പാലക്കാട് - പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് ഇന്ന് മുതല്‍ സര്‍വീസ് ആരംഭിച്ച റോബിന്‍ ബസ് പലയിടങ്ങളിലായി തടഞ്ഞ് നിര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് പ്രതികാര നടപടിയുടെ ഭാഗമല്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എന്നാല്‍, യാത്ര നിയമവിരുദ്ധമല്ലെന്നും മന്ത്രി ആദ്യം പോയി നിയമം പഠിക്കട്ടെയന്നുമാണ് ഇക്കാര്യത്തില്‍ റോബിന്‍ ബസ് ഉടമ ഗിരീഷിന്റെ പ്രതികരണം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ വിവിധയിടങ്ങളില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണ് വിഷയത്തില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു രംഗത്തെത്തിയത്. നിയമം എല്ലാവരും പാലിക്കണമെന്നും ബസിനെതിരെ സ്വീകരിക്കുന്നത് പ്രതികാര നടപടിയല്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ഇന്ന് ബസ് സര്‍വീസ് ആരംഭിച്ചപ്പോള്‍ വിവിധ ജില്ലകളിലായി നാലിടങ്ങളിലാണ് ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞ് പരിശോധന നടത്തിയത്. ബസ് തടഞ്ഞ് സര്‍വീസ് മുടക്കാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ബസുടമ ഗിരീഷ് പറഞ്ഞു. പത്തനംതിട്ട, പാലാ, അങ്കമാലി, പുതുക്കാട് തുടങ്ങിയ സ്ഥലങ്ങളിലായാണ് ഉദ്യോഗസ്ഥര്‍ റോബിന്‍ ബസ് തടഞ്ഞ് പരിശോധന നടത്തിയത്. വീണ്ടും വീണ്ടും പരിശോധന തുടര്‍ന്നതോടെ ബസ് പുതുക്കാട് എത്തിയപ്പോള്‍ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ കൂവി വിളിച്ചാണ് പ്രതിഷേധിച്ചത്. തുടര്‍ച്ചയായ പരിശോധന തങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് യാത്രക്കാരും പ്രതികരിച്ചു.