Sorry, you need to enable JavaScript to visit this website.

റിയാദ് വിമാനത്താവളം നാൽപതിന്റെ നിറവിൽ

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണ ജോലികളുടെ പുരോഗതി അക്കാലത്ത് റിയാദ് ഗവർണറായിരുന്ന സൽമാൻ രാജാവ് നേരിട്ട് വിലയിരുത്തുന്നു.

റിയാദ് - റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം നാൽപതിന്റെ നിറവിൽ. 1983 നവംബർ 17 ന് ഫഹദ് രാജാവാണ് കിംഗ് ഖാലിദ് എയർപോർട്ട് ഉദ്ഘാടനം ചെയ്തത്. അഞ്ചു വർഷമെടുത്താണ് വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. റിയാദിലെ പുതിയ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അന്ന് കിരീടാവകാശിയായിരുന്ന അബ്ദുല്ല രാജാവും സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനും റിയാദ് ഗവർണറായിരുന്ന സൽമാൻ രാജാവും വിദേശ രാജ്യങ്ങളുടെ മന്ത്രിമാരും നേതാക്കളും ഗൾഫ് രാജ്യങ്ങളിലെ ഗതാഗത മന്ത്രിമാരും അടക്കമുള്ളവർ പങ്കെടുത്തു. കിംഗ് ഖാലിദ് എയർപോർട്ടിന്റെ നിർമാണ ഘട്ടങ്ങൾക്ക് അക്കാലത്ത് റിയാദ് ഗവർണറായിരുന്ന സൽമാൻ രാജാവാണ് നേരിട്ട് മേൽനോട്ടംവഹിച്ചത്. 1983 നവംബർ 17 ന് രാവിലെ 11.40 ന് ആണ് ഫഹദ് രാജാവ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ ടി.വി സ്‌ക്രീനുകളിലൂടെ സൗദി ജനത തത്സമയം വീക്ഷിച്ചു. 
അക്കാലത്ത് നിലവിലുണ്ടായിരുന്ന ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയാണ് വിമാനത്താവളം നിർമിച്ചത്. റിയാദിൽ ജനവാസ കേന്ദ്രത്തലായിരുന്ന പഴയ എയർപോർട്ടിനു പകരമാണ് കിംഗ് ഖാലിദ് വിമാനത്താവളം നിർമിച്ചത്. ജനവാസ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്നത് പഴയ വിമാനത്താവളത്തിന്റെ വികസനത്തിന് പ്രതിബന്ധമായിരുന്നു. എയർപോർട്ടിന്റെ പരിമിതമായ വിസ്തൃതിയും വെല്ലുവിളിയായിരുന്നു. 
ഹെൽമുത് ഒബാട്ട കസബാവം (എച്ച്.ഒ.കെ) കമ്പനിയാണ് പുതിയ വിമാനത്താവളത്തിന്റെ രൂപകൽപന തയാറാക്കിയത്. നിർമാണ ജോലികൾ ബെച്റ്റൽ കമ്പനി പൂർത്തിയാക്കി. 1,100 കോടി റിയാൽ ചെലവഴിച്ച് നിർമിച്ച കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ട് വിസ്തൃതിയുടെ കാര്യത്തിൽ അക്കാലത്തെ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായി മാറി. 225 ചതുരശ്ര കിലോമീറ്ററായിരുന്നു എയർപോർട്ടിന്റെ വിസ്തൃതി. 


മരുഭൂമധ്യത്തിലെ മരുപ്പച്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ആശയത്തിൽ നിന്നാണ് വിമാനത്താവളത്തിന്റെ രൂപകൽപന തയാറാക്കിയത്. എയർപോർട്ട് കോംപൗണ്ടിലേക്ക് ആവശ്യമായ ചെടികളും വൃക്ഷത്തൈകളും ലഭ്യമാക്കാൻ വേണ്ടി 1981 ൽ 1,60,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ പ്രത്യേക നഴ്‌സറി സ്ഥാപിച്ചിരുന്നു. 1983 ഓടെ വിമാനത്താവളത്തിന്റെ നിർമാണ ജോലികൾ ഏറെക്കുറെ പൂർത്തിയായി. 14,000 ലേറെ തൊഴിലാളികൾ എയർപോർട്ട് നിർമാണ ജോലികളിൽ പങ്കാളികളായി. 15.3 കോടി മണിക്കൂർ തൊഴിൽ സമയമയമെടുത്താണ് നിർമാണ ജോലികൾ പൂർത്തിയാക്കിയത്. 
ഉദ്ഘാടനം ചെയ്തതോടെ റിയാദ് വിമാനത്താവളത്തിൽ സർവീസുകൾ ക്രമാനുഗതമായി വർധിച്ചുവന്നു. ഉദ്ഘാടനം ചെയ്ത് രണ്ടു വർഷത്തിനു ശേഷം 1985 ൽ റിയാദ് എയർപോർട്ടിൽ 57,000 വിമാന സർവീസുകളാണ് നടന്നത്. കഴിഞ്ഞ കൊല്ലം സർവീസുകൾ 2,23,000 ലേറെയായി ഉയർന്നു. 1985 ൽ 64 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. കഴിഞ്ഞ കൊല്ലം യാത്രക്കാരുടെ എണ്ണം മൂന്നു കോടിയോളമായി ഉയർന്നു. 
2016 വരെയുള്ള കാലത്ത് റിയാദ് എയർപോർട്ടിന്റെ മേൽനോട്ട ചുമതല ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനായിരുന്നു. 2016 ൽ സ്വകാര്യവൽക്കരണ പ്രോഗ്രാമിന്റെ ഭാഗമായി റിയാദ് എയർപോർട്ട്‌സ് കമ്പനി സ്ഥാപിച്ച് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കമ്പനിയിലേക്ക് മാറ്റി. നിലവിൽ റിയാദ് എയർപോർട്ടിന്റെ മാനേജ്‌മെന്റ്, പ്രവർത്തിപ്പിക്കൽ, പശ്ചാത്തല സൗകര്യങ്ങളുടെ വികസനം, മറ്റു വികസന പദ്ധതികൾ എന്നിവയുടെയെല്ലാം ചുമതല റിയാദ് എയർപോർട്ട്‌സ് കമ്പനിക്കാണ്. 
നാലു പതിറ്റാണ്ടിനിടെ നിരവധി വികസന പദ്ധതികൾക്ക് റിയാദ് വിമാനത്താവളം സാക്ഷ്യം വഹിച്ചു. ലോകത്ത് ഏറ്റവുമധികം വികസനം കൈവരിച്ച വിമാനത്താവളം എന്നോണമുള്ള പുരസ്‌കാരം കഴിഞ്ഞ വർഷങ്ങളിൽ റിയാദ് വിമാനത്താവളത്തിന് ലഭിച്ചു. ലോകത്തെ ഏറ്റവും മികച്ച 100 എയർപോർട്ടുകളുടെ കൂട്ടത്തിൽ 27-ാം സ്ഥാനത്ത് റിയാദ് എയർപോർട്ട് ഈ വർഷം എത്തി. 2019 ൽ ലോകത്തെ ഏറ്റവും മികച്ച എയർപോർട്ടുകളിൽ 131 -ാം സ്ഥാനത്തായിരുന്നു റിയാദ് വിമാനത്താവളം. കഴിഞ്ഞ കൊല്ലം മധ്യപൗരസ്ത്യദേശത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ മൂന്നാം സ്ഥാനം കൈവരിക്കാനും റിയാദ് എയർപോർട്ടിന് സാധിച്ചു. 

Latest News