മലപ്പുറം - മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും എം.എൽ.എയുമായ പി അബ്ദുൽഹമീദ് കേരളാ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗമാകുന്നതിന് മുമ്പ് അഭിപ്രായം ചോദിച്ചിരുന്നുവെന്നും സ്ഥാനം ഏറ്റെടുത്തത് പാണക്കാട് സാദിഖലി തങ്ങളുടെ അനുവാദത്തോടെയാണെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. വിഷയം യു.ഡി.എഫിൽ ചർച്ച ചെയ്യാൻ തയ്യറാണെന്നും സലാം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
യു.ഡി.എഫിന് വിരുദ്ധമായ നയം ഒരിക്കലും ലീഗ് എടുക്കില്ല. യു.ഡി.എഫിലുള്ള ആരൊക്കെ സർക്കാർ സംവിധാനത്തിൽ ഏതൊക്കെ ബോർഡിലുണ്ടെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും പി.എം.എ സലാം പറഞ്ഞു.
ലീഗ് നേതാവ് അബ്ദുൽഹമീദ് കേരള ബാങ്ക് ഡയരക്ടറായതിനെതിരെ ലീഗിലും യു.ഡി.എഫിലും കടുത്ത അഭിപ്രായ വ്യത്യാസം നിലനിൽക്കവേയാണ് പാർട്ടി ജനറൽസെക്രട്ടറിയുടെ പ്രതികരണം. ഹമീദിനെതിരെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 'ജൂതാസ്' ആണെന്ന് ചൂണ്ടിക്കാട്ടി പോസ്റ്റർ ഉയർന്നിട്ടുണ്ട്. യു.ഡി.എഫിലെ വിവിധ ഘടകകക്ഷികൾക്കും ലീഗ് തീരുമാനത്തിൽ കടുത്ത നീരസമുണ്ട്.
എന്നാൽ, മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച ഉത്തരവ് കോടതി റദ്ദാക്കിയാൽ കേരള ബാങ്ക് ഡയറക്ടർ സ്ഥാനം ഒഴിയുമെന്നും അധികാരത്തിന്റെ അപ്പക്കഷ്ണത്തിൽ തൂങ്ങില്ലെന്നുമാണ് പി അബ്ദുൽ ഹമീദ് എം.എൽ.എയുടെ നിലപാട്. തനിക്കെതിരെ ജൂതാസ് എന്ന അപകീർത്തികരമായ പോസ്റ്റർ പതിച്ചവർക്കെതിരെ നടപടി വേണമെന്നും ഹമീദ് നേതൃത്വത്തോട് ആവശ്യപ്പെട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ശക്തമായ നടപടി എടുക്കാൻ തയ്യാറാവുമോ എന്നതിൽ നേതൃത്വം പ്രതികരിച്ചിട്ടില്ല.