ സൃഷ്ടിക്കുന്നതിനപ്പുറം സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കുള്ള അതൃപ്തി മാറ്റാനും അവരുടെ മനസ്സിലേക്ക് കയറിക്കൂടാനും കഴിഞ്ഞാൻ മാത്രമേ നവകേരള സദസ്സിന് പ്രസക്തിയുള്ളൂ. അല്ലാത്ത പക്ഷം മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന രാഷ്ട്രീയ കവല പ്രസംഗം മാത്രമായി ഇത് അവസാനിക്കും. കാലിയായിക്കൊണ്ടിരിക്കുന്ന ഖജനാവിൽ നിന്ന് കുറെ പണം കൂടി നഷ്ടപ്പെടുമെന്നല്ലാതെ മറ്റു പ്രയോജനമൊന്നും ഉണ്ടാകില്ല.
ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് നേരിട്ട് പരിഹാരം കാണാനുള്ള വലിയ അവസരമൊന്നും നവകേരള സദസ്സിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ മനസ്സിലാകുന്നത്. പരാതിയുള്ളവർക്ക് അത് എഴുതി നൽകാനുള്ള വിവിധ വകുപ്പുകളുടെ കൗണ്ടറുകൾ നവകേള സദസ്സ് നടക്കുന്ന ഓരോ മണ്ഡലത്തിലും ഉണ്ടായിരിക്കും. പരാതിയുള്ളവർക്ക് ഇവിടെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യപ്പെടുന്ന പരാതികളിൽ പിന്നീട് എന്തെങ്കിലും അനക്കമുണ്ടാകണമെങ്കിൽ ഉദ്യോഗസ്ഥർ തന്നെ വിചാരിക്കണം. അതായത് പതിവു സർക്കാർ ഓഫീസുകളുടെ ചുറ്റുവട്ടങ്ങൾക്കപ്പുറം നവകേരള സദസ്സിൽ മറ്റൊന്നും സംഭവിക്കില്ലെന്നർത്ഥം. ജനങ്ങളുടെ ആവലാതികൾ പരിഹരിക്കലല്ല നവകേരള സദസ്സിന്റെ മുഖ്യലക്ഷ്യമെന്ന് സർക്കാരിന്റെയും സി.പി.എമ്മിന്റെയും ഇടപെടലുകളിൽ തന്നെ വ്യക്തമാണ്. 
ഓരോ മണ്ഡലത്തിലും പൊതുജനങ്ങളുടെ വളരെ അത്യാവശ്യമായി പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അക്കാര്യങ്ങൾ മാത്രം പരാതിയായി ഉന്നയിച്ചാൽ മതിയെന്നാണ് പാർട്ടി പ്രാദേശിക നേതൃത്വത്തിന് കിട്ടിയിട്ടുള്ള നിർദേശം. അതായത് ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് പരിഹരിക്കാനല്ല മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കൂട്ടത്തോടെ നാടു ചുറ്റുന്നത്.  മറിച്ച് ജനങ്ങളുമായി സംവാദം നടത്തി അവരുടെ അഭിപ്രായങ്ങൾക്കനുസരിച്ച് ഭരണ രീതിയിൽ മാറ്റങ്ങൾ വരുത്താനാണ് കോടികൾ മുടക്കിയുള്ള ഊരു ചുറ്റലെന്ന് നവകേരള സദസ്സിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ തന്നെ പറയുന്നുണ്ട്. അവിടെയാണ് ഇത് പ്രഹസനമായി മാറുന്നത്. ഭരണത്തെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയുന്നതിന് ഖജനാവിൽ നിന്ന് കോടികൾ പൊടിച്ച് ഇത്തരത്തിലൊരു മാമാങ്കം നടത്തേണ്ട കാര്യമില്ല. ഓരോ വ്യക്തിയെയും നേരിട്ട് സമീപിച്ച് അഭിപ്രായങ്ങൾ അറിയുന്നതിന് താഴേത്തട്ട് വരെ പാർട്ടിക്ക് എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്ന സംവിധാനമുണ്ട്. ഖജനാവിൽ നിന്ന് അഞ്ച് പൈസ മുടക്കില്ലാതെ കാര്യം നടക്കും. എന്നാൽ അതൊന്നുമല്ല സർക്കാരിന്റെ മുന്നിലുള്ള വിഷയം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിക്കഴിഞ്ഞു. കഴിഞ്ഞ തവണ കിട്ടിയ ഏക സീറ്റും നഷ്ടപ്പെട്ടാൽ ഇത്തവണ സംപൂജ്യരാകും. വലിയ നേട്ടങ്ങൾ അവകാശപ്പെടാനാകില്ലെങ്കിലും പറഞ്ഞു നിൽക്കാൻ ഏതാനും സീറ്റുകൾ ഉറപ്പിച്ചേ മതിയാകൂ. അതിനുള്ള ഒരു ഗിമ്മിക്കായി മാത്രമാണ് നവകേരള സദസ്സ് ആസൂത്രണം ചെയ്തിട്ടിട്ടുള്ളത്. അതിനപ്പുറമുള്ള മലമറിക്കലൊന്നും നവ കേരള സദസ്സിൽ ഉണ്ടാകില്ലെന്ന് ചുരുക്കം.

Latest News